മയ്യഴി: മാഹി പാറക്കല്‍ ശ്രീകുറുമ്പ ഭഗവതിക്ഷേത്ര സമുദായ അംഗമായ പൂഴിയില്‍ നകുലന് എന്ന അനിലിനെ മാഹി തീരദേശ പോലീസ് എസ്ഐ ജയരാജന് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്രക്കമ്മറ്റി ആവശ്യപ്പെട്ടു.
മര്‍ദ്ദനത്തില്‍ ചെവിക്ക് മാരകമായി പരിക്കേറ്റ നകുലനെ മാഹി ഗവ.ആസ്പത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ശക്തമായ ആഘാതത്തെ തുടര്‍ന്ന് കര്‍ണ്ണപുടത്തിന് തകരാറ് സംഭവിച്ചതിനാല്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. കോഴിക്കോട്ടെ ആശുപത്രിയില്‍ രാത്രിയില്‍ മരുന്നു കഴിച്ച് ഉറങ്ങുകയായിരുന്ന നകുലനെ വിളിച്ചുണര്‍ത്തിയാണ് മാഹി പോലീസ് സംഘം ചോദ്യം ചെയ്തത്. മാഹി ആസ്പത്രിയില്‍ നിന്നും നല്‍കിയതിന് വിരുദ്ധമായ പ്രസ്താവനയിലാണ് പോലീസ് ഒപ്പിടുവിച്ചതെന്ന് ക്ഷേത്രക്കമ്മറ്റി ആരോപിച്ചു.
എസ്ഐയെ രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുന്നതായും കമ്മറ്റി കുറ്റപ്പെടുത്തി. എസ്ഐ ജയരാജനെ സസ്പെന്റ് ചെയ്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നത പോലീസ് അധികൃതര്‍ക്ക് ക്ഷേത്രക്കമ്മറ്റി പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: