യുണൈറ്റഡ് വീണു

Monday 6 November 2017 11:17 pm IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണു. ഞായറാഴ്ച വൈകി നടന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയോടായിരുന്നു 1-0ന് യുണൈറ്റഡിന്റെ തോല്‍വി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന കളിയുടെ 55-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ട ചെല്‍സിയുടെ വിജയഗോള്‍ നേടി. കഴിഞ്ഞ സപ്തംബറിനുശേഷം ലീഗില്‍ മൊറാട്ടയുടെ ആദ്യ ഗോളാണിത്. അതേസമയം സിറ്റി വിജയക്കുതിപ്പ് തുടര്‍ന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സണലിനെ തകര്‍ത്തു. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിറ്റിയുടെ പൂര്‍ണ്ണ ആധിപത്യമായിരുന്നു. കളിയുടെ 19-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിന്‍, 50-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ അഗ്യൂറോ, 74-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് എന്നിവര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടു. 65-ാം മിനിറ്റില്‍ അലക്‌സാന്ദ്രെ ലക്കാസെറ്റയുടെ വകയായിരുന്നു ആഴ്‌സണലിന്റെ ആശ്വാസം. ലീഗില്‍ ഈ സീസണില്‍ സിറ്റി പരാജയമറിയാതെ കുതിക്കുകയാണ്. കളിച്ച 11 മത്സരങ്ങളില്‍ 10ലും ജയിച്ച അവര്‍ ഒന്നില്‍ സമനില പാലിച്ചു. ഇത്രയും കളികളില്‍ നിന്ന് 31 പോയന്റുമായി അവര്‍ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 10 കളികളില്‍ നിന്ന് 23 പോയിന്റ് മാത്രമാണുള്ളത്. 23 പോയിന്റുണ്ടെങ്കിലും ടോട്ടനം മൂന്നാമതാണ്. 22 പോയിന്റുമായി ചെല്‍സി നാലാമത്. 19 പോയിന്റ് വീതമുള്ള ആഴ്‌സണലും ലിവര്‍പൂളും അഞ്ചും ആറും സ്ഥാനങ്ങളിലാണ്. മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണ്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെ തോല്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.