ചെറുപുഴ: ഇരുപത്തഞ്ചാം തവണയും തുടര്‍ച്ചയായി കണ്ണൂര്‍ റവന്യൂ ജില്ലാ നീന്തല്‍ ചാമ്പ്യന്മാരായ കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ കായിക താരങ്ങള്‍ക്ക് സ്കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്കി. കണ്ണൂര്‍ റവന്യൂ ജില്ല നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത വര്‍ഷം മുതല്‍ ഇന്ന് വരെ തുടര്‍ച്ചയായ 25 വര്‍ഷവും ചാമ്പ്യന്മാരാകുക എന്നത് ഏതൊരു സ്കൂളിനേയും അസൂയപ്പെടുത്തുന്ന നേട്ടമാണ്. ഇന്നലെ (06.11.17) രാവിലെ കായികതാരങ്ങളേയും കായികാധ്യാപകന് സജി മാത്യുവിനേയും ആനയിച്ച് കോഴിച്ചാല്‍ ടൗണിലേയ്ക്ക് റാലി നടത്തി. തുടര്‍ന്ന് സ്കൂളില്‍ നടന്ന സ്വീകരണ യോഗം സി. കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുന്‍ മുഖ്യാധ്യാപകന്‍ കെ.എഫ്.അലക്സാണ്ടര്‍ സ്കൂളിന്റെ കായിക ചരിത്രം വിവരിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി.ജാനകി, ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ പി.ആര്.സുലോചന, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ വര്‍ഗീസ്, പിടിഎ പ്രസിഡന്റ് സുനില്‍ ആമ്പിലേരി, കായികാധ്യാപകന് സജി മാത്യു, മുഖ്യാധ്യാപിക കുസുമം ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു. സി.കൃഷ്ണന് എംഎല്‍എ, സി. സത്യപാലന് എന്നിവര്‍ കായിക താരങ്ങള്‍ക്ക് മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. കായികാധ്യാപകന് സജി മാത്യുവിന് ഉപഹാരം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: