ചാലിയാറില്‍ ലീഗ്-സിപിഎം രഹസ്യബന്ധം

Tuesday 7 November 2017 9:22 pm IST

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി ലീഗും സിപിഎമ്മും തമ്മിലുണ്ടാക്കിയ രഹസ്യധാരണയില്‍ സിപിഎമ്മില്‍ ഒരു വിഭാഗത്തിനും ഡിവൈഎഫ്‌ഐക്കും എതിര്‍പ്പ്. ലീഗ് നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. ചാലിയാര്‍ പഞ്ചായത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടികളില്‍ ലീഗ് പ്രതിനിധിയായ പി.കെ.ബഷീര്‍ എംഎല്‍എയും സിപിഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാനും പരസ്പരം പ്രശംസിച്ച് സംസാരിക്കുന്നതാണ് ഈ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. എരഞ്ഞിമങ്ങാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുറ്റത്തെ തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റിയത് സംബന്ധിച്ചാണ് പുതിയ വിവാദം. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായാണ് മരങ്ങള്‍ മുറിച്ചത്. ഇത് ചോദ്യം ചെയ്ത് ഡിവൈഎഫ്‌ഐയും ചിന്താ വായനാശാലയും പൂര്‍വ്വവിദ്യാര്‍ത്ഥികളും സംയുക്തമായി വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനത്തിനിടെ പി കെ ബഷീര്‍ എംഎല്‍എ നടത്തിയ പ്രസംഗത്തില്‍ വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയവരെ കളിയാക്കി. ഈ സമയം വേദിയിലുണ്ടായിരുന്ന സിപിഎം പ്രതിനിധിയും പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ സെക്രട്ടറിയും എംഎല്‍എക്ക് മറുപടി നല്‍കാത്തത്് പ്രവര്‍ത്തകരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫിന് വ്യക്തമായ മേധാവിത്വമുള്ള പഞ്ചായത്തില്‍ 20 വര്‍ഷത്തിന് ശേഷമാണ് നറുക്കെടുപ്പിലൂടെ സിപിഎമ്മിന് അധികാരം ലഭിച്ചത്. ലീഗുമായി ചേര്‍ന്ന് പാര്‍ട്ടി താല്‍പര്യം ബലികഴിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്‌കൂളിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോള്‍ അത് തന്റെ വ്യക്തിപരമായ നേട്ടമാക്കാനുള്ള എംഎല്‍എയുടെ ശ്രമത്തിന് ചൂട്ട് പിടിക്കുന്ന നിലപാടാണ് പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. സിപിഎമ്മുമായി എംഎല്‍എ കൂടുതല്‍ ചങ്ങാത്തം നടത്തുന്നത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെയും ചൊടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണം നല്ല നിലയില്‍ പോകുന്നുവെന്ന രീതിയില്‍ എംഎല്‍എ നിരന്തരം നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം അടക്കം പറയുന്നു. സിപിഎമ്മും ലീഗും തമ്മിലുള്ള രഹസ്യനീക്കം എല്‍ഡിഎഫിലും യുഡിഎഫിലും അഭിപ്രായഭിന്നത രൂക്ഷമാക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.