വേറിട്ട കാഴ്ച്ചകള്‍ ഒരുക്കി പുഷ്പമേള

Thursday 9 November 2017 2:43 pm IST

തിരുവനന്തപുരം: വേറിട്ട കാഴ്ച്ചകള്‍ നഗരത്തിന് സമ്മാനിച്ച തിരുവനന്തപുരം പുഷ്പമേള ഇക്കുറിയും പതിവ് തെറ്റിച്ചില്ല. വിവിധ രാജ്യങ്ങളില്‍ നിന്നായി മേളയ്ക്ക് എത്തിയ പൂക്കള്‍ കാഴ്ച്ചക്കാര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കുകയാണ്. മുപ്പതിനായിരം സ്‌ക്വയര്‍ ഫീറ്റിലായി ഒരുക്കിയ ഉദ്യാനവും പൂക്കളിലും പച്ചക്കറികളിലും തീര്‍ത്ത അനവധി ഇന്‍സ്റ്റലേഷനുകളും മേളയ്ക്ക് മാറ്റ് കൂട്ടുന്നു. ടുലിപ്, ഓര്‍ക്കിഡ്, റോസ് എന്നിവയുടെ നീണ്ടനിരയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ കട്ട് ഫ്‌ളവേഴ്‌സ് ഷോ, ലാന്‍ഡ് സ്‌കേപ്പിംഗ് ഷോ എന്നിവയും ഉണ്ട്. പൂക്കളാല്‍ തീര്‍ത്ത സെല്‍ഫി പോയിന്റ് തുടക്കത്തില്‍ തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു. പുഷ്‌പോത്സവത്തോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങള്‍ക്ക് ശനിയാഴ്ച്ചയാണ് തുടക്കമാകുക. ശനിയാഴ്ച്ച കുട്ടികള്‍ക്കായി ഫാഷന്‍ ഷോ, പുഷ്പരാജാ പുഷ്പറാണി മത്സരങ്ങള്‍ നടത്തും. ഒപ്പം കുട്ടികള്‍ക്കായി ചിത്രരചന, ഡാന്‍സ് മത്സരങ്ങളും മേളയുടെ ഭാഗമായി വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. കലാസന്ധ്യകള്‍, നാടന്‍ മലബാര്‍ ഭക്ഷ്യമേള, പായസമേള, ഗെയിംസ് ഷോ എന്നിവയും മേളയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. നവംബര്‍ 3 മുതല്‍ 15 വരെ കനകക്കുന്ന് സൂര്യകാന്തിയില്‍ നടക്കുന്ന മേളയില്‍ മൂന്നുലക്ഷത്തോളം ആളുകള്‍ പങ്കെടുക്കും എന്നാണ് വിലയിരുത്തല്‍. മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ജൈവ വിഭവവികസന കേന്ദ്രം, കേരള്‍ ടുഡേ എന്നിവരാണ് മേളയുടെ സംഘാടകര്‍. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 9.30 വരെയാണ് പുഷ്പമേളയുടെ പ്രദര്‍ശനസമയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.