ദളിതരെയും സ്ത്രീകളെയും സിപിഎം വേട്ടയാടുന്നു: മോണിക്കാ ചൗധരി

Thursday 9 November 2017 2:34 pm IST

തിരുവനന്തപുരം: സിപിഎം ഭരണകൂടം കേരളത്തിലെ ദളിതരെയും സ്ത്രീകളെയും വേട്ടയാടുന്നെന്ന് എബിവിപി ദേശീയ സെക്രട്ടറി മോണിക്കാ ചൗധരി. എബിവിപി 11 ന് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന മഹാറാലിക്ക് മുന്നോടിയായി നടന്ന ചലോ കേരളാ സിഡി പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. കമ്മ്യൂണിസ്റ്റ് ആശയം ഉള്‍ക്കൊള്ളാനാകാതെ മറ്റുപാര്‍ട്ടികളിലേക്ക് പോകുന്നവരെ കൊലപ്പെടുത്തുന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഇത്തരത്തില്‍ സിപിഎമ്മില്‍ നിന്ന് വിട്ടുപോകുന്നവരെ നിരന്തരമായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്നതും ഇവരുടെ ഫാസിസ്റ്റ് രീതിയാണ്. 1982 ല്‍ ധര്‍മജനും 2015 ല്‍ ദീപാ മോഹനും 2016 ല്‍ അഖിലയ്ക്കും അഞ്ജനയ്ക്കും തൃപ്പൂണിത്തുറയിലെ ദളിത് പെണ്‍കുട്ടിക്കും നേരിടേണ്ടി വന്നത് സിപിഎം ക്രൂരതയുടെ ഉദാഹരണങ്ങളാണ്. ദല്‍ഹി സര്‍വകലാശാലയില്‍ മുമ്പും ഇപ്പോഴും എബിവിപിക്കു തന്നെയാണ് സ്വാധീനമുള്ളത്. വളരെ തുച്ഛമായ വോട്ടിനാണ് ഇക്കുറി സീറ്റ് നഷ്ടമായതെന്നും അവര്‍ വ്യക്തമാക്കി. അഖിലേന്ത്യാ ജനറല്‍സെക്രട്ടറി വിനയ് വിദിരെ സംവിധായകന്‍ രാജസേനന് നല്‍കിയാണ് സിഡി പ്രകാശിപ്പിച്ചത്. ദേശീയ സെക്രട്ടറി ഒ. നിധീഷ്, ജെഎന്‍യു മുന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി സൗരവ് ശര്‍മ, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് എന്നിവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.