സിനിമയെ രക്ഷിക്കേണ്ടത് സിനിമാക്കാരില്‍ നിന്ന്

Tuesday 7 November 2017 11:01 am IST

സിനിമയെ ആരില്‍ നിന്നുമാണ് രക്ഷിക്കേണ്ടതെന്ന് സിനിമാക്കാര്‍ക്കുംപോലും അറിയില്ല. എന്തായാലും പ്രേക്ഷകനില്‍ നിന്നല്ല. പ്രേക്ഷകന്‍ ഇല്ലെങ്കില്‍ സിനിമയുമില്ല.എന്നാല്‍ സിനിമാക്കാരില്‍ നിന്നുമാണ് സിനിമയെ രക്ഷിക്കേണ്ടത് എന്നുള്ള സത്യം സിനിമാക്കാര്‍ തന്നെ മറച്ചുവെക്കുന്നു. സിനിമ നിര്‍മിക്കുന്നവര്‍ തന്നെ അതിനെ കൊന്നു കൊലവിളിച്ചിട്ട് ആരുടേയെങ്കിലും തലയില്‍ കെട്ടിവെച്ചിട്ടു കാര്യമുണ്ടോ. ഈയിടെ ഇറങ്ങിയ ഒരു സൂപ്പര്‍താര ചിത്രത്തെക്കുറിച്ച് രണ്ടുതരം അഭിപ്രായങ്ങളുണ്ട്. അതിന്റെ സംവിധായകന്‍ പറയുന്നത് താരങ്ങള്‍ അവരുടെ ഫാന്‍സുകാരെ പറഞ്ഞു മനസിലാക്കണമെന്നാണ്! ഇതില്‍നിന്നും മനസിലാക്കേണ്ടതു സംവിധായകനെ ഫാന്‍സുകാര്‍ നല്ല സരസ്വതി പറഞ്ഞു പൊളിച്ചുകാണും എന്നാണ്. ഫാന്‍സുകാര്‍ ഉള്ളതുകൊണ്ടുകൂടിയാണ് പല സിനിമകളും വിജയിക്കുന്നത്. ഫാന്‍സ് എന്നത് പതിറ്റാണ്ടുകളായി നില്‍ക്കുന്ന ഒരു യാഥാര്‍ഥ്യവും സാന്നിധ്യവുമാണ്. അതിനെ തകര്‍ത്തോ ഇല്ലെന്നു നടിച്ചോ സിനിമ ചെയ്യാനാവില്ല. സിനിമ ചെയ്യും മുന്‍പ് സിനിമാക്കാര്‍ വിജയത്തെക്കുറിച്ചു കണക്കുകൂട്ടുന്നതില്‍ പല ഘടകങ്ങളുമുണ്ട്. അതില്‍ പ്രധാനമൊരു ഘടകം തന്നെയാണ് ഫാന്‍സ്. ഫാന്‍സുകാരുടെ ആളോഹരി പങ്കാളിത്തത്തെക്കുറിച്ച് സിനിമാക്കാര്‍ നേരത്തെ കണക്കുകൂട്ടല്‍ നടത്തും. ഇത്ര ഫാന്‍സുകാര്‍ കേറിയാല്‍തന്നെ ആശ്വാസമാകുമെന്നാണ് സിനിമാക്കാരുടെ സാധാരണ പറച്ചില്‍. അതു ശരിയാണുതാനും. ഇഷ്ട താരങ്ങളുടെ സിനിമയ്ക്ക് വലിയ മുന്‍ പരസ്യം സൃഷ്ടിക്കുന്നുണ്ട് ഫാന്‍സുകാര്‍. ദിലീപിന്റെ രാമലീലയ്ക്കുവേണ്ടി മരിക്കാന്‍പോലും തയ്യാറാണെന്നുവരെ പറഞ്ഞ ഫാന്‍സുകാരുണ്ട്. ഈ സിനിമയ്ക്കു വലിയ സുരക്ഷയും ഇവരായിരുന്നു. അതുപോലെ ഇപ്പോള്‍ പറഞ്ഞ സംവിധായകന്റെ ചിത്രത്തിനും നൂറുകണക്കിനു ഷോയാണ് ഫാന്‍സിനുവേണ്ടിമാത്രം കളിച്ചത്. അതുകൊണ്ട് ഫാന്‍സിനെയല്ല ബോധവല്‍ക്കരിക്കേണ്ടത്. സിനിമാക്കാരാണ് സ്വയംബോധവല്‍ക്കരിക്കേണ്ടത്. സിനിമ ഇറങ്ങുന്നതിനു മുന്‍പുതന്നെ ആനയാണ് കുതിരയാണ് ചേനയാണെന്നു പറഞ്ഞിട്ട് കാണുമ്പോള്‍ കുഴിയാനപോലുമാകാതിരിക്കുമ്പോള്‍ ഫാന്‍സുകാര്‍ സിനിമാക്കാരെ വിളിച്ചു പുളിച്ചതു തന്നെ പറഞ്ഞെന്നുവരാം. സൂപ്പര്‍ താരത്തിന്റെ അഭിനയം ക്‌ളാസാണെന്നാണ് അഭിപ്രായം. സൂപ്പര്‍ താരത്തെകൊണ്ടുമാത്രം രക്ഷപെടുന്നതല്ലല്ലോ സിനിമ. അതിനു പലചേരുവലുണ്ട്. അതില്ലാതെപോയി. സിനിമയെ രക്ഷിക്കേണ്ടത് യഥാര്‍ഥത്തില്‍ സിനിമാക്കാരില്‍നിന്നു തന്നെയാണ്. കണ്ണീക്കണ്ടവന്റെ പണംകൊണ്ട് സിനിമ പിടിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം സിനിമാക്കാര്‍ക്കുവേണം. ആ ഉത്തരവാദിത്തത്തില്‍ പണിയെടുപ്പിക്കാന്‍ നിര്‍മാതാവിനു കഴിയണം.സിനിമ കളമാത്രമല്ല കച്ചവടംകൂടിയാണ്. കച്ചവടത്തിനു ലാഭം വേണം കുറഞ്ഞപക്ഷം നഷ്ടംവരാതെ നോക്കണം. ചുരുക്കിപ്പറഞ്ഞാല്‍ പ്രേക്ഷകന്‍ കയറുന്നതാകണം സിനിമ.സിനിമാക്കാരന്‍ പറയുന്നതുമാത്രമല്ല നല്ല പടം. പ്രേക്ഷകന്‍ തീരുമാനിക്കുന്നതാണ്.