അഗ്രേപശ്യാമി

Friday 10 November 2017 8:50 pm IST

അബോധപൂര്‍വമായി തനിക്ക് പതിഞ്ഞു കിട്ടുന്ന വെറുമൊരഭിധാനത്തിന് അപാരമായ കാവ്യസംസാരത്തില്‍ ഒരു ഇതിഹാസ കഥാപാത്രശോഭയുണ്ടാവുക. നരന്‍ നാരായണനാവുന്നതും നാരായണന്‍ നരനാവുന്നതും അവതാരമാഹാത്മ്യോപാഖ്യാനങ്ങളില്‍ അപൂര്‍വതയല്ല. മാതൃദത്തന്‍, സ്വപുത്രന് നാരായണന്‍ എന്നു നാമകരണം ചെയ്തപ്പോള്‍ ദ്വേധാനാരായണീയം എന്നൊരു പില്‍ക്കാല പ്രസിദ്ധി പ്രതീക്ഷിച്ചിരിക്കുമോ? പുരാണത്തെ ചരിത്രമാക്കി വ്യവഹരിക്കുമ്പോള്‍ വ്യാഖ്യാനത്തിന്റെ നിജസ്ഥിതി ചോദ്യംചെയ്യപ്പെടുന്നതിന് വര്‍ത്തമാനകാലാനുഭവങ്ങള്‍ നിരവധിയുണ്ട്. പക്ഷെ ചരിത്രം പുരാണമാകുന്നത് അമ്പരപ്പിക്കുന്ന ഒരാകസ്മികതയാണ്. മലപ്പുറം ജില്ലയില്‍, നിളയുടെ തീരത്ത് തിരുനാവായയില്‍ നിന്നും മൂന്നര നാഴിക വടക്കുള്ള ഉപരിനവഗ്രാമത്തിലെ നാരായണന്‍ കേരളചരിത്രത്തിലെ പുരാണപുരുഷനാകുന്നു. ഉപരിനവഗ്രാമം മേല്‍പുത്തൂരാവുകയും നാരായണന്‍ നാരായണഭട്ടതിരിയാവുകയും ചെയ്തപ്പോള്‍ അധ്യാത്മകേരളത്തിന്റെ വരേണ്യബോധത്തിന് ലഭിച്ച പ്രക്രിയാസര്‍വ്വസ്വമാണ് നാരായണീയം. ഇതുപോലെ ഇതൊന്നുമാത്രമേയുള്ളൂ ഇവിടെ. ഒരു ക്ഷേത്രത്തിന്റെ മതിലകത്തെ നിത്യനൈമിത്തികതകളില്‍ സമര്‍പ്പിത ചേതസ്സായ ഒരു കവി നാലു നൂറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞിട്ടും സഹൃദയ മനസ്സില്‍ ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കുന്നു. ഒരു മിത്തിന്റെ തിളക്കത്തോടെ മരിക്കാത്ത മഹാത്ഭുതമായി കവിത ജീവിക്കുമ്പോള്‍ കവിക്ക് മരണില്ലാതാവുന്നു. ആത്മാര്‍ത്ഥതയുടെ അനായാസതയോടെയുള്ള ആലാപനത്തിന്റെ അനുസ്യൂതിയില്‍ ആരാധ്യദേവനെ പ്രത്യക്ഷവല്‍ക്കരിക്കുന്ന അനുഭൂതി തീവ്രതയ്ക്ക് ഏറെ ഉദാഹരണങ്ങള്‍ സംഗീതലോകത്തുനിന്നും നിരത്തുവാനുണ്ടാകും. കവിയുടെ വാക്കുകള്‍ അര്‍ച്ചനാപുഷ്പങ്ങളാവുക. എന്നിട്ടോ ആരാധിച്ചാരാധിച്ച് ആരാധകന്‍ ആരാധ്യദേവനില്‍ സംവിദ്വിശ്രാന്തിയണയുക. ഇങ്ങനെയുള്ള യോഗാത്മക കവിത പഞ്ചേന്ദ്രിയാതീതമായ ഭാവസൗരഭം പകരുന്നു. ഈ ഗാഢാനുഭൂതിക്ക് മലയാളകവിതാസാഹിത്യ ചരിത്രത്തിലെ നിത്യസ്മാരകമാണ് ശ്രീമന്നാരായണീയം. പദോപജീവിയായ കവി ദേവന്റെ പാദോപജീവിയാവുക. പദങ്ങളൊക്കെയും ദേവപാദങ്ങളിലേക്ക്. കവിതയുടെ ചൊല്‍ക്കാഴ്ചയില്‍ ദേവപാദാരവിന്ദമെപ്പോഴും കവിയുടെ മുഖാരവിന്ദത്തില്‍. ഗുരുപവനപുരത്തിന്റെ ഗുരുത്വാകര്‍ഷണത്തിലിതള്‍ വിരിഞ്ഞ കമമ്രകാവ്യ പുഷ്പം. ഇതത്രെ മേല്‍പുത്തൂര്‍ നാരായണഭട്ടതിരിപ്പാടിന്റെ നാരായണീയം. കവി ഋഷിയാണെന്ന സൂക്തം സുവിദിതമാണ്. ഋഷിയാവുന്നത് ദര്‍ശനംകൊണ്ടും. അഭിനവഗുപ്തന്‍ സാക്ഷാല്‍ക്കാരംകൊണ്ടും ബെനഡെറ്റെ ക്രോച്ചേ അന്തര്‍വീക്ഷണംകൊണ്ടും വിവക്ഷിക്കുന്നത് ഈ ദര്‍ശനത്തെത്തന്നെ. ദര്‍ശനത്തിന്റെ ദിവ്യകിരണങ്ങളാല്‍ പ്രഭാപൂരിതമാക്കപ്പെട്ട അന്തര്‍നയനം കവിയുടെ മാത്രം സ്വത്താണ്. ഋഷിയുടേയും കവിയുടേയും ദര്‍ശനങ്ങള്‍ സമാനങ്ങളല്ല. ഋഷിക്ക് കവിയാകാം. പക്ഷേ കവി ഋഷിയാകുന്നില്ല. വ്യാസന്‍ ഋഷിയായിരുന്നു. വാത്മീകിയും. മേല്‍പുത്തൂര്‍ ഭട്ടതിരി ഋഷിയായിരുന്നില്ല. ഋഷികവിയാണ് നാരായണഭട്ടതിരി. ഭക്തിക്കൊരു ലക്ഷണം നാരദഭക്തിസൂത്രം നല്‍കുന്നുണ്ട്. 'സാ പരാനുരക്തിരീശ്വരേ.' ഇഷ്ടദേവതയില്‍ നിരന്തരാനുരാഗം എന്ന് ഭക്തിയെ നിര്‍വചിച്ചിരിക്കുന്നു. പ്രാചീന പദ്യ സാഹിത്യം പ്രായേണ ഭക്തിമയമാണ്. ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളും മധ്യശതകങ്ങളില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഭക്തിസാഹിത്യത്തിന്റെ അരുണോദയത്തിലാണ്. എഡി പത്തിനുശേഷം ഹിന്ദുപുരാണ കഥകളുടെ സങ്കീര്‍ത്തനങ്ങള്‍ക്ക് ശ്രുതി ചേര്‍ത്തത് തമിഴും മലയാളവുമായിരുന്നു. ഭക്തസാഹിത്യത്തില്‍ വൈഷ്ണവകവിത പ്രാമുഖ്യം നേടിക്കാണുന്നു. ഭക്തിയുടെ കാറ്റ് തെക്കുനിന്ന് വടക്കോട്ടു വീശിയപ്പോള്‍ പെരുകിയ കാവ്യപാരാവാരഭംഗ പരമ്പരയില്‍ പൊന്തിനിന്ന വിഗ്രഹം മഹാവിഷ്ണുവിന്റേതാണ്. ഭാരതേതിഹാസങ്ങളിലെ കഥാനായകന്മാര്‍ വിഷ്ണുവിന്റെ അവതാരങ്ങളെന്നതാവാം ഒരു കാരണം. പതിനാറു പതിനേഴു നൂറ്റാണ്ടുകളില്‍ ഏറെ ഭക്തിമഞ്ജരികള്‍ ഋതുരാഗം ചൂടി വിടര്‍ന്നു. സൂര്‍ദാസ്, തുളസീദാസ് തുടങ്ങിയവര്‍ ഹിന്ദിയിലും കമ്പര്‍ തമിഴിലും വിദ്യാപതി മൈഥിലിയിലും ചൈതന്യന്‍ ബംഗാളിയിലും വിഷ്ണുഗീതങ്ങള്‍ എഴുതി. ഭാരതീയഭാഷകളില്‍ ഒരധ്യാത്മിക നവോത്ഥാനത്തിന്റെ കലാസന്ധിയാണിത്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം. സാമൂഹ്യരാഷ്ട്രീയഘടന തകര്‍ച്ചയുടെ പടവിലായിരുന്നു കേരളത്തില്‍. വിദേശികളുടെ കയ്യേറ്റം, ഇടപ്രഭുക്കന്മാരുടെ കിടമത്സരം, മലബാറിലെ മാപ്പിളലഹള, രാജാക്കന്മാരുടെ അധാര്‍മ്മികത- ഇവയൊക്കെയും കശക്കിയ ജീവിതം. ആധ്യാത്മികോല്‍ബോധനത്തിന്റെ ആവശ്യകത അന്നത്തെ കേരളത്തിന് അത്യന്താപേക്ഷിതമായിവന്നു. വിനോദനത്തെയും പ്രബോധനത്തെയുംകാള്‍ ആത്മശുദ്ധീകരണമാണ് ആ കാലഘട്ടം ആവശ്യപ്പെട്ടത്. മേല്‍പുത്തൂരിന്റെ നാരായണീയത്തെ ഈ കാലഖണ്ഡത്തില്‍ നിന്നുകൊണ്ടുവേണം നാം നിവര്‍ത്തി വായിക്കേണ്ടത്. (പ്രൊഫ. കെ.ശശികുമാറിന്റെ ആധ്യാത്മികതയുടെ പ്രയോഗ വിജ്ഞാനം എന്ന പുസ്തകത്തില്‍ നിന്ന്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.