അനുഗ്രഹദായിനി കാട്ടില്‍ മേക്കതില്‍ ദേവി

Tuesday 7 November 2017 8:49 pm IST

പൊന്മനയ്ക്ക് അനുഗ്രഹത്തിന്റെയും അഴകിന്റെയും പ്രൗഢിയുടെയും മൂര്‍ത്തീഭാവമായി വിളിപ്പുറത്തമ്മയായി ശതകോടി സൂര്യപ്രഭയോടെ വിരാജിക്കുന്ന കാളീക്ഷേത്രമാണ് പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീ ക്ഷേത്രം. അമ്മയുടെ അനുഗ്രഹത്തിനായി ആയിരക്കണക്കിനു കുടുംബങ്ങള്‍ ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കുന്നു. കൊല്ലം ചവറയ്ക്കടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ക്ഷേത്ര ഐതിഹ്യം മനകളുടെ നാടായ പന്മനയുടെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ കടലിനും കായലിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയവും വശ്യമനോഹരവുമായ ഗ്രാമപ്രദേശമാണ് പൊന്മന. ആദിപരാശക്തിയുടെ സമസ്തഭാവങ്ങളും ഒത്തുചേര്‍ന്ന് സര്‍വ്വചരാചരങ്ങള്‍ക്കും നാഥയായി അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് സര്‍വ്വാഭീഷ്ടവരദായിനിയും സര്‍വ്വവദുരിത നിവാരിണിയും സര്‍വ്വൈശ്വര്യപ്രദായിനിയുമായ ശ്രീ ഭദ്രാ ഭഗവതിവാണരുളുന്നു. എ.ഡി 1200 വരെ പൊന്മന ഒരു തുറമുഖ പ്രദേശമായിരുന്നു. പൗരാണിക ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് പണ്ട് ക്ഷേത്ര പരിസരത്തായി മൂന്ന് പനകളും രണ്ട് കുളങ്ങളും ഉണ്ടായിരുന്നു. ശുദ്ധമായ ജലം ലഭിച്ചിരുന്ന ഈ കുളങ്ങളിലൊന്ന് ക്ഷേത്രത്തോട് ചേര്‍ന്ന് ക്ഷേത്രാവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്നതും മറ്റൊന്ന് ക്ഷേത്ര പരിസരത്ത് തന്നെ പൊതുജനങ്ങള്‍ ഉപയോഗിച്ചിരുന്നതുമാണ്. അതിന്റെ പിന്‍തുടര്‍ച്ചയെന്നോണം ഇപ്പോഴും അഞ്ചുകിണറുകളും ഒരു പനയും ക്ഷേത്ര പരിസരത്ത് കാണാം. എ.ഡി.1781 ല്‍ പൗര്‍ണ്ണമിയും പുഷ്യനക്ഷത്രവും ചേര്‍ന്നു വന്ന പൗഷമാസത്തിലെ പൂയം നാളില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഓടനാട് രാജാവിനെ സന്ദര്‍ശിച്ച് വഞ്ചിമാര്‍ഗ്ഗം മടങ്ങിവരവെ ചെറിയ മയക്കത്തിലായിരുന്ന അദ്ദേഹത്തിന് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഒരു ദേവീചൈതന്യം പ്രത്യക്ഷപ്പെടുന്നതായും പിന്നിട് അത് കടലില്‍ താഴ്ന്നു പോകുന്നതായും സ്വപ്‌നദര്‍ശനം ഉണ്ടായി. മയക്കമുണര്‍ന്ന മഹാരാജാവ് വഞ്ചിയടുപ്പിച്ച ശേഷം ദേവീചൈതന്യം കണ്ട ദിക്കിലേക്ക് പുറപ്പെട്ടു. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിയ അദ്ദേഹം വളരെ നേരം അവിടെ ധ്യാനനിരതനായി ഇരുന്നു. ദേവീദര്‍ശനം ലഭിച്ച് ധ്യാനത്തില്‍ നിന്ന് ഉണര്‍ന്ന് ഈ സ്ഥലത്ത് ദേവീ ചൈതന്യം കുടികൊള്ളുന്നുവെന്നും ഇവിടെ മഹാക്ഷേത്രം ഉദയം ചെയ്യുമെന്നും ബ്രഹ്മ-വിഷ്ണു- -മഹേശ്വരശക്തികള്‍ ഉള്‍ക്കൊണ്ട് ഈ ദേവീക്ഷേത്രം ഭാരതവര്‍ഷം മുഴുവന്‍ പ്രകീര്‍ത്തിക്കപ്പെടുമെന്നും അരുളിചെയ്തു . തുടര്‍ന്നും ഈ പുണ്യഭൂമിയില്‍ ദര്‍ശനത്തിനെത്തുമ്പോള്‍ അദേഹത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ക്കും വിശ്രമത്തിനായി കായല്‍ തീരത്ത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കല്‍പന പ്രകാരം ഒരു കൊട്ടാരം പണികഴിപ്പിച്ചു. പിന്നീട് ഈ സ്ഥലം കൊട്ടാരക്കടവ് എന്നറിയപ്പെട്ടു തുടങ്ങി. ക്ഷേത്രം പുനരുദ്ധാരണം നടക്കുന്നതിനാല്‍ ഭദ്രകാളിയും ദുര്‍ഗ്ഗാദേവിയും ഇപ്പോള്‍ ബാലാലയ പ്രതിഷ്ഠയില്‍ കുടികൊള്ളുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാട് മണിനേര്‍ച്ചയാണ്. 