യു.പി.എയ്ക്കുള്ള പിന്തുണ പുനഃപരിശോധിക്കും - മായാവതി

Saturday 15 September 2012 2:18 pm IST

ലക്‍നൌ: കേന്ദ്ര സര്‍ക്കാരിനു നല്‍കിവരുന്ന പിന്തുണ പുനഃപരിശോധിക്കുമെന്നു ബിഎസ്‌പി നേതാവ് മായാവതി. ഡീസല്‍ വിലവര്‍ധനയിലും പാചകവാതക സിലിണ്ടറുകള്‍ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചാണു തീരുമാനം. ഒക്ടോബര്‍ ഒമ്പതിനു ചേരുന്ന ബിഎസ് പി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പിന്തുണ സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം ജനവിരുദ്ധമാണ്. ഡീസല്‍ വിലവര്‍ധനയും റീട്ടെയ്ല്‍ എഫ് ഡിഐ തീരുമാനവും പിന്‍വലിക്കണം. അല്ലെങ്കില്‍ കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരും. യുപിഎ അധികാരമേറ്റ അന്നുമുതല്‍ ജനദ്രോഹ നടപടികളാണു തുടരുന്നതെന്നും മായാവതി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിനെ പുറത്തു നിന്നാണു ബിഎസ് പി പിന്തുണയ്ക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവരെയും മധ്യവര്‍ഗക്കാരെയുമാണ്‌ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ബാധിക്കുകയെന്ന്‌ മായാവതി പറഞ്ഞു. കേന്ദ്രം ഇത്തരം ജനവിരുദ്ധ തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ ബിഎസ്‌പിക്ക്‌ നോക്കിയിരിക്കാനാവില്ലെന്നും അതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.