നഗരം ചീഞ്ഞുനാറുന്നത് അപമാനം : ബിജെപി

Monday 6 November 2017 9:29 pm IST

തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് അഭിമാനിക്കുന്ന തൃശൂര്‍ നഗരം ഭരണനൈപുണ്യം തൊട്ടുതീണ്ടാത്ത സിപിഎം ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലം മാലിന്യം കുമിഞ്ഞ്കൂടി ചീഞ്ഞ് നാറുന്നത് അപമാനമാണെന്ന് ബിജെപി. മാലിന്യപ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഭരണം പിടിച്ചവര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാലിന്യ പ്രശ്‌നം അതിരൂക്ഷമായിരിക്കുകയാണ്. മാലിന്യ സംസ്‌കരണ പ്ലാന്റിനെക്കുറിച്ച് പഠിക്കാന്‍ കോര്‍പ്പറേഷന്‍ ഫണ്ട് ചെലവഴിച്ച് നേതാക്കന്മാര്‍ നാട് ചുറ്റലല്ലാതെ ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ പോലും കോര്‍പ്പറേഷന്‍ ഭരണസമിതിക്കായിട്ടില്ല. ബിജെപി ജില്ലാകമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ലാലൂരിലെ ട്രഞ്ചിംഗ് ഗ്രൗണ്ട് സ്‌പോര്‍ട്‌സ്‌കോംപ്ലക്‌സിന് വിട്ടുനല്‍കാന്‍ തീരുമാനമെടുത്തെങ്കിലും മാലിന്യ സംസ്‌കരണത്തിന് പുതിയ സ്ഥലം കണ്ടെത്താന്‍ സിപിഎം ഭരണസമിതിക്ക് സാധിച്ചിട്ടില്ല. ശക്തന്‍സ്റ്റാന്റ്, വടക്കെസ്റ്റാന്റ്, ചെമ്പൂക്കാവ്, പൂങ്കുന്നം, പടിഞ്ഞാറേച്ചിറ, അയ്യന്തോള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം കുമിഞ്ഞ്കൂടി ചീഞ്ഞ് നാറുകയാണ്. ചെമ്പൂക്കാവ് മേഖലയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളുന്നത് പതിവായിരിക്കുന്നു. വര്‍ഷക്കാല പൂര്‍വ്വനടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ പനി പിടിച്ച് നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ്കൂടി സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാവുന്ന സാഹചര്യമാണുള്ളത്. മാലിന്യംമൂലം ആഫ്രിക്കന്‍ ഒച്ചുകള്‍ ക്രമാതീതമായി പെരുകുന്നതും നഗരത്തില്‍ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തില്‍ രാജ്യത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്ന റിപ്പോര്‍ട്ടിനെ പൂര്‍ണമായി ശരിവെക്കുന്നതാണ് തൃശൂരിലെ അവസ്ഥ. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിങ്ങിനായി കൊണ്ടുപോയിരുന്നതുപോലും നിലച്ചു. മാലിന്യ സംസ്‌കരണ പ്രോജക്ട് കേന്ദ്രത്തിന് സമര്‍പ്പിച്ച് ആവശ്യമായ ഫണ്ട് നേടിയെടുത്ത് നഗരത്തിലെ മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ സിപിഎം ഭരണസമിതി സത്വര നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.