സോളാര്‍ പ്രഭയിലെ കോണ്‍ഗ്രസ് മുഖം

Thursday 9 November 2017 9:19 pm IST

കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തിന് എന്നും അഴിമതിയിലാണ് കണ്ണ്. 10 വര്‍ഷം യുപിഎ ഭരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ലക്ഷക്കണക്കിന് കോടിയാണ് കൊള്ളയടിച്ചത്. മോന്തായം വളഞ്ഞാല്‍പ്പിന്നെ പറയാനില്ലല്ലോ. രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങളുള്ളത് കേരളത്തിലാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതോടെ പാര്‍ട്ടി അംഗങ്ങളെ മാത്രമല്ല, ജനങ്ങളെയാകെ ലജ്ജിപ്പിച്ചിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അഴിമതി മാത്രമല്ല അസാന്മാര്‍ഗികതയിലും സമര്‍ത്ഥന്മാരാണ് പാര്‍ട്ടി നേതൃത്വമെന്ന് വ്യക്തമായി. കോണ്‍ഗ്രസ് നയിച്ച യുഡിഎഫ് ഭരണകാലത്ത് ഉയര്‍ന്നുവന്നതാണ് സോളാര്‍ തട്ടിപ്പും സരിതാനായരുടെ കേളീവിലാസവുമൊക്കെ. ജനരോഷം പതഞ്ഞുപൊങ്ങിയപ്പോള്‍ തലയൂരാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിശ്ചയിച്ചത്. ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇടതു സര്‍ക്കാരിനാണ്. റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചതോടെ പൊതുരേഖയായി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഇതുവരെ കേട്ടതിനെക്കാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായി പ്രത്യക്ഷപ്പെടുന്ന നേതാക്കളുടെയെല്ലാം തനിസ്വരൂപം പൊതുജനമറിഞ്ഞു. സംസ്ഥാനത്ത് ഏത് പുതിയ സംരംഭം തുടങ്ങണമെങ്കിലും ഭരണ നേതൃത്വത്തിന്റെയും അവരുടെ ഇടനിലക്കാരുടെയും മുന്നില്‍ പണം മാത്രമല്ല, മാനവും സമര്‍പ്പിക്കണം എന്നാണ് സോളാര്‍ കേസ് തെളിയിക്കുന്നത്. എന്നാലും കാര്യം നടക്കണമെന്നില്ല. എന്നിട്ടും ഉളുപ്പില്ലാതെ തങ്ങള്‍ നിയമിച്ച കമ്മീഷനെ സംശയിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് കാണുമ്പോള്‍ ജനങ്ങളുടെ തൊലി ഉരിഞ്ഞുപോവുകയാണ്. മുന്‍മുഖ്യമന്ത്രിക്കെതിരെ ലൈംഗികാരോപണം വന്നപ്പോള്‍, അദ്ദേഹത്തിന്റെ പ്രായം നോക്കണ്ടേ എന്നാണ് ചില നേതാക്കള്‍ ചോദിച്ചത്. ഉമ്മന്‍ചാണ്ടിയെക്കാള്‍ കൂടുതല്‍ പ്രായമുള്ളപ്പോഴായിരുന്നു എന്‍.ഡി. തിവാരിയുടെ ലീലാവിലാസം. ആന്ധ്രയിലെ ഗവര്‍ണര്‍ സ്ഥാനത്തിരിക്കെ കോണ്‍ഗ്രസ് നേതാവായിരുന്ന തിവാരി രാജ്ഭവന്‍ അസന്മാര്‍ഗിക പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങി കെപിസിസി ഭാരവാഹികള്‍ വരെ സോളാര്‍ അഴിമതിയിലും ലൈംഗിക അപവാദത്തിലും കുടുങ്ങിയിരിക്കുന്നു. ഇതില്‍പരം അപമാനം ഒരു പാര്‍ട്ടിക്കും ഉണ്ടാവാനില്ല. അതുകൊണ്ടുതന്നെ സോളാര്‍ പ്രഭയില്‍ തനിനിറം തെളിഞ്ഞ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വയം പിരിഞ്ഞുപോകുന്നതാണ് അഭികാമ്യം. നാണവും മാനവുമില്ലാത്ത നേതാക്കളായതിനാല്‍ പിരിച്ചുവിടുമെന്നൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അടവു നയത്തിന്റെ ഭാഗമായിട്ടാകാം ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നടപടികളിലേക്ക് പോവുകയാണെന്ന ധാരണ പരത്താന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടത് മന്ത്രിസഭയിലെ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഗതിമുട്ടി നില്‍ക്കുകയാണ്. അതില്‍നിന്ന് ആശ്വാസം കണ്ടെത്താനുള്ള പരിശ്രമമല്ലേ ഇതെന്നും സംശയിക്കണം. നിങ്ങളും ഞങ്ങളും ഒരുപോലെ എന്ന് സൂചിപ്പിച്ച് കാര്യം നേടാനുള്ള കൗശലം. ഐക്യമുന്നണി കാട്ടിയ വഴിയെയാണ് ഇടതുമുന്നണിയും സഞ്ചരിക്കുന്നത്. ഏതായാലും കോണ്‍ഗ്രസ് ഓഫീസിന് ഇനി ഇന്ദിരയുടെ പേരല്ല, സരിതയുടെ പേരാണ് ചേരുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.