ശൂരനാട്ട് സിപിഎമ്മില്‍ കലാപം രൂക്ഷം

Tuesday 7 November 2017 2:23 pm IST

കുന്നത്തൂര്‍: വിഭാഗീയതയും ചേരിതിരിവും രൂക്ഷമായ സിപിഎം ശൂരനാട് ഏരിയാ കമ്മിറ്റികളുടെ കീഴിലുള്ള ലോക്കല്‍കമ്മിറ്റികളില്‍ കലാപം രൂക്ഷമാകുന്നു. വിഎസ് പക്ഷത്തിന് ഏറെ സ്വാധീനമുള്ള ഇവിടെ പിണറായിപക്ഷത്തിന് കറിവേപ്പിലയുടെ സ്ഥാനം മാത്രമാണ് നല്‍കുന്നതെന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഇരുപക്ഷവും തമ്മിലുള്ള വിഴുപ്പലക്കലും പോര്‍വിളിയും കയ്യാങ്കളിയും പലപ്പോഴും പ്രദേശത്തെ സമാധാന അന്തരീക്ഷത്തിനു പോലും ഭീഷണിയായി മാറുന്നു. ശൂരനാട് മേഖലയില്‍ സിപിഎം ലോക്കല്‍ സമ്മേളനമെന്നു കേട്ടാല്‍ പോലും ജനങ്ങള്‍ക്ക് ഇപ്പോള്‍ ഭയമാണ്. ഇന്നലെ നടന്ന ശൂരനാട് തെക്ക് കിഴക്ക് ലോക്കല്‍ സമ്മേളനവും കലാപക്കൊടി ഉയര്‍ത്തിയാണ് അവസാനിച്ചത്. എല്‍സി സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ പോലും കഴിയാതിരുന്ന ശൂരനാട് തെക്ക് പടിഞ്ഞാറ് ലോക്കല്‍ സമ്മേളനത്തിനു സമാനമായ സംഭവവികാസങ്ങളാണ് ഇവിടെയും അരങ്ങേറിയത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും അടുത്തിടെ സിപിഎമ്മിലെത്തിയ കെ.കെ.ഡാനിയേലിനെ പ്രസിഡീയത്തില്‍ പങ്കെടുപ്പിച്ചത് അംഗങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് ബഹളത്തിനു തുടക്കം കുറിച്ചത്. കര്‍ഷക സംഘത്തിന്റെ ഭാരവാഹിയായ ഇദ്ദേഹത്തെ അര്‍ഹതയില്ലാത്ത സ്ഥാനത്ത് ഇരുത്തിയതായി ആരോപിച്ച് രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശനം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ പഞ്ചായത്തംഗവുമായ എം.ശിവശങ്കരപിള്ള, ജില്ലാ കമ്മിറ്റിയംഗവും മുന്‍ പിഎസ്‌സി ചെയര്‍മാനുമായ എം.ഗംഗാധരകുറുപ്പ്, ഏരിയാ സെക്രട്ടറി പി.ബി.സത്യദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ജില്ലാ കമ്മിറ്റിയംഗം എം.ശിവശങ്കരപ്പിള്ള അവതരിപ്പിച്ച പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മത്സരം ആവശ്യമാണെന്നും അംഗങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതിനിടെ കരിപ്പോന ബ്രാഞ്ച് അംഗം ശ്രീകുമാര്‍ മത്സരിക്കാന്‍ രംഗത്തെത്തി. നിലവിലെ എല്‍സി കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ട വിജയന്‍പിള്ള ഇദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കുകയും രാജേഷ് പിന്താങ്ങുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇത് വാക്‌പ്പോരിന് ഇടയാക്കി. ജനാധിപത്യപരമായ പാനലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അംഗീകരിക്കണമെന്നും എം.ശിവശങ്കരപിള്ള ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. ഏതെങ്കിലും പാര്‍ട്ടിഅംഗം മത്സരിക്കാന്‍ തയ്യാറായി എത്തിയാല്‍ മത്സരം തന്നെ നടത്തണമെന്നതാണ് സിപിഎം നയം. എന്നാല്‍ ഇത് ശൂരനാട് തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് എല്‍സികളില്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് ആയിക്കുന്നം പടിഞ്ഞാറ്, കരിപ്പോന, ഇട്ടേക്കല്‍ അടക്കമുള്ള അഞ്ച് ബ്രാഞ്ച് കമ്മിറ്റികള്‍ സമ്മേളനം ബഹിഷ്‌ക്കരിക്കുകയായിരുന്നു. വിഎസ് പക്ഷത്തിന് സ്വാധീനമുള്ള ചെറിയ ബ്രാഞ്ചുകളില്‍ നിന്ന് ആവശ്യത്തിലധികം അംഗങ്ങളെ കുത്തിനിറച്ചിട്ടും വലിയ ബ്രാഞ്ചുകളില്‍ നിന്നും ഒരാളെ പോലും ഉള്‍പ്പെടുത്താന്‍ നേതൃത്വം തയ്യാറാകാതിരുന്നത് രൂക്ഷമായ എതിര്‍പ്പിന് ഇടയാക്കി. അതിനിടെ ശൂരനാട് തെക്ക് പടിഞ്ഞാറ് എല്‍സിയിലെ സംഭവ വികാസത്തിന്റെ പശ്ചാത്തലത്തില്‍ അതുല്‍മോഹനന്‍, മിഥുന്‍ എന്നീ രണ്ട് ഡിഫി പ്രവര്‍ത്തകരെ തെക്ക് കിഴക്ക് എല്‍സിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. രൂക്ഷമായ വാക്കേറ്റത്തിനും ബഹിഷ്‌ക്കരണത്തിനുമൊടുവില്‍ പിണറായി പക്ഷത്തുനിന്നും വിഎസ് പക്ഷത്തേക്ക് മറുകണ്ടം ചാടിയ ശിവപ്രസാദ് സെക്രട്ടറിയാകുകയും ചെയ്തു. അഡ്വ.കെ.സോമപ്രസാദ് എംപിയുടെയും ഇ.കാസിമിന്റെയും അടുപ്പക്കാരനായിരുന്ന ശിവപ്രസാദ് സെക്രട്ടറിയാകുകയെന്ന ലക്ഷ്യത്തോടെയാണ് മറുകണ്ടം ചാടിയത്. ഇതിനാല്‍ സോമപ്രസാദിന്റെയും കാസിമിന്റയും ശത്രുപാളയത്തിലാണ് ഇപ്പോള്‍ ശിവപ്രസാദിന്റെ സ്ഥാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.