ലഹരിക്കെതിരെ എക്‌സൈസ്-പൊലീസ് സംയുക്ത പരിശോധന നടത്തും

Friday 10 November 2017 2:07 am IST

കണ്ണൂര്‍: ജില്ലയില്‍ മദ്യവും മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തുന്നതിനായി എക്‌സൈസ് വകുപ്പും പൊലീസും സംയുക്ത പരിശോധനകള്‍ നടത്താന്‍ വ്യാജമദ്യം തടയുന്നതിനുള്ള ജില്ലാതല ജനകീയസമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി നിര്‍ദേശം നല്‍കി. എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് തല ജനകീയസമിതികള്‍ എല്ലാ മാസവും ആദ്യത്തെ ആഴ്ച യോഗം ചേരാനും കളക്ടര്‍ നിര്‍ദേശിച്ചു. എക്‌സൈസ് നടത്തുന്ന പരിശോധനകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ചോരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടിയുണ്ടാവുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി.വി.സുരേന്ദ്രന്‍ അറിയിച്ചു. കഞ്ചാവിന്റെയും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ എക്‌സൈസ് വകുപ്പിനെ വിളിച്ചറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ മാത്രമേ ലഹരി ഉപയോഗം ഫലപ്രദമായി തടയാന്‍ കഴിയൂ. വിവരം നല്‍കുന്നവരുടെ സുരക്ഷിത്വം ഉറപ്പുവരുത്തും. ജില്ലയില്‍ കോളജുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം ലഹരി മിഠായി വില്‍പന നടത്തുന്നതായും ഇത് തടയാന്‍ മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നും ആവശ്യമുയര്‍ന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ സജീവമാവണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തണം. ജില്ലയില്‍ കഴിഞ്ഞ മാസം 90 അബ്കാരി കേസുകളും 35 എന്‍ഡിപിഎസ് കേസുകളും പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട 398 കേസുകളും എടുത്തിട്ടുണ്ട്. 92 പ്രതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 2.781 കിലോ ഗ്രാം കഞ്ചാവും 1.320 ഗ്രാം ബ്രൗണ്‍ഷുഗറും 202.453 കി.ഗ്രാം പാന്‍ മസാലയും പിടിച്ചെടുത്തു. കൂടാതെ 10 ലിറ്റര്‍ ചാരായവും 79.810 ലിറ്റര്‍ വിദേശ മദ്യവും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള 293.215 ലിറ്റര്‍ വിദേശ മദ്യവും 7.8 ലിറ്റര്‍ ബിയറും 8.1 ലിറ്റര്‍ അരിഷ്ടവും 16.1 ലിറ്റര്‍ വാഷും 200 മി.ലിറ്റര്‍ വൈനും പിടിച്ചെടുത്തിട്ടുണ്ട്. യോഗത്തില്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി.വി.സുരേന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ സി.എം.ഗോപിനാഥന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.