ജോലി വാഗ്ദാനം : പണം തട്ടിയ സ്ത്രീ അറസ്റ്റില്‍

Wednesday 8 November 2017 2:35 pm IST

വര്‍ക്കല: ബാങ്കിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സ്ത്രീ അറസ്റ്റില്‍. ഫെഡറല്‍ ബാങ്ക്, കെഫ്‌കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ നല്കി ലക്ഷങ്ങള്‍ തട്ടിയ തിരുവനന്തപുരം കുന്നുംപുറം ചിന്മയ സ്‌കൂളിന് സമീപം കൃഷ്ണ ശ്രീയില്‍ മഞ്ചുളാനായരെ (44) ആണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹായി വടകര സ്വദേശിയായ സുരേഷ് ഒളിവിലാണ്. രണ്ട് വര്‍ഷമായി സുരേഷുമായി ചേര്‍ന്ന് തിരുവനന്തപുരം പുളിമൂട്ടില്‍ റെഡ് കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇവര്‍. ഫെഡറല്‍ ബാങ്കില്‍ ജോലി വാങ്ങിനല്കാമെന്ന് പറഞ്ഞ് വെട്ടൂര്‍ മണ്ണാട് ദേശത്ത് കിഴക്കേഭാഗം വീട്ടില്‍ ജിജി ദേവിയില്‍ നിന്ന് എട്ട് ലക്ഷം, കരുന്നിലക്കോട് കാര്‍ത്തികയില്‍ ജയേഷില്‍ നിന്ന് സഹോദരിക്ക് ഫെഡറല്‍ ബാങ്കില്‍ ജോലി നല്കാമെന്ന് പറഞ്ഞ് പതിനൊന്ന് ലക്ഷം, ഇടവ പാറയില്‍ മോഹന വിലാസത്തില്‍ മോഹന്റെ മകന്‍ വിഷ്ണുവിന് പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം, തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് കെഫ്‌കോയില്‍ എല്‍ഡി ക്ലര്‍ക്കായി ജോലി നല്കാമെന്ന് പറഞ്ഞ് അഞ്ചുലക്ഷം എന്നിങ്ങനെയാണ് പണം തട്ടിയെടുത്തത്. റെഡ് കമ്മ്യണിക്കേഷനില്‍ വച്ചാണ് ഇവര്‍ വ്യാജ അപ്പോയ്‌മെന്റുകള്‍ തയ്യാറാക്കിയത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് ഇവരുടെ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ള വെന്ന് വര്‍ക്കല എസ്‌ഐ പ്രൈജു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.