സിംഹങ്ങള്‍ക്ക് പുറകെ ബൈക്കുമായി യുവാക്കള്‍

Thursday 9 November 2017 11:43 am IST

അഹമ്മദാബാദ്: സിംഹങ്ങള്‍ക്കിടയില്‍ ബൈക്കില്‍ പായുന്ന യുവാക്കളുടെ സാഹസികത വൈറലാകുന്നു.ഗുജറാത്തിലെ സിംഹസവാരി പാര്‍ക്കായ ഗിര്‍ വനത്തിലാണ് സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ നാല് യുവാക്കള്‍ സിംഹങ്ങളെ പിന്തുടരുന്നതും ഭയചകിതരായ സിംഹങ്ങള്‍ ഓടി മറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മണ്‍വഴിയിലൂടെയാണ് സിംഹങ്ങളെ ബൈക്ക് യാത്രികര്‍ പിന്തുടര്‍ന്ന് ഓടിക്കുന്നത്. ഒരു പെണ്‍സിംഹവും ഒരു ആണ്‍സിംഹവുമാണ് വേട്ടയാടപ്പെടുന്നത്. ഗുജറാത്തി ഭാഷയില്‍ യുവാക്കള്‍ സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വീഡിയോയില്‍ കാണാന്‍ കഴിയും. രാജ്‌കോട്ട് സ്വദേശികളുടെ ബൈക്കാണ് ഇതാണെന്നാണു സൂചന. 34 സെക്കന്റുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ബൈക്ക് യാത്രികരില്‍ ഒരാള്‍ തന്നെയാണ്. വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അതീവ പരിസ്ഥിതി ലോല പ്രദേശമായ ഗിര്‍ വനത്തില്‍ എങ്ങനെയാണ് ബൈക്കുമായി യുവാക്കള്‍ക്ക് എത്താന്‍ സാധിച്ചതെന്ന അന്വേഷണത്തിലാണ് വനപാലകര്‍. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സിംഹങ്ങള്‍ കാണപ്പെടുന്ന വനമേഖലയാണ് ഗിര്‍. 400ല്‍ അധികം ഏഷ്യന്‍ സിംഹങ്ങളാണ് ഗിര്‍ വനത്തില്‍ ഉള്ളത്. ജൂണില്‍ ഒരു സിംഹക്കുട്ടിയെ കുറച്ചുപേര്‍ കാറില്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. https://www.youtube.com/watch?v=uHk-PM8QKto