30 രൂപ അടച്ച രസീത് സമര്‍പ്പിച്ചാല്‍ ക്ഷേത്രത്തില്‍ നിന്നും ഇരുപതു ഗ്രാം ഭാരമുള്ള ഒരു മണി പൂജിച്ചു തരും. ക്ഷേത്രത്തിനു സമീപമുള്ള പേരാലിന് ഏഴ് പ്രദക്ഷിണം വച്ച് ഏഴാമത്തെ പ്രദക്ഷിണത്തില്‍ നമ്മുടെ ആഗ്രഹം പറയുക. അത് സഫലീകരിക്കുമെന്ന് അനുഭവസ്ഥര്‍. ഈ മണികെട്ടല്‍ ചടങ്ങിനായി പതിനായിരക്കണക്കിന് ഭക്തജങ്ങള്‍ ഇവിടെ എത്തിച്ചേരുന്നു. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്‍വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള്‍ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കര്‍പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില്‍സമര്‍പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന, ഉച്ചപ്പൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപ്പൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര് നല്‍കിയിരിക്കുന്നു. അലങ്കാര ദീപാരാധന: രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് തൃമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്. ഈ ദീപാരാധന തൊഴുതാല്‍ ജന്മദോഷങ്ങളൊക്കെ മാറുമെന്നാണ് വിശ്വാസം. ഉഷപ്പൂജാ ദീപാരാധന : ഉഷപ്പൂജയുടെ അന്ത്യത്തില്‍ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു. എതൃത്ത പൂജാ ദീപാരാധന : ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില്‍ നടത്തുന്ന ദീപാരാധന ദര്‍ശനം കൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു. പന്തീരടിപൂജാ ദീപാരാധന: പന്തീരടി പൂജയ്‌ക്കൊടുവില്‍ നടത്തുന്ന ഈ ദീപാരാധന ദര്‍ശിച്ചാല്‍ ഐശ്വര്യ സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു. ഉച്ചപ്പൂജാ ദീപാരാധന: ഉച്ചയ്ക്ക് ദേവങ്കല്‍ അര്‍പ്പിക്കുന്ന ദീപാരാധനയാണ് ഉച്ചപൂജാ ദീപാരാധന. ഈ ദര്‍ശനം സര്‍വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു. സന്ധ്യാ ദീപാരാധന: സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത് ഈ ദീപാരാധന തൊഴുതാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. അത്താഴപ്പൂജാ ദീപാരാധന: അത്താഴപ്പൂജ നടത്തിക്കഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്. ഈ ദീപാരാധന ദര്‍ശന പുണ്യം ദാമ്പത്യസൗഖ്യം എന്നിവ പ്രദാനം ചെയ്യുന്നു.എല്ലാ ദിവസവും രാവിലെ 5 മണി മുതല്‍ 12 വരേയും വൈകിട്ട് 5 മുതല്‍ 8 വരേയും നട തുറക്കും. എന്നും പൊങ്കാല നിവേദ്യം ദേവിക്ക് സമര്‍പ്പിക്കാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ദിവസം മുഴുവന്‍ അന്നദാനമുണ്ടായിരിക്കും. ഭക്തജനങ്ങള്‍ക്ക് എല്ലാദിവസവും ക്ഷേത്രത്തില്‍ നാണയനിറപറ വഴിപാടായി നടത്താവുന്നതാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.