ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി രാജിവച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കൂട്ടക്കുഴപ്പത്തിലേക്ക് നീങ്ങുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്. കോടീശ്വരനായ ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയനാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ജില്ലാ കമ്മറ്റി നെടുമുടിയില്‍ തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
അഡ്വക്കേറ്റ് ജനറലില്‍നിന്ന് അനുകൂല നിയമോപദേശം നേടാനുള്ള ജോലികള്‍ മന്ത്രി തോമസ് ചാണ്ടി തുടങ്ങി. ഇതിന് മുഖ്യമന്ത്രിയും കൂട്ടുനില്‍ക്കുകയാണ്. നാറുന്നവനെ ചുമന്ന് സ്വയം നാറാനാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചാണ്ടി രാജിവയ്ക്കുംവരെ ശക്തമായി സമരം തുടരും. ചാണ്ടിയുടെ നിലംനികത്തലിനെതിരെ 2011ല്‍ ആദ്യം സമരം തുടങ്ങിയത് ബിജെപിയായിരുന്നു. അന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിയെ അപഹസിക്കുകയായിരുന്നുവെന്നും മുരളീധരന് പറഞ്ഞു.
മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. ജില്ലാ പ്രസിഡന്റ് കെ. സോമന് അധ്യക്ഷനായി. മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജന. സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ഡി. അശ്വനിദേവി, ജില്ലാ ഭാരവാഹികളായ എല്‍.പി. ജയചന്ദ്രന്, കൊട്ടാരം ഉണ്ണികൃഷ്ണന്, ഡി. പ്രദീപ്, സുമിഷിബു, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി സി.എ. പുരുഷോത്തമന്, ഡി. പ്രസന്നകുമാര്‍, ജി. വിനോദ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: