ലോക്കല്‍ സമ്മേളനത്തിന് പിന്നാലെ സിപിഎമ്മില്‍ പൊട്ടിത്തെറി

Monday 6 November 2017 11:00 am IST

സ്വന്തം ലേഖകന്‍ ശാസ്താംകോട്ട: പാര്‍ട്ടി ലോക്കല്‍സമ്മേളനം കൂട്ടത്തല്ലിലും പോര്‍വിളിയിലും അവസാനിച്ചതിന് പിന്നാലെ മാര്‍ക്‌സിസ്റ്റുകള്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ ശൂരനാട് തുടരുകയാണ്. കഴിഞ്ഞദിവസം പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരെ ഡിവൈഎഫ്‌ഐ പോസ്റ്റര്‍ പതിച്ചതോടെ രൂക്ഷമായ ആഭ്യന്തരപ്രശ്‌നം തെരുവുയുദ്ധത്തിന്റെ വക്കിലെത്തി. സിപിഎം ശൂരനാട് ലോക്കല്‍ കമ്മറ്റിയംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ ചന്ദ്രബാബുവിനെതിരെയാണ് ഡിവൈഎഫ്‌ഐ പതാരം ടൗണ്‍ യൂണിറ്റ് പോസ്റ്റര്‍ പതിച്ചത്. പഞ്ചായത്തംഗം എന്ന നിലയില്‍ വാര്‍ഡിന്റെ വികസനത്തിന് ചന്ദ്രബാബു ഒന്നും ചെയ്തിട്ടില്ല എന്നതാണ് പോസ്റ്ററിലെ പരാമര്‍ശം. ജനങ്ങള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി വിജയിച്ച ചന്ദ്രബാബു ഒന്നും ചെയ്യാതെ രണ്ടരവര്‍ഷം തള്ളിനീക്കിയത്രേ. ചന്ദ്രബാബുവിന്റെ വാഗ്ദാനലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയതാണ് പോസ്റ്റര്‍. ശൂരനാട് തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് അംഗമാണ് ചന്ദ്രബാബു കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിമാറി സിപിഎം ടിക്കറ്റിലാണ് ചന്ദ്രബാബു മത്സരിച്ച് ജയിച്ചത്. വിജയശേഷം ഇയാള്‍ ശൂരനാട്ടെ പ്രബലരായ വിഎസ് പക്ഷത്ത് ഉറച്ചുനിന്നത് ഔദ്യോഗികപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം നടന്ന ലോക്കല്‍ സമ്മേളനത്തില്‍ ചന്ദ്രബാബുവിനു പാര്‍ട്ടിമാനദണ്ഡം പാലിക്കാതെ ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടിയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ വിഭാഗത്തെ തഴഞ്ഞ് ചന്ദ്രബാബുവിനെ ലോക്കല്‍ കമ്മറ്റിയില്‍ അവരോധിച്ചതിനെതിരെ ഉണ്ടായ ചോദ്യംചെയ്യലാണ് ലോക്കല്‍ സമ്മേളനം അടിച്ചുപിരിയാന്‍ ഇടയാക്കിയത്. വിഎസ് വിഭാഗത്തെ പ്രബലനായ മുന്‍ പിഎസ്‌സി ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ എം.ഗംഗാധരകുറുപ്പിന്റെ വിശ്വസ്തനായ അനുയായിയാണ് ചന്ദ്രബാബു. ഈ ആനുകൂല്യത്തിന്റെ മറവില്‍ ചന്ദ്രബാബുവിനെ ലോക്കല്‍ കമ്മറ്റിയില്‍ തിരുകി കയറ്റിയതില്‍ പ്രതിഷേധിച്ച് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ സംഘം പരസ്യനടപടിക്ക് തീരുമാനിച്ചത്. നിലവില്‍ സിപിഎം ഭരിക്കുന്ന ശൂരനാട് തെക്ക് പഞ്ചായത്തില്‍ രണ്ടരവര്‍ഷത്തെ സിപിഐയുടെ ഊഴം കഴിഞ്ഞാല്‍ അടുത്ത അവസരം സിപിഎമ്മിനാണ്. സിപിഎം വനിതാ നേതാവും പിണറായി പക്ഷക്കാരിയുമായ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പുഷ്പകുമാരിയെ ഒഴിവാക്കി ചന്ദ്രബാബുവിനെ പ്രസിഡന്റാക്കാനുള്ള ഗൂഢനീക്കമാണ് ഈ ചരടുവലിക്കു പിന്നിലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. എന്തുവില കൊടുക്കേണ്ടിവന്നാലും ഗംഗാധരകുറുപ്പിന്റെ കുതന്ത്രത്തെ നേരിടുമെന്ന് ഡിവൈഎഫ്‌ഐ ശൂരനാട് ഘടകം പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു. ശൂരനാട് പടിഞ്ഞാറ് ലോക്കല്‍ സമ്മേളനം അടിച്ചുപിരിഞ്ഞ് 40 അംഗങ്ങള്‍ പുറത്ത് പോയതിനെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാനായില്ല. ഇതേ തുടര്‍ന്ന് നിലവിലുള്ള ലോക്കല്‍ സെക്രട്ടറി സോമചന്ദ്രന്‍പിള്ള തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി ശൂരനാട് ഘടകത്തില്‍ ഗംഗാധരകുറുപ്പിന്റെ ആധിപത്യം തുടര്‍ന്നാല്‍ കൂട്ടരാജിയാണ് തങ്ങളുടെ മുന്നിലെന്ന് ഡിവൈഎഫ്‌ഐ ഘടകം ഇതിനകം ജില്ലാനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.