മോഷണം; പണവും കുരുമുളകും അപഹരിച്ചു

Wednesday 8 November 2017 9:09 pm IST

അമ്പലപ്പുഴ: പലചരക്ക് മൊത്തവ്യാപാരശാലയില്‍ മോഷണം. 30 കിലോയോളം കുരുമുളകും പണവും നഷ്ടമായി. അമ്പലപ്പുഴ കച്ചേരിമുക്കിന് വടക്കുഭാഗത്തുള്ള ശോഭാ ട്രെഡേഴ്‌സിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കടയുടെ പിന്നിലെ എക്‌സ്‌ഹോസ്റ്റ് ഫാന്‍ അഴിച്ചുമാറ്റിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്ന് കടയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ ദൃശ്യത്തില്‍ നിന്ന് തെളിഞ്ഞു. 12.55 ഓടെയാണ് മോഷണം നടന്നത്. വലിയ ടിന്നില്‍ കരുതിയിരുന്ന കുരുമുളകും മേശയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. മേശയില്‍ ഉണ്ടായിരുന്ന നാണയങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. മേശയില്‍ സൂക്ഷിച്ചിരുന്നവ വാരിവലിച്ചിട്ട നിലയിലായിരുന്നു. മുഖം മറച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നതെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരാള്‍ ഷര്‍ട്ടില്ലാതെയാണ് അകത്തു കടന്നിരിക്കുന്നത്. കടയില്‍ ഉണ്ടായിരുന്ന ഏണി ഉപയോഗിച്ച് വന്ന വഴി തന്നെ തിരികെ പോയതായും തെളിഞ്ഞിട്ടുണ്ട്. അമ്പലപ്പുഴ എസ്‌ഐ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി കടയിലേയും സമീപത്തെ വസ്ത്രവ്യാപാരശാലയിലേയും മറ്റ് സ്ഥാപനങ്ങളിലേയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഏകദേശം 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.