ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍; എംആര്‍ വാക്‌സിനേഷന് മികച്ച പ്രതികരണം

Friday 10 November 2017 2:07 am IST

കണ്ണൂര്‍: ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന മീസില്‍സ് - റുബെല്ലാ വാക്‌സിനേഷന് മികച്ച പ്രതികരണം. ഇതുവരെ 3,90,184 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിക്കഴിഞ്ഞു. 98.4 ശതമാനം കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കിയ പെരിങ്ങോം ഹെല്‍ത്ത് ബ്ലോക്കാണ് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. ക്യാമ്പയിന്‍ നവംബര്‍ 18 വരെ നീട്ടിയിട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍, പിടിഎ, മാനേജ്മമെന്റ് പ്രതിനിധികള്‍ എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാക്‌സിനേഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. വാക്‌സിനേഷനു വേണ്ടി വിപുലമായ സംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. സ്‌കൂളില്‍ വെച്ച് കുത്തിവെപ്പ് എടുക്കാന്‍ സാധി ക്കാത്തവര്‍ക്ക് തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലോ കാമ്പയിന്‍ നടക്കുന്ന അംഗന്‍വാടികളിലോ വെച്ച് കുത്തിവെപ്പ് എടുക്കാവുന്നതാണ്. കൂടാതെ ജില്ലയില്‍ പരിയാരം, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജുകളില്‍ 11, 15, 18 തീയതികളില്‍ 10 മണി മുതല്‍ 12 മണിവരെയും തലശ്ശേരിയിലെ കോ-ഓപ്പറേറ്റീവ് ആശുപത്രി, ടെലി ആശുപത്രി, ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി, ജോസ്ഗിരി ആശുപത്രി എന്നിവിടങ്ങളില്‍ 11 ന് രാവിലെ 9.30 മുതല്‍ 1 മണി വരെയും, കണ്ണൂരിലെ എ. കെ. ജി ആശുപത്രിയില്‍ 10, 11, 18 തീയതികളില്‍ 9 മണി മുതല്‍ 4 മണിവരെയും കൊയിലി ആശുപത്രിയില്‍ 15 ന് 10 മണി മുതല്‍ 2 മണി വരെയും, ധനലക്ഷ്മി ആശുപത്രി കണ്ണൂര്‍, സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ 18 ന് 9 മണി മുതല്‍ 1 മണി വരെയും എംആര്‍ വാക്‌സിനേഷനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസത്യ പ്രചരണങ്ങള്‍ക്ക് കീഴ്‌പ്പെടാതെ ഭാവി തലമുറയുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തുന്ന ഈ തീവ്രയജ്ഞ പരിപാടിയുമായി സഹകരിച്ച് 9 മാസം മുതല്‍ 15 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.