ഹര്‍ത്താല്‍ പൂര്‍ണ്ണം

Saturday 15 September 2012 10:20 pm IST

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയിലും പാചകവാതക സിലിണ്ടര്‍ സബ്സിഡി ചുരുക്കിയതിലും പ്രതിഷേധിച്ച്‌ ബിജെപിയും ഇടതുമുന്നണിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനരോഷം ഇരമ്പി. റോഡുഗതാഗതത്തെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചു.
കടകമ്പോളങ്ങളൊന്നും തുറന്നില്ല. ഇരുചക്രവാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ അധികം റോഡിലിറങ്ങിയില്ല. സംസ്ഥാനത്ത്‌ കെഎസ്‌ആര്‍ടിസി സര്‍വീസ്‌ നടത്തിയില്ല. ട്രെയിനുകളെയാണ്‌ ദീര്‍ഘദൂരയാത്രക്കാര്‍ ആശ്രയിച്ചത്‌. ഇത്തരത്തില്‍ ട്രെയിനുകളില്‍ എത്തിയ യാത്രക്കാരില്‍ പലരും ഓട്ടോറിക്ഷ, ടാക്സികള്‍ കിട്ടാതെ സ്റ്റേഷനുകളില്‍ കുടുങ്ങുകയും ചെയ്തു.
വിവിധ ട്രേഡ്‌ യൂണിയനുകളും ബഹുജനസംഘടനകളും ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബസ്‌ ഓപ്പറേറ്റര്‍മാരുടെ സംഘടനകളും മോട്ടോര്‍തൊഴിലാളികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റെയും ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.
ജനങ്ങള്‍ക്ക്‌ ഇരട്ടപ്രഹരമേല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യമാകെ അതിശക്തമായ പ്രതിഷേധം അലയടിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ മുഴുവന്‍ സംസ്ഥാനങ്ങളിലും ജനം തെരുവിലിറങ്ങിയ കാഴ്ചയായിരുന്നു കണ്ടത്‌. ആശുപത്രി, പത്രം, കുടിവെള്ളം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.പ്രതിഷേധമാര്‍ച്ചുകളിലും യോഗങ്ങളിലും ആയിരങ്ങളാണ്‌ അണിനിരന്നത്‌. ബിജെപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഏജീസ്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.ജില്ലാ താലൂക്ക്‌ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മാര്‍ച്ച്‌ നടത്തി. തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിലേക്ക്‌ സംയുക്തമാര്‍ച്ച്‌ ഉണ്ടായിരുന്നു.
മോട്ടോര്‍തൊഴിലാളികള്‍ വാഹനം വടംകെട്ടി വലിച്ച്‌ പ്രതിഷേധിച്ചു.ഏജീസ്‌ ഓഫീസിനുമുമ്പിലേക്ക്‌ സെക്രട്ടറിയറ്റ്‌ ജീവനക്കാരും മാര്‍ച്ച്‌ നടത്തി. കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തി പ്രധാനമന്ത്രിയുടെ കോലംകത്തിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.