പാലാ ജനറല്‍ ആശുപത്രിയില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ പണി തീര്‍ന്നിട്ടും മോര്‍ച്ചറിപ്രവര്‍ത്തനക്ഷമമാക്കുന്നില്ല

Wednesday 8 November 2017 9:27 pm IST

പാലാ: ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടത്തിലെയും മോര്‍ച്ചറിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും രോഗികള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപം. പ്രധാന കെട്ടിടത്തിന്റെ ചെരിഞ്ഞ പ്രതലത്തിന്റെ (റാംപ്)നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ഉദ്ഘാടനം നടക്കാത്തതുമൂലമാണ് ഇത് രോഗികള്‍ക്ക് തുറന്നുകൊടുക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ലിഫ്റ്റിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ഗര്‍ഭിണിമാരെയും മറ്റും മുകളിലെ നിലകളിലേക്ക് എത്തിക്കുന്നത്. വൈദ്യുതി മുടങ്ങിയാല്‍ രോഗികളുടെ കാര്യം കഷ്ടത്തിലാകും. പലരും നടകള്‍ നടന്നുകയറിവേണം മൂന്നും നാലും നിലകളിലെത്താന്‍. ഇത്തരം സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് റാംപ് സംവിധാനം നിര്‍മ്മിച്ചത്. ആശുപത്രിക്ക് പിന്നിലായി അത്യാധുനിക സജ്ജീകരണങ്ങളോടെ നിര്‍മ്മിച്ച മോര്‍ച്ചറിയും ഉദ്ഘാടനം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് ആറ് മാസത്തിലേറെയാകുന്നു. ഏഴ് മൃതദേഹങ്ങള്‍ വരെ ശീതികരണ സംവിധാനത്തോടെ സൂക്ഷിക്കാന്‍ കഴിയുന്ന മോര്‍ച്ചറിയും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടാത്ത അവസ്ഥയിലാണ്. ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജിനു തുല്യമായി ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായി അനുവദിച്ച ഡിജിറ്റല്‍ എക്‌സറേ മെഷീന്‍ സ്ഥാപിക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് അധികൃതര്‍ തിരിച്ചയക്കാന്‍ തയ്യാറെടുക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ലക്ഷങ്ങള്‍ വിലമതിക്കുന്ന മെഷീന്‍ പുറത്താണ് സൂക്ഷിച്ചിരിക്കുന്നത്. എക്‌സറേ സംവിധാനത്തിനൊപ്പം എയര്‍കണ്ടീഷന്‍, മറ്റ് അനുബന്ധ ഉപകരണങ്ങളെല്ലാം പൊടിപിടിച്ചു കിടക്കുമ്പോഴും പഴയ എക്‌സറേ യൂണിറ്റിലാണ് ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇതിനായി അറ്റകുറ്റപണികള്‍ക്കുള്ള തുക അനുവദിച്ച് കിടക്കുമ്പോഴും അധികൃതര്‍ കാണിക്കുന്ന അലംഭാവം കാലതാമസം വരുത്തുന്നതായാണ് ആരോപണം. ലാബ്, എക്‌സറേ, രക്തം-കഫം പരിശോധന തുടങ്ങിയ ആവശ്യങ്ങള്‍ക്കെത്തുന്ന രോഗികളെ വലക്കുന്നതായും ആരോപണമുണ്ട്. മുമ്പ് പരിശോധന സ്ഥലത്തുതന്നെയായിരുന്നു ഇവയ്ക്ക് തുകയും അടച്ചിരുന്നത്. എന്നാല്‍ പരിഷ്‌കാരത്തിന്റെ ഭാഗമായി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് രസീതില്‍ എഴുതിവാങ്ങിയ ശേഷം ചിട്ടെടുക്കുന്നിടത്തെത്തി പണമടച്ച് വീണ്ടും ക്യൂവില്‍ നിന്നാലേ പരിശോധന സാധിക്കുകയുള്ളൂവെന്ന അവസ്ഥയാണ്.എന്നാല്‍ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നതേയുള്ളുവെന്നും പിഡബ്‌ളൂഡിക്കാണ് ഇതിന്റെ ചുമതലയെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു. പൂര്‍ത്തീകരിച്ച് ആശുപത്രി അധികൃതര്‍ക്ക് കൈമാറിയെങ്കില്‍ മാത്രമേ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ സാധിക്കൂ. റാംപും മോര്‍ച്ചറിയും അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.