ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി

Thursday 9 November 2017 10:38 am IST

  ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. 68 നിയമസഭാ മണ്ഡലത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. 338 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ബിജെപി, കോണ്‍ഗ്രസ്,  സിപിഐഎം എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികള്‍. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 36 സീറ്റും ബിജെപിക്ക് 26 സീറ്റും സ്വതന്ത്രര്‍ക്ക് ആറു സീറ്റുമാണ് ലഭിച്ചത്. ഇത്തവണ ജനഹിതം ആരെ തുണയ്ക്കുമെന്നറിയാന്‍ ഒരു മാസം കാത്തിരിക്കണം. ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍. വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിനു ശേഷമുള്ള ദിനത്തില്‍ ജനങ്ങള്‍ പോളിങ്ങ് ബൂത്തിലെത്തുന്നതില്‍ ബിജെപിക്ക് ആശങ്കയില്ല. കോണ്‍ഗ്രസ് ഭരണത്തിനു കീഴിലുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന മുരടിപ്പും മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെതിരെയുള്ള അഴിമതി ആരോപണങ്ങളുമെല്ലാം സജീവ ചര്‍ച്ചയാക്കുന്നതില്‍ ബിജെപി വിജയിച്ചിട്ടുണ്ട്. പ്രചാരണത്തില്‍ കോണ്‍ഗ്രസ്സ് പിന്നോട്ടുപോയത് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വീരഭദ്ര സിങ്ങ് തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പ്രേം കുമാര്‍ ധുമല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ സജീവ സാന്നിധ്യം പ്രചാരണത്തില്‍ ബിജെപി ക്യാമ്പിന് ഊര്‍ജ്ജം നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്റെ താരപ്രചാരകന്‍. 12 ജില്ലകളിലായി 49,88,367 പേരാണ് പോളിങ്ങ് ബൂത്തിലെത്തുക. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 59 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്വാധീനം നിലനിര്‍ത്തിയത് 9 നിയയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ്. വിവിധ അഭിപ്രായ സര്‍വേകള്‍ ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.