ഇനിയെന്തുചെയ്യും, ചാണ്ടി വിഷയത്തില്‍ കോടതിയും കൊട്ടി സര്‍ക്കാരിനെ

Thursday 9 November 2017 10:09 am IST

പണക്കാരന്‍ മന്ത്രിയുടെ അഴിമതിക്കു കുടപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അധാര്‍മ്മികതയ്‌ക്കെതിരെ കോടതിയുടെ കിഴുക്ക്. മന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉളുപ്പില്ലാതെ പ്രശ്‌നം കോടതിവരെ എത്തിച്ച് പിണറായിക്കു തന്നെയാണ് അവസാനം നാണക്കേടായത്. ഭൂമി കൈയ്യേറിയ മന്ത്രിക്കു പ്രത്യേക പരിഗണനയോ എന്നാണ് കോടതി ചോദിച്ചത്. സാധാരണക്കാരനും മന്ത്രിക്കും രണ്ടു നീതിയാണോ എന്നാണ് കോടതി അതിലൂടെ ഉന്നംവെച്ചത്. സാധാരണക്കാരന്‍ ഭൂമികയ്യേറിയാല്‍ ബുള്‍ഡോസറുവെച്ച് അടിച്ചു തകര്‍ക്കുമായിരുന്നില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. പൊതുജനത്തിന്റെ മനസിലുള്ള ധാര്‍മികതയുടെ ചോദ്യം തന്നെയാണ് കോടതിയും ചോദിച്ചത്. അഴിമതിക്കാരന്‍ പണക്കാരനായാല്‍ സംരക്ഷിക്കുമോ എന്ന് കോടതിയും ചോദിക്കാതെ ചോദിക്കുകയായിരുന്നു. അഴിമതിയും അക്രമവുമായി സന്ധിചെയ്ത് പാവപ്പെട്ടവന്റെ ജീവിതം തകര്‍ത്ത് ഉള്ളവനെ മാത്രം സംരക്ഷിച്ച് പാര്‍ട്ടിയും നേതാക്കളും വല്ലാതെ വളരുന്നതിന്റെ നെറികെട്ട മാതൃകയാണ് പിണറായി സര്‍ക്കാര്‍. കൂടെയുള്ളൊരു മന്ത്രിസഭാംഗം അഴിമതി നടത്തിയത് പകല്‍പോലെ തെളിഞ്ഞിട്ടും അയാളെ രക്ഷിക്കാന്‍ ഏതറ്റംവരെപോകാനും തയ്യാറാകുന്ന പിണറായി കേരളം കണ്ട ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയാകാന്‍ മത്സരിക്കുകയാണോ. അഴിമതിക്കാരനായ ചാണ്ടിയെ ജീവന്‍ കളഞ്ഞും രക്ഷിക്കുമെന്ന പ്രതിജ്ഞയിലാണെന്നു തോന്നുന്നു പിണറായി വിജയന്‍. അങ്ങനെയെങ്കില്‍ ഇരുവരും തമ്മിലുള്ള ബന്ധം ദുരൂഹത നിറഞ്ഞതാണെന്നും ജനത്തിനു തോന്നിക്കൂടായ്കയില്ല. പിണറായിക്കും പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും ചാണ്ടിയെ രക്ഷിക്കുന്നതില്‍ ന്യായീകരണം കാണും. ആടിനെ പട്ടിയാക്കുന്ന പാര്‍ട്ടിക്ക് ഇത്തരം അന്യായങ്ങള്‍ അടവുനയത്തിന്റെ ഭാഗമായിരിക്കാം. പക്ഷേ പാര്‍ട്ടിയിലെ അഭിമാനികളായ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇതു പൊറുക്കാനാവുമെന്നു തോന്നുന്നില്ല. പക്ഷേ പൊറുത്തേ പറ്റൂ. അല്ലെങ്കില്‍ വിവരമറിയും. പിണറായി വിജയന്‍ എന്ന വിഗ്രഹം ഒന്നുമല്ലാതെ തകര്‍ക്കപ്പെട്ടുവെന്നു തന്നെയാണ് സിപിഎമ്മിലെ ഇപ്പോഴത്തെ വിചാരങ്ങള്‍. മിന്നല്‍ പിണറായിയെന്നും ഇരട്ടച്ചങ്കനെന്നുമുള്ള വിശേഷണങ്ങളും വെറുതെയായി. അനിവാര്യമായാല്‍ പണക്കാരന്റെ അഴിമതിക്കും കുടപിടിക്കണമെന്ന് കാറല്‍ മാര്‍ക്‌സെങ്ങാനും എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ആവോ.