വിദ്യാഭ്യാസ മന്ത്രി വാക്കുപാലിക്കണം

Tuesday 7 November 2017 1:18 am IST

കേരളത്തിന് രണ്ടാം മുണ്ടശ്ശേരിയായി തൃശൂര്‍ക്കാരന്‍ രവീന്ദ്രനാഥിനെ അവരോധിച്ചപ്പോള്‍ ''കാലം മാറി കടമകള്‍ മാറി. രാഷ്ട്രീയം മാറി'' എന്ന ഉദ്‌ബോധനത്തിന്റെ ചുവടുപിടിച്ച് ഇവിടെ വിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാരില്‍നിന്ന് ഒട്ടേറെ മാറ്റങ്ങള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചു! ''ചത്തും കൊന്നും കീഴടക്കുക'' എന്ന പഴയ രാജനീതിപോലെ രക്ഷിതാക്കളില്‍നിന്ന് തോന്നിയ ഫീസ് വാങ്ങി അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും ഇഷ്ടമുള്ള നക്കാപ്പിച്ച നല്‍കി യാതൊരു തത്വദീക്ഷയുമില്ലാതെ തോന്നിയ മണിക്കൂറുകള്‍ അവരെക്കൊണ്ട് നിര്‍ബന്ധിച്ചു ജോലി ചെയ്യിക്കുക. അനുസരിക്കാന്‍ വിമുഖത കാട്ടുന്നവരെ നിര്‍ദ്ദാക്ഷിണ്യം സ്‌കൂളില്‍നിന്നു പിരിച്ചുവിടുക തുടങ്ങി കേട്ടുകേള്‍വിയില്ലാത്ത നരകതുല്യാവസ്ഥകളാണ് സംസ്ഥാനത്തെ നിരവധി അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍! ''പൊന്നും പണവും കുമിഞ്ഞവര്‍ക്ക് കൊല്ലും കൊലയും കുലാധികാരം'' എന്ന കവിവാക്യംപോലെ. പണവും രാഷ്ട്രീയ സ്വാധീനവും കൈമുതലായ അണ്‍എയ്ഡഡ് മാനേജുമെന്റുകളെ സര്‍ക്കാരുകള്‍ക്കുപോലും പേടിയാണത്രെ! അതുകൊണ്ടാണല്ലൊ ആരുമാരും അവര്‍ക്കെതിരെ ചെറുവിരലുയര്‍ത്താനോ ഒന്നൊച്ചയുണ്ടാക്കാനോ ധൈര്യപ്പെടാത്തത്? ആയിരങ്ങള്‍ അടിമകള്‍ക്ക് തുല്യം ഒരു പ്രതിഷേധ ശബ്ദംപോലും പുറപ്പെടുവിക്കാന്‍ സ്വാതന്ത്ര്യമില്ലാതെ ജോലിചെയ്യുന്നത് നാണമില്ലാതെ നോക്കിരസിക്കുകയാണ് ഇവിടെ ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയ ജനകീയ ജനാധിപത്യ സര്‍ക്കാര്‍! എന്തായാലും കേരളത്തിലെ അണ്‍എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് പലതവണ ആണയിട്ട വിദ്യാഭ്യാസ മന്ത്രി അദ്ദേഹത്തിന്റെ വാക്ക് പാലിച്ച്; അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം ഉടനെ പകരുമെന്ന് പ്രത്യാശിക്കുന്നു!

സി.പി. ഭാസ്‌കരന്‍, നിര്‍മലഗിരി, കണ്ണൂര്‍

ലേക് പാലസിലെ സിസിടിവിയില്‍!! മന്ത്രി തോമസ് ചാണ്ടി അഴിമതി നടത്തുക മാത്രമല്ല, അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും സിപിഐ അഖിലേന്ത്യാ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സിപിഎം കേന്ദ്ര സമിതി പറഞ്ഞാല്‍പ്പോലും സംസ്ഥാന സിപിഎം നേതൃത്വം നടപടിയെടുക്കില്ല. പിന്നല്ലേ, സിപിഐ സെക്രട്ടറി? ജനജാഗ്രതായാത്ര തീര്‍ന്നുകിട്ടിയതിനാല്‍ ചാണ്ടിയെ ചണ്ടിയാക്കി പുറത്തേക്കിട്ടേക്കാം. അങ്ങനെ നടന്നില്ലെങ്കില്‍ ഒന്നുറപ്പ്-ചാണ്ടിയുടെ ലേക് പാലസിലെ സിസിടിവിയില്‍ സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ ഉന്നതര്‍ക്കെതിരായി, പൊതുജനം കാണാന്‍ പാടില്ലാത്ത എന്തെല്ലാമോ ഒളിഞ്ഞിരിപ്പുണ്ട്. അല്ലെങ്കില്‍ കളക്ടര്‍വരെ കുറ്റക്കാരനെന്ന് തെളിവുനല്‍കി ഒരു മന്ത്രിയെ സംരക്ഷിക്കാന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഇത്രയും പഴി കേള്‍ക്കുമോ? അതോ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമമോ? ഈ മന്ത്രിസഭയില്‍നിന്ന് പുറത്തുപോയ രണ്ടുപേര്‍ ഭൂരിപക്ഷ സമുദായത്തില്‍നിന്നുള്ളവരായിരുന്നല്ലോ ജയരാജനും ശശീന്ദ്രനും. അതുപോലല്ലല്ലോ ന്യൂനപക്ഷക്കാരനായ ഒരു മന്ത്രിയെ പുറത്താക്കുന്നത്-വോട്ടുബാങ്കില്‍ വിള്ളല്‍ വരുത്തിയാലോ?

രാമചന്ദ്രന്‍ പാണ്ടിക്കാട്, മഞ്ചേരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.