സൗകര്യങ്ങളില്ല: തരിശ് ഭൂമിയില്‍ കൃഷിയിറക്കാനാവാതെ കര്‍ഷകര്‍

Thursday 9 November 2017 10:24 pm IST

ഇരിങ്ങാലക്കുട : പതിനഞ്ച് വര്‍ഷത്തിലേറെയായി തരിശുകിടക്കുന്ന ഏക്കറുകണക്കിന് കൃഷി ഭൂമിയില്‍ കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയ്യാറായെങ്കിലും പശ്ചാത്തല സൗകര്യമൊരുക്കാന്‍ വൈകുന്നതില്‍ കര്‍ഷകര്‍ രോഷാകുലരാണ്. മൂര്‍ക്കനാട് ചിത്രാപ്പ് കായലിന് കിഴക്ക് ഭാഗത്തെ വലിയ കോള്‍, വാര്യത്ത് കോള്‍ എന്നി പാടശേഖരങ്ങളില്‍ അഞ്ഞൂറോളം വരുന്ന കൃഷി ഭൂമിയിലാണ് കൃഷിയിറക്കാന്‍ തയ്യാറായി കര്‍ഷകര്‍ എത്തിയിരിക്കുന്നത്. ചെമ്മണ്ട കായല്‍ കടുംകൃഷി സഹകരണ സംഘത്തിന്റെ പരിധിയില്‍ വരുന്ന ഈ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ അടിസ്ഥാന സൗകര്യമൊരുക്കിത്തരണമെന്ന കര്‍ഷകരുടെ ആവശ്യം കാലങ്ങളായി സംഘം അവഗണിക്കുകയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷി ചെയ്യാന്‍ വേണ്ട പശ്ചാത്തല സൗകര്യമൊരുക്കാന്‍ നടപടികളൊന്നും ഉണ്ടായില്ല. എല്ലാ വര്‍ഷവും കര്‍ഷകരെ വിളിച്ച് മീറ്റിങ്ങ് കൂടുകയല്ലാതെ ഒരു മോട്ടോര്‍ ഷെഡ്ഡ് കെട്ടാന്‍ പോലും നാളിതുവരെയായിട്ടും കഴിഞ്ഞിട്ടില്ലെന്ന് അവര്‍ പറഞ്ഞു. നിലമൊരുക്കുന്നതിനും പാടത്തെ വെള്ളം വറ്റിക്കുന്നതിനും യഥാസമയത്ത് വെള്ളം എത്തിക്കുന്നതിനും വേണ്ട സംവിധാനം ഏര്‍പ്പെടുത്താതിരുന്നതാണ് ഈ പാടശേഖരത്തില്‍ കൃഷി മുടങ്ങാന്‍ കാരണം. തരിശുരഹിത ജില്ലയായി തൃശ്ശൂരിനെ പ്രഖ്യാപിച്ചെങ്കിലും ഈ ഭാഗത്തൊന്നും അതിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇക്കുറിയെങ്കിലും പാടത്ത് കൃഷിയിറക്കണമെന്ന നിലപാടിലാണ് ഇവിടത്തെ കര്‍ഷകര്‍. അതിന്റെ ഭാഗമായി വലിയ കോള്‍, വാര്യത്ത് കോള്‍ സംരക്ഷണ സമിതി എന്ന പേരില്‍ കര്‍ഷകരുടെ ഒരു കൂട്ടായ്മ രൂപികരിച്ചിട്ടുണ്ട്. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരത്തിനകത്തോ കൃഷിയിറക്കിയെങ്കില്‍ മാത്രമെ സമയത്തിന് കൊയ്യാന്‍ കഴിയു. ഇല്ലെങ്കില്‍ മഴ പെയ്ത് കൃഷി നശിക്കും. എന്നാല്‍ സംഘം ഇതുവരേയും തോട് വൃത്തിയാക്കുകയോ മോട്ടോര്‍ ഷെഡ് നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല. മോട്ടോര്‍ ഷെഡ് കെട്ടി പുത്തന്‍ തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്ത് കളഞ്ഞെങ്കില്‍ മാത്രമെ കൃഷിക്കായി നിലമൊരുക്കാന്‍ സാധിക്കു. തോട്ടില്‍ നിന്നും ഒരു കിലോ മീറ്ററോളം ദൂരത്ത് പൈപ്പിട്ടാല്‍ മാത്രമെ അവശ്യസമയങ്ങളില്‍ കൃഷിക്ക് വെള്ളം ലഭ്യമാകു. ഇതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ അടിയന്തിരമായി മോട്ടോര്‍ സ്ഥാപിക്കുന്നതിനും തോടുകള്‍ വ്യത്തിയാക്കുന്നതിനും നടപടിയെടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.