റയല്‍ വിജയവഴിയില്‍

Monday 6 November 2017 11:14 pm IST

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. അടുത്തിടെ ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും പരാജയപ്പെട്ട റയല്‍ മാഡ്രിഡ് ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ലാസ് പല്‍മാസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. കാസിമിറോ, അസെന്‍സിയോ, ഇസ്‌കോ എന്നിവരാണ് റയലിനായി ഗോളുകള്‍ നേടിയത്. വിജയത്തോടെ 11 കളികളില്‍ നിന്ന് 23 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 31 പോയിന്റുള്ള ബാഴ്‌സ ഒന്നാമതും 27 പോയിന്റുമായി വലന്‍സിയ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 23 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് നാലാമത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ ആധിപത്യം പുലര്‍ത്തിയ റയലിന് പക്ഷേ, ഗോള്‍ നേടാന്‍ 41-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഒരു കോര്‍ണറിനൊടുവില്‍ കാസിമിറോഉതിര്‍ത്ത ഹെഡ്ഡറിലൂടെയാണ് റയല്‍ ലീഡ് നേടിയത്. പിന്നീട് 56-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് അസെന്‍സിയോ പായിച്ച ഇടംകാലന്‍ ഷോട്ട് ലാസ് പല്‍മാസ് വലയില്‍ കയറിയതോടെ അവര്‍ 2-0ന് മുന്നില്‍. 74-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ പാസ് സ്വീകരിച്ച് ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് ഇസ്‌കോയും നിറയൊഴിച്ചതോടെ റയലിന്റെ ഗോള്‍ പട്ടിക പൂര്‍ണ്ണം. മറ്റ് മത്സരങ്ങളില്‍ വിയ്യാറയല്‍ 2-0ന് മലാഗയെയും റയല്‍ സോസിഡാഡ് 3-1ന് ഐബറിനെയും സെല്‍റ്റ വീഗോ 3-1ന് അത്‌ലറ്റിക് ബില്‍ബാവോയെയും പരാജയപ്പെടുത്തിയപ്പോള്‍ കഴിഞ്ഞയാഴ്ച റയലിനെ അട്ടിമറിച്ച ജിറോണ 2-1ന് ലെവന്റെയെയും തകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.