എല്ലാം ചാണ്ടിക്കുവേണ്ടി

Tuesday 7 November 2017 9:45 pm IST

''കൈയില്‍ പണമുണ്ടോ, പലതും ചെയ്‌തോളൂ'' എന്നായിരിക്കുന്നു ഇടതുമുന്നണി സര്‍ക്കാറിന്റെ ലോഗോ. പിണറായി വിജയന്‍ നിയന്ത്രിക്കുന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടും കണ്ണോട്ടവും എവിടേക്കാണെന്നറിയാത്ത പൊതുജനങ്ങള്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കും ഒടുവില്‍ സ്ഥിതിഗതികള്‍ മനസ്സിലായി എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നാഴികക്കു നാല്‍പതുവട്ടം കേന്ദ്രസര്‍ക്കാരിനെ പുലഭ്യം പറയുന്ന ഒരു രാഷ്ട്രീയ സംഘാതമായി അധപ്പതിച്ച കേരള സര്‍ക്കാര്‍ തെരുവില്‍ നഗ്‌നമാക്കപ്പെട്ട നിലയിലായിരിക്കുന്നു. ഒരു തോമസ് ചാണ്ടിയെ ചുവന്നു നടക്കുമ്പോള്‍ സ്വയം നാറുന്നതാരെന്ന് അറിയാത്തതുകൊണ്ടാവില്ല ഇത്. എല്ലാം ശരിയാക്കാനുള്ള തത്രപ്പാടിനിടയില്‍ ആരെയൊക്കെ ശരിയാക്കണം, ആര്‍ക്കൊക്കെ വാരിക്കോരി കൊടുക്കണമെന്ന ബോധ്യം ഇടതു സര്‍ക്കാറിനുണ്ട്. അതവര്‍ ഒരു ലജ്ജയും കൂടാതെ നിര്‍വഹിക്കുന്നു എന്നതാണ് സമകാലിക ദുരന്തം. ആലപ്പുഴ ജില്ലാ കലക്ടറെ സംബന്ധിച്ചിടത്തോളം തോമസ് ചാണ്ടിയുടെ സ്വത്തും ദരിദ്ര നാരായണന്റെ ഒരുപിടി മണ്ണും ഒരുപോലെയാണ്. അവിടെ വേര്‍തിരിവില്ല. ഇരുവര്‍ക്കും നിയമം ഒരുപോലെ. അതുകൊണ്ടാണ് തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങള്‍ അവര്‍ അക്കമിട്ട് നിരത്തിയത്. പൊതുമുതല്‍ കൈയേറുകയും അത് തന്റെ അവകാശമാണെന്ന് ധാര്‍ഷ്ട്യപൂര്‍വം ചൂണ്ടിക്കാട്ടുകയും ചെയ്ത ഒരു വ്യക്തി ഈ മന്ത്രിസഭയുടെ അലങ്കാരമാണെന്നാണ് ഇടതുഭരണത്തിന്റെ നിലപാട്. ഓരോരോ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോഴും കുറ്റവാളിക്ക് എങ്ങനെയാണ് രക്ഷാമാര്‍ഗമൊരുക്കേണ്ടതെന്ന് പിണറായി സര്‍ക്കാര്‍ തലപുകഞ്ഞാലോചിക്കുന്നു. സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് തുല്യംചാര്‍ത്താന്‍ ഒരുക്കിനിര്‍ത്തിയിരിക്കുന്ന അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം അറിഞ്ഞശേഷം മാത്രം നടപടിയെടുത്താല്‍ മതിയെന്ന മ്ലേച്ഛ നിലപാടിനെ ഭരണം എന്നുവിശേഷിപ്പിക്കാനാവുമോ? എന്തുകൊണ്ടാണ് തോമസ് ചാണ്ടിയെന്ന പണച്ചാക്കിനെ സര്‍ക്കാര്‍ ഇത്രമാത്രം പേടിക്കുന്നത്? ആയ കാലത്ത് അദ്ദേഹത്തിന്റെ പക്കല്‍നിന്ന് കോടികള്‍ വാരിക്കൂട്ടിയതിന്റെ ഉപകാരസ്മരണയാവില്ലേ ഇതൊക്കെ? തോമസ് ചാണ്ടിക്കെതിരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ട് നിരാകരിക്കുന്നതിലൂടെ സര്‍ക്കാറിനെ മൊത്തം അവിശ്വസിക്കുകയല്ലേ മുഖ്യമന്ത്രിയെന്ന് ചൂണ്ടിക്കാണിച്ചാല്‍ തെറ്റുണ്ടോ? സാധാരണക്കാരനും കോടീശ്വരനും ഒരുപോലെ ബാധകമാവേണ്ട നിയമം മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് മാറ്റിമറിക്കുകയല്ലേ? ഇതിനെ ഭരണമെന്നല്ലല്ലോ പറയുക. ഒരു തുണ്ട് ഭൂമി വാങ്ങി അതിലൊരു കൂരപണിയാന്‍ പെടാപ്പാട് പെടുന്ന സാധാരണക്കാരനെ അങ്ങേയറ്റം കഷ്ടപ്പെടുത്തുന്ന രീതിയും തോമസ് ചാണ്ടിക്കുവേണ്ടി പട്ടുപരവതാനി വിരിക്കുന്ന സമീപനവും ഈ സര്‍ക്കാറിന്റെ മുഖമുദ്രയാണെന്നുവേണം അനുമാനിക്കാന്‍. എജിയുടെ ഉപദേശത്തിന് കാത്തുനില്‍ക്കുന്നതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. പ്രതിപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുകയാണ്. നിശ്ചയമായും തീയും പുകയും ഉയരും. അതിന്റെ ബഹളത്തില്‍ തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവും അനുബന്ധകാര്യങ്ങളും മുങ്ങിപ്പോവും. ജനങ്ങളെ സംബന്ധിച്ച് മാധ്യമങ്ങള്‍ പുറത്തുവിടുന്ന ചൂടുചര്‍ച്ചകളിലേക്ക് ശ്രദ്ധതിരിയും. തോമസ്ചാണ്ടി അതുവഴി നിലനില്‍പ്പിന്റെ വഴിതേടും. നേരത്തെയുള്ളതിനേക്കാള്‍ സുരക്ഷിതത്വത്തോടെ അദ്ദേഹത്തിന് പിണറായിക്കസേരക്കടിയില്‍ അഭയം തേടാം. കമ്മ്യൂണിസത്തിന്റെ എക്കാലത്തെയും കോര്‍പ്പറേറ്റ് മുഖം അങ്ങനെയാണല്ലോ എന്നും പ്രകാശിച്ചുനില്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.