വൈദേശികകരങ്ങളെ കരുതിയിരിക്കണം

Monday 13 November 2017 1:09 pm IST

വിവിധ സംസ്ഥാനങ്ങളിലെ ആര്‍എസ്എസ് നേതാക്കളെ പാക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നുണ്ടെന്ന വാര്‍ത്തകള്‍ നടുക്കമുളവാക്കുന്നതാണ്. പഞ്ചാബിലെ രണ്ട് ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ ഐഎസ്‌ഐ ആണെന്ന് വ്യക്തമാക്കിയത് പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഭീകരാക്രമണ പദ്ധതികള്‍ വിജയം കാണാതെ വന്നതോടെയാണ് വ്യക്തികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിലേക്ക് ഐഎസ്‌ഐ ചുവടു മാറ്റിയതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ ഘടകം ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് ചാര സംഘടനയും ആര്‍എസ്എസ് നേതാക്കളിലേക്ക് തിരിഞ്ഞത്. രാജ്യത്തിനു നേരേയുള്ള യുദ്ധം രാജ്യത്തെ ഏറ്റവും വലിയ ദേശീയ പ്രസ്ഥാനത്തിനു നേര്‍ക്ക് ഐഎസ്‌ഐ തിരിച്ചുവിട്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ പ്രധാനമന്ത്രി അടക്കമുള്ള വിവിധ നേതാക്കള്‍ അടുത്തിടെ നടത്തിയ ആര്‍എസ്എസ് വിരുദ്ധ പ്രസ്താവനകളുമായി പാക് ചാരസംഘടനയുടെ പുതിയ നീക്കങ്ങളെ ഒത്തുനോക്കുമ്പോള്‍ ആര്‍എസ്എസാണ് പാക്കിസ്ഥാന്റെ പ്രധാന ലക്ഷ്യമെന്ന് ഒരിക്കല്‍ക്കൂടി തെളിയുന്നു. സിഖ് വിഘടനവാദ സംഘടനകളും മുസ്ലിം ഭീകരസംഘടനകളും തമ്മിലുള്ള ബന്ധം ശക്തമായ പഞ്ചാബില്‍ ഏറെ വെല്ലുവിളികളോടെയാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. കഴിഞ്ഞ ആഗസ്തിലാണ് പ്രാന്ത സഹസംഘചാലക് ജഗദീഷ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. അതിന്റെ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞമാസം ശാഖാ മുഖ്യശിക്ഷകിനെ വെടിവച്ച് കൊലപ്പെടുത്തിയത്. രണ്ടു കൊലപാതകങ്ങളും സമാനമായ രീതിയിലാണ് ചെയ്തിരിക്കുന്നത്. ഖാലിസ്ഥാന്‍ വിഘടനവാദത്തിന്റെ പുനരുജ്ജീവനം പാക് ചാരസംഘടനയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. കാനഡ കേന്ദ്രീകരിച്ച് ഭീകര പരിശീലനം ലഭിക്കുന്ന സിഖുകാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. സിഖുകാരുടെ വേഷത്തില്‍ കാനഡയിലെ സിഖ് വിഘടനവാദ സംഘടനകളില്‍ ആറ് ഐഎസ്‌ഐ ചാരന്മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ 'റോ'യുടെ കണ്ടെത്തല്‍. ഇവരാണ് കൊലപാതകങ്ങളുടെ മുഖ്യസൂത്രധാരന്മാരെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ഐഎസ്‌ഐയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ അസ്ഥിരത ഉണ്ടാക്കാനുമാണ് ഇവരുടെ പ്രധാന ശ്രമം. ഇതിന് വിഘാതമായി നില്‍ക്കുന്ന ശക്തികളെ ഇല്ലാതാക്കാനുള്ള പാക് ചാര സംഘടനയുടെ ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും നഷ്ടപ്പെട്ട സംഘ പ്രസ്ഥാനങ്ങള്‍ക്ക് ഐഎസ്‌ഐയുടെ പുതിയ നീക്കത്തിലും ഭയമുണ്ടാകില്ല. രാഷ്ട്രത്തിനായുള്ള ദൗത്യത്തിന്റെ ഭാഗമായി സംഘ പ്രവര്‍ത്തനത്തെ കാണുന്നവര്‍ സമര്‍പ്പിത ജീവിതങ്ങളാണ്. എന്നാല്‍ കൊലപാതകങ്ങള്‍ അടക്കമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ച് മുതലെടുക്കാന്‍ വിദേശ ശക്തികള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ അവസരം നല്‍കാതെയിരിക്കേണ്ടത് ഭരണകൂടത്തിന്റെയും സുരക്ഷാ സംവിധാനങ്ങളുടേയും ചുമതലയാണ്. ഇത്തരം വിഘടനവാദ ശക്തികളെ കണ്ടെത്തി ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.