ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം

Monday 6 November 2017 11:11 pm IST

ഭോപ്പാല്‍: അറുപത്തിമൂന്നാമത് ദേശീയ സ്‌കൂള്‍ കായികമേളയിലെ ജൂനിയര്‍ വിഭാഗം പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഭോപ്പാലിലെ ഗോരെഗാവ് സ്‌റ്റേഡിയത്തിലാണ് കൗമാര താരങ്ങള്‍ പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ മൂന്നായി വിഭജിച്ചശേഷമുള്ള രണ്ടാം മീറ്റാണിത്. തുടര്‍ച്ചയായ പത്തൊന്‍പതാം കിരീടം ലക്ഷ്യമിട്ടാണ് കേരളത്തിന്റെ കൗമാരതാരങ്ങള്‍ ഭോപ്പാലിലെത്തിയിട്ടുള്ളത്. 25 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളുമാണ് ഇക്കുറി കേരളസംഘത്തില്‍. പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ പിന്മാറി. റിലേ ടീമില്‍ അംഗമായിരുന്ന കെ.ആര്‍. ആര്‍ദ്രയും ഹൈജമ്പ് താരം കെ.എച്ച്. സാഹിലയുമാണ് പിന്മാറിയത്. സ്പ്രിന്റില്‍ ഇരട്ടസ്വര്‍ണ്ണം നേടിയ സി. അഭിനവ്, ദീര്‍ഘദൂരയിനങ്ങളില്‍ രണ്ട് സ്വര്‍ണം സ്വന്തമാക്കിയ സി. ചാന്ദിനി എന്നിവര്‍ ഇക്കുറിയും സംഘത്തിലുണ്ട് 51 അംഗ താരങ്ങളെക്കൂടാതെ പരിശീലകരടക്കം 10 ഒഫീഷ്യല്‍സും രണ്ട് ഡോക്ടര്‍മാരും രണ്ട് പാചകക്കാരും ടീമിനൊപ്പമുണ്ട്. ജിജി ജോണ്‍ ടീം മാനേജര്‍. വനിതാ പരിശീലകരായി എന്‍.പി. ലിസി, സൂര്യമോള്‍, ശാന്തി എന്നിവരും ടീമിനൊപ്പമുണ്ട്. എന്‍.എസ്. സിജിന്‍, കെ.പി. അജയരാജ്, നന്ദഗോപാല്‍, ജിക്കു സി. ചെറിയാന്‍ എന്നിവരാണ് മറ്റ് പരിശീലകര്‍. കഴിഞ്ഞ വര്‍ഷം 12 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും 7 വെങ്കലവുമടക്കം 24 മെഡലുകള്‍ നേടിയാണ് കേരളം ഓവറോള്‍ ചാമ്പ്യന്മാരായത്. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിഭാഗത്തിലും കേരളമായിരുന്നു ജേതാക്കള്‍. ഇന്ന് ഉദ്ഘാടനം മാത്രം മത്സരക്രമത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ആദ്യദിനപരിപാടികള്‍ ഉദ്ഘാടനച്ചടങ്ങുകൊണ്ട് അവസാനിക്കും. നാളെയാണ് മത്സരങ്ങള്‍ തുടങ്ങുക. മത്സരം തുടങ്ങാന്‍ വൈകുന്നത് കേരളത്തിന്റെ കിരീടപ്പോരാട്ടത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഭീഷണിയായി. കായികമേളയുടെ സംഘാടകരായ എസ്ജിഎഫ്‌ഐയിലെ ഉന്നതാധികാരികള്‍ക്കിടയിലെ ഭിന്നിപ്പാണ് അനിശ്ചിതത്വത്തിന് കാരണം. ആറിന് തന്നെ മത്സരക്രമം തയ്യാറാകുമെന്നായിരുന്നു ആദ്യം അധികൃതര്‍ നല്‍കിയ വിവരം. എന്നാല്‍ മത്സരത്തിന് മണിക്കൂറുകള്‍ ശേഷിക്കെയും അതുണ്ടായില്ല. ഭോപാല്‍ നഗരത്തിന് സമീപത്തെ ടി ടി നഗറിലുള്ള സായി സ്‌റ്റേഡിയത്തില്‍നിന്ന് വേദി മാറ്റിയതും തര്‍ക്കംകൊണ്ടുതന്നെ. ഇക്കുറിയും സംഘാടനത്തില്‍ പിഴവ് ആവര്‍ത്തിക്കുമ്പോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന്റെ കുട്ടികള്‍ ആശങ്കയിലാണ്. ഏഴുദിവസത്തെ കഠിന പരിശീലനത്തിനുശേഷം ഭോപാലിലെത്തിയ സംഘത്തിന് കാലാവസ്ഥയിലെ വ്യതിയാനം തിരിച്ചടിക്കാന്‍ തുടങ്ങി. ആദ്യദിനം തണുപ്പും വരണ്ട കാറ്റും പ്രശ്‌നമായിരുന്നില്ല. പനിയും ഛര്‍ദ്ദിയും കേരള ക്യാമ്പിലെ ചില താരങ്ങളെ തളര്‍ത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.