ദല്‍ഹിയിലെ മലിനീകരണം; കാരണം ഗള്‍ഫ് പൊടിക്കാറ്റ്

Friday 10 November 2017 10:51 am IST

  ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷാകുന്നതിന് കാരണം ഗള്‍ഫില്‍ നിന്നുള്ള പൊടിക്കാറ്റെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ്, ഇറാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൊടിക്കാറ്റും പാക്കിസ്ഥാനില്‍ നിന്നുള്ള മഞ്ഞും മലിനീകരണ തോത് ഉയരുന്നതിന് കാരണമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷത്തിലെ മുകളിലത്തെ പാളിയിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും  ശക്തമായ വായു സഞ്ചാരമുണ്ടാകാറുണ്ട്. ഇങ്ങനെ വരുമ്പോള്‍ പൊടി കലര്‍ന്ന കാറ്റ് പാക്കിസ്ഥാനിലൂടെ തണുത്ത അന്തരീക്ഷത്തില്‍ നിന്ന് ജലകണങ്ങള്‍ കൂടി സ്വീകരിച്ച്  ഇന്ത്യയിലെത്തുന്നതെന്നും ശാസത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിലെ കൃഷിസ്ഥലങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്ന സമയമായതിനാല്‍ ഇതും പുകമഞ്ഞിന് കാരണമാകുന്നുണ്ട്. പുകമഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനാപകടങ്ങളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദല്‍ഹി സര്‍ക്കാറിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സ്‌കൂളുകളില്‍ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും കായിക മത്സരങ്ങളും ഒഴിവാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഞായറാഴ്ചവരെ ദല്‍ഹിയിലെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ അത്യന്തം മലിനീകരിക്കപ്പെട്ട വായുവാണ് നേരിടേണ്ടി വരികയെന്നും നവംബര്‍ 19നുള്ള ദല്‍ഹി മാരത്തണ്‍ ഒഴിവാക്കണമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് അയച്ച കത്തില്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരമായ ചൈനയിലെ ബെയ്ജിങിനേക്കാള്‍ പത്തിരട്ടി മലിനമാണ് ഈ വര്‍ഷം ദല്‍ഹിയിലെ പുകയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദല്‍ഹിയില്‍ ഇതിനകം തന്നെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ദല്‍ഹിയിലെ വായുവിലെ ഗുണനിലവാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം 486 പോയിന്റാണ്. നിലവാര സൂചികയനുസരിച്ച് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ സൂചിക 50 വരെയാകാമെന്നാണ് കണക്ക്. ശനിയാഴ്ചയോടെ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.