ഇത് പുരസ്‌കാര ചിത്രം, പക്ഷേ...

Wednesday 8 November 2017 10:33 pm IST

നരകമിവിടെയാണ്…..ബംഗാളിലെ ബാങ്കുരയില്‍ വാലിന് തീപിടിച്ച് ആനയും കുട്ടിയാനയും മരണവെപ്രാളത്തില്‍ ഓടുന്നു. ബിപ്ലവ് ഹസ്രയെന്ന ഫോട്ടോഗ്രാഫറെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ചിത്രം

കൊല്‍ക്കത്ത: ഈ ചിത്രമെടുക്കുമ്പോള്‍ ബിപ്ലവ് ഹസ്രയുടെ മനസില്‍ കേവലമൊരു പുരസ്‌ക്കാരമേ ലക്ഷ്യമായുണ്ടായിരുന്നുള്ളൂ. എന്നാല്‍, അത് വെളിച്ചം കണ്ടതോടെ മൃഗസ്‌നേഹികള്‍ മാത്രമല്ല, മനസില്‍ നൈര്‍മല്യം സൂക്ഷിക്കുന്നവരെയെല്ലാം നൊമ്പരപ്പെടുത്തി.

ബംഗാളിലെ ബങ്കുര ജില്ലയില്‍ ഒരു അമ്മആനയും കുട്ടിയാനയും വാലിലും കാലിലും തീപിടിച്ച് ഓടുന്നതാണ് ചിത്രം. സാങ്ച്വറി മാസികയുടെ വൈല്‍ഡ് ലൈഫ് പുരസ്‌കാരത്തിനായാണ് ബിപ്ലവ് ഈ ചിത്രമയച്ചത്. നരകമിവിടെയാണ് എന്ന അടിക്കുറുപ്പോടെയാണ് പുരസ്‌കാരചിത്രം മാഗസിന്‍് പുറത്തുവിട്ടത്. ഇതോടെ, സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി.
വാലില്‍ തീപിടിച്ച് നില്‍ക്കക്കള്ളിയില്ലാതെ ഓടുകയാണ് ആനയും ആനക്കുട്ടിയും. ആനയുടെ വാലിലും മുന്‍കാലിലുമാണ് തീ.

എന്നാല്‍, കുട്ടിയാനയുടെ പിന്‍ഭാഗത്ത് മുഴുവനുമുണ്ട്. ഇതെങ്ങനെ സംഭവിച്ചെന്ന് മാസികയോ ബിപ്ലവോ വിശദീകരിക്കുന്നില്ല. ഇതേക്കുറിച്ച് പലതും പറഞ്ഞു കേള്‍ക്കുന്നു. ടാര്‍ വീപ്പയ്ക്ക് തീ കൊളുത്തി എറിഞ്ഞുവെന്നാണ് ഒരുപക്ഷം.

ആനയും മനുഷ്യരുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് കുപ്രസിദ്ധമാണ് ബങ്കുര. ചിത്രം പുറത്തുവന്നതോടെ ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.