കുന്നത്തൂര്‍: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഒഴിപ്പിച്ചെടുത്ത ചക്കുവള്ളി പരബ്രഹ്മക്ഷേത്രഭൂമി, മതില് കെട്ടി സംരക്ഷിക്കുന്നത് തടസപ്പെടുത്തുന്ന പഞ്ചായത്തുകള്‍ക്കെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് കാണിച്ച് സിപിഎം ഭരണത്തിന്‍കീഴിലുള്ള ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകള്‍ മതില് കെട്ടുന്നത് തടഞ്ഞുകൊണ്ട് ദേവസ്വം ബോര്‍ഡിന് ഉത്തരവ് നല്‍കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്തുകള്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും സമര്‍പ്പിച്ചു. അതിനുശേഷം മാസം ഒന്നായിട്ടും അനുമതി നല്‍കാതെ ഇരിയ്ക്കുകയാണ് പഞ്ചായത്ത്. സിപിഎം ഭരണസമിതികളുടെ ഈ നടപടിക്കെതിരെയാണ് ബിജെപി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ന്യൂനപക്ഷ പ്രീണനമാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നതെന്നും ക്ഷേത്രഭൂമി ഇനിയും കൈയ്യേറാന്‍ അവര്‍ ഒത്താശ ചെയ്യുകയാണെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ആര്.രാജേന്ദ്രന് പിള്ള ആരോപിച്ചു. ബിജെപി ജില്ലാ നേതാക്കളെ കൂട്ടി പഞ്ചായത്ത് ഓഫീസുകളിലെത്തി വിവരം ആരായുമെന്നും അനുമതി ലഭിക്കാത്തപക്ഷം ഈയാഴ്ച തന്നെ ഉപരോധം അടക്കമുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: