എല്‍എന്‍ജി പൈപ്പ് ലൈന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് ഗെയില്‍

Friday 10 November 2017 12:34 am IST

കൊച്ചി: എല്‍എന്‍ജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി കൂടുതല്‍ സുരക്ഷാ പരിശോധന വേണമെന്ന അഭിഭാഷക കമ്മിഷന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ഗെയില്‍ അധികൃതര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഓയില്‍ ഇന്‍ഡസ്ട്രീസ് സെക്യൂരിറ്റി ഡയറക്ടറേറ്റ് (ഒഐഎസ്ഡി) നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചാണ് പൈപ്പിടുന്നത്. മുംബയ്, ഡല്‍ഹി, ബംഗളുരു എന്നീ മെട്രോ നഗരങ്ങളിലടക്കം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഈ നഗരങ്ങളില്‍ ഒരു പ്രശ്‌നവുമില്ല. വിവേചന രഹിതമായ പ്രസ്താവനകള്‍ക്കു പകരം സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ സമര്‍പ്പിക്കണമായിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഏറെ അകലെക്കൂടി പൈപ്പ് കടന്നുപോകുന്ന തരത്തില്‍ അലൈന്‍മെന്റ് പുന: ക്രമീകരിക്കണമെന്ന കമ്മിഷന്റെ കണ്ടെത്തല്‍ യുക്തിക്ക് നിരക്കുന്നതല്ല. സുരക്ഷാ പരിശോധന ഇനിയും നടത്തുന്നത് പദ്ധതി കൂടുതല്‍ വൈകിപ്പിക്കുമെന്നും പ്രയോജന രഹിതമായ ഇത്തരം നിര്‍ദേശങ്ങള്‍ ഹൈക്കോടതി അവഗണിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പൊതുജനത്തിന് ചെലവ് കുറഞ്ഞ ഇന്ധനം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനു വിരുദ്ധമാണ് കണ്ടെത്തലെന്നും സത്യവാങ്മൂലം പറയുന്നു. കടല്‍ത്തീരത്തു കൂടി പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന ആവശ്യം സിറ്റി ഗ്യാസ് വിതരണ ശൃംഖലയെന്ന പദ്ധതിക്ക് ചേരുന്ന നിര്‍ദേശമല്ല. ഓരോ വീടിന്റെയും അടുക്കളയിലേക്ക് ഗ്യാസ് എത്തിക്കുന്ന പദ്ധതി ജനവാസ കേന്ദ്രത്തില്‍ നിന്ന് അകലെ വേണമെന്ന വാദം ശരിയല്ല. 2007 ല്‍ തുടങ്ങിയ പദ്ധതി പല കാരണങ്ങളാല്‍ ഇതുവരെ എങ്ങുമെത്തിയില്ല. അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷയൊരുക്കിയാണ് ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ് കടന്നു പോകുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ ഹരിതസേന സമഗ്ര കാര്‍ഷിക വികസന സമിതി ചെയര്‍മാന്‍ വി.ടി. പ്രദീപ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍സി കണ്ണന്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.