അഭിനയമല്ല ജീവിതം

Friday 12 May 2017 12:39 pm IST

പാലക്കാട്ടെ പ്രശസ്ത രാഷ്ട്രീയ കലാ സംസാക്കാരിക പാരമ്പര്യമുള്ള അമ്പാട്ട്‌ തറവാട്ടിലെ അംഗമായ വിധുബാല സിനിമയുടെ ഏണിപ്പടികള്‍ കയറിയത്‌ യാദൃശ്ചികം. ആഢ്യത്വം തുളുമ്പുന്ന സൗന്ദര്യവും പെരുമാറ്റവും വള്ളുവനാടന്‍ സംഭാഷണശൈലിയും വിധുബാലയെ എഴുപതുകളിലെ പ്രത്യേക പ്രതിച്ഛായ ഉള്ള നായികയാക്കി. സിനിമാലോകത്തേക്ക്‌ താന്‍ ഒഴുകിയെത്തുകയായിരുന്നു എന്നും അഭ്രപാളിയിലെ ഒരംഗമാകാന്‍ വിധിക്കപ്പെട്ടവള്‍ എന്നുമാണ്‌ വിധുബാലയുടെ സ്വയം വിലയിരുത്തല്‍.
ഇംഗ്ലീഷ്‌ അദ്ധ്യാപകനും മാന്ത്രികനും ആയ അച്ഛന്‍ കെ. ഭാഗ്യനാഥിന്റെ സുഹൃത്താണ്‌ സ്ക്കൂള്‍ മാസ്റ്റര്‍ സിനിമയിലൂടെ വിധുവിനെ അഭിനയലോകത്തേക്ക്‌ കൈപിടിച്ച്‌ കയറ്റിയത്‌. വിധുവിന്‌ വയസ്സ്‌ അന്ന്‌ എട്ട്‌. ബാലതാരമായി വന്ന വിധു പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ അടുത്ത സിനിമയില്‍ അഭിനയിക്കുന്നത്‌. ഇതിനിടയില്‍ നല്ലിസില്‍ക്കിന്റെ പരസ്യത്തിലൂടെ മോഡലിംങ്ങ്‌ രംഗത്ത്‌ വിധുബാല ചുവടുറപ്പിച്ചു. പതിനഞ്ചാം വയസ്സിലായിരുന്നു ഈ രംഗത്ത്‌ വന്നത്‌. പട്ട്സാരിയോടുള്ള ഭ്രമമായിരുന്നു ഇതിന്‌ പിന്നിലെന്ന്‌ ഇപ്പോഴും കുട്ടിത്തം മാറാത്ത ചിരിയുമായി വിധു. പരസ്യത്തിന്‌ പോസ്‌ ചെയ്യുമ്പോള്‍ ധരിക്കുന്ന സാരി തനിക്ക്‌ സ്വന്തമാകുമെന്ന അറിവാണ്‌ മോഡലിങ്ങിന്‌ പ്രചോദനമായത്‌. ബോംബെഡൈയിങ്ങിനും, വിഐപി യുടെവാനിറ്റി ബാഗിന്‌ വേണ്ടിയും വീണ്ടും മോഡലായി. ഹരിഹരന്റെ 'കോളേജ്‌ ഗേളിലൂടെ' നസീറിന്റെ നായികയായി. ആദ്യകാലങ്ങളില്‍ തുടര്‍ച്ചയായി സിനിമകളില്‍ വിധു അഭിനയിച്ചിട്ടില്ല. സിനിമ തൊഴിലായി കണ്ടിരുന്നില്ല എന്ന്്‌ വ്യക്തം. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കില്ല എന്ന്‌ നിര്‍ബന്ധം ഉണ്ടായിരുന്ന വിധുബാല സാധാരണ നടികളില്‍നിന്ന്‌ വ്യത്യസ്തയായിരുന്നു. 'പെണ്ണുക്ക്‌ തങ്ക മനസ്സ്‌'(1973) എന്ന തമിഴ്‌ സിനിമയിലെ അഭിനയത്തിന്‌ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നല്ല നടിക്കുള്ള പുരസ്ക്കാരവും ലഭിച്ചു.
അവസരങ്ങള്‍ എന്നും വിധുവിനെ തേടി എത്തുകയായിരുന്നു. മലയാളം,തമിഴ്‌, തെലുങ്ക്‌ സിനിമകളില്‍ അഭിനയിച്ചു. പത്ത്‌ വര്‍ഷത്തിനുള്ളില്‍ നൂറിലധികം മലയാളസിനിമയില്‍ അഭിനയച്ച വിധുബാല എല്ലാമുന്‍നിരയിലെ നായകന്മാരോടൊപ്പവും (പ്രേംനസീര്‍, ഉമ്മര്‍, ജയന്‍, മധു, സുകുമാരന്‍, സോമന്‍ ,വിന്‍സന്റ്‌) തിരശ്ശീലയില്‍ തിളങ്ങി. എഴുപതുകളിലെ ചലച്ചിത്രഅഭിനയത്തിന്‌ പൊതുവേ നാടകീയത ഉണ്ടായിരുന്നതുകൊണ്ടാകാം സ്വാഭാവികമായി പെരുമാറുക മാത്രം ചെയ്തിരുന്ന വിധുബാലക്ക്‌ മലയാളത്തില്‍ പുരസ്കാരം ലഭിക്കാതെ പോയത്‌.
മോഡലിങ്ങും അഭിനയവും നന്നായി ആസ്വദിച്ചു. ഇന്നും തനിക്ക്‌ കിട്ടുന്ന പ്രശസ്തി അന്നത്തെ അഭിനയത്തിന്റെ പ്രതിഫലമാണെന്ന്‌ വിധു പറയുന്നു. പ്രശസ്തക്യാമറമാന്‍ മധു അമ്പാട്ട്‌ ആണ്‌ സഹോദരന്‍. നര്‍ത്തകി, അഭിനേത്രി, കുടുംബിനി എന്നീ റോളുകളില്‍ കുടുംബിനിക്കാണ്‌ വിധു മുന്‍തൂക്കം നല്‍കുന്നത്‌. മാന്ത്രികനായ അച്ഛന്റെ സവിശേഷ പ്രകടനത്തില്‍ 'ഫന്റാസിയ' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പരിപാടിക്ക്‌ 'വാനിഷിങ്‌ ബ്യൂട്ടിയായും' അരങ്ങില്‍ തിളങ്ങി. കുടുംബത്തെ അമ്പലമായി കാണുന്ന വിധുവിന്‌ ഓരോ കുടുംബാംഗവും ഗുരുവായൂരപ്പനാണ്‌. എന്ത്‌ പ്രവൃത്തിചെയ്യുമ്പോഴും ഭഗവാന്‌ സമര്‍പ്പിക്കുന്നതായുള്ള മനോഭാവമാണ്‌ വേണ്ടതെന്ന്‌ വിധു പറയുന്നു. അമ്മ തരുന്ന ഉപദേശമാണ്‌ ഒരു പെണ്‍കുട്ടിയുടെ ജീവിതരഹസ്യം. കുടുംബത്തില്‍ നിന്നാണ്‌ നമ്മുടെ കടമ തുടങ്ങേണ്ടത്‌ എന്ന