വികസന ശ്രമങ്ങളെ ചുട്ടെരിക്കരുത്

Tuesday 7 November 2017 1:27 am IST

പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന സമരം സംബന്ധിച്ച് ഇന്നലെ കോഴിക്കോട്ട് വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പൂര്‍ണ്ണമായും വിജയിക്കാത്തത് ആശങ്കകള്‍ ഉണര്‍ത്തുന്നു. ചര്‍ച്ചയില്‍ സമവായം ഉണ്ടാകേണ്ടത് കേരളത്തിന്റെ വികസന ആവശ്യമാണ്. എന്നാല്‍ യുഡിഎഫ് നേതാക്കളുടെയും ചില ജനപ്രതിനിധികളുടെയും രാഷ്ട്രീയ താല്‍പര്യം കാര്യങ്ങള്‍ തകിടംമറിച്ചിരിക്കുകയാണ്. ലോകത്ത് വിവിധ രാജ്യങ്ങളിലും, ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും പ്രയോഗത്തിലിരിക്കുന്ന പ്രകൃതിവാതക പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് കേരളത്തിലെ ചില കേന്ദ്രങ്ങളില്‍ മാത്രം എതിര്‍പ്പുയരുന്നത്? കേരളത്തെ കത്തിച്ചാമ്പലാക്കുന്ന തീ ബോംബ് എന്ന് പ്രചരിപ്പിച്ചാണ് സമരം നടക്കുന്നത്. ഭൂ ഉടമകളേയും നാട്ടുകാരേയും സംഘടിപ്പിച്ച് ചിലര്‍ നടത്തുന്ന സമരം നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. കോര്‍പ്പറേറ്റുകള്‍ എന്ന ഗണത്തില്‍പ്പെടുത്തി ഗെയ്‌ലിനെ വിചാരണയ്ക്ക് വിധേയമാക്കുമ്പോള്‍ ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയുള്ള ഗെയ്‌ലിന്റെ പദ്ധതി നേട്ടങ്ങളെ കാണാതിരുന്നുകൂടാ. എന്നാല്‍ മൗദൂദിയന്‍ ആശയ സംഹിതയുടെ ജനിതക ഘടനയില്‍ പിറവികൊണ്ട സംഘടനകള്‍ പല പേരുകളിലായി ഈ പദ്ധതിക്കെതിരെ യുദ്ധത്തിലാണ്. ഇപ്പോള്‍ തങ്ങള്‍ പദ്ധതിക്കെതിരല്ല, ജനവാസ മേഖലകള്‍ ഒഴിവാക്കണം എന്നു പറയുന്നുണ്ടെങ്കിലും തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ തെരുവിലിറക്കുകയും, അക്രമാസക്തമായ സമരമാര്‍ഗങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കുകയുമാണ് ഇവര്‍. പദ്ധതിയെ ഒരു ഭാഗത്ത് എതിര്‍ക്കുകയും, മറുഭാഗത്ത് അതിന്റെ ഗുണംപറ്റുകയും ചെയ്യുന്ന കാപട്യത്തിന്റെയും ഇരട്ടത്താപ്പിന്റെയും മുഖമാണ് അനാവരണം ചെയ്യപ്പെടുന്നത്. ഗെയ്‌ലിന്റെ പൈപ്പ് സൂക്ഷിക്കുന്നതിന് 'ജമാ അത്തെ ഇസ്ലാമി'യുടെ ട്രസ്റ്റ് പ്രതിമാസം 2.6 ലക്ഷം രൂപ കൈപ്പറ്റുകയാണെന്ന വിവരം പുറത്തുവന്നപ്പോഴാണ് ഞങ്ങള്‍ ഗെയ്‌ലിന് എതിരല്ല, ജനവാസമേഖലയിലൂടെയുള്ള പദ്ധതിക്കാണ് എതിരെന്ന കരണംമറിച്ചില്‍. പ്രതിപക്ഷത്തുള്ളപ്പോള്‍ സമരത്തിനിറങ്ങിയ സിപിഎം ഇന്ന് ഗെയ്ല്‍ പദ്ധതിക്ക് അനുകൂലമായാണ് നിലപാടെടുത്തിട്ടുള്ളത്. എന്നാല്‍ സമരക്കാരോടൊപ്പവും ഭരണക്കാരോടൊപ്പവും എന്ന ഇരട്ട സമീപനമാണ് സിപിഎമ്മും കൈക്കൊള്ളുന്നത്. പ്രാദേശികമായി സമരനേതൃത്വത്തില്‍ സിപിഎം നേതാക്കളുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അതേസമയം ഏത് എതിര്‍പ്പിനെ അവഗണിച്ചും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നത് കേരളത്തിന്റെ സിപിഎമ്മുകാരനായ മുഖ്യമന്ത്രി തന്നെയാണ്! തരംതാണ അടവ് രാഷ്ട്രീയമാണ് സിപിഎം കൈക്കൊള്ളുന്നത്. തങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് കഴിയാതെ പോയ പദ്ധതിക്കെതിരെ അണിനിരക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. വിഘടനവാദ-തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ശൈലികളും രീതികളും ഒറ്റയടിക്ക് അടിച്ചേല്‍പ്പിക്കാനാവില്ലെന്ന ധാരണയില്‍നിന്നാണ് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുവെന്ന വ്യാജ പ്രതീതിയുണ്ടാക്കി മതതീവ്രവാദികള്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനിറങ്ങുന്നത്. മതപരവും പ്രാദേശികവുമായ വികാരങ്ങള്‍ ആളിക്കത്തിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ ചെറുത്തുനിന്നേ പറ്റൂ. ഈ സാഹചര്യത്തിലാണ് പ്രശ്‌നം രമ്യമായി പരിഹരിക്കേണ്ട സാഹചര്യം സുപ്രധാനമാകുന്നത്. എന്നാല്‍ അതുണ്ടായില്ലെന്നത് രാഷ്ട്രീയ നേതാക്കളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.