സ്‌ക്രീനിങ് കമ്മറ്റിയില്‍ സാമ്പത്തിക അഴിമതി

Wednesday 8 November 2017 9:28 pm IST

കോട്ടയം: കോളേജ് അദ്ധ്യാപകരുടെ പ്രമോഷനുള്ള സ്‌ക്രീനിംഗ് കമ്മറ്റി അംഗങ്ങള്‍ പാരിതോഷികം വാങ്ങുന്നതായി കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിസിറ്റിഎ). പ്രമോഷന്‍ സ്‌ക്രീനിംഗ് നടപടികള്‍ക്കായി യൂണിവേഴ്‌സിറ്റി ചുമതലപ്പെടുത്തിയ അദ്ധ്യാപകര്‍ക്ക് റ്റിഎ, ഡിഎ നല്‍കേണ്ടത് യൂണിവേഴ്‌സിറ്റിയുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ യൂണിവേഴ്‌സിറ്റി ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കാത്തതിനാലാണ് വ്യാപകമായ സാമ്പത്തിക അഴിമതിക്ക് കളമൊരുക്കുന്നതെന്ന് കെപിസിറ്റിഎ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എപിഐ സ്‌കോര്‍ സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ല. 2017 ജൂലൈ മാസത്തില്‍ യൂണിവേഴ്‌സിറ്റി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2010 മുതല്‍ എപിഐ സ്‌കോര്‍ വേണമെന്നാണ് പറയുന്നത്. കേവലം രാഷ്ട്രീയ താത്പര്യത്തിനുവേണ്ടി കോളേജ് അദ്ധ്യാപകരെ തങ്ങളുടെ പരമപ്രധാനമായ അദ്ധ്യാപനത്തില്‍നിന്ന് മാറ്റി 2010 മുതല്‍ എപിഐ സ്‌കോര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങള്‍ക്ക് ദോഷം വരുത്തുന്ന ഉത്തരവാണ് യൂണിവേഴ്‌സിറ്റി ഇറക്കിയിരിക്കുന്നത്. ഇതിനെതിരെ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് കെപിസിറ്റിഎ നേതാക്കള്‍ അറിയിച്ചു. കെപിസിറ്റിഎ എംജി യൂണിവേഴ്‌സിറ്റി റീജിയണല്‍ ഓഫീസര്‍ ഡോ. ജോര്‍ജ്ജ് ജയിംസ് റ്റി, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. റോണി ജോര്‍ജ്ജ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡോ. ബിജു റ്റി. ജോര്‍ജ്ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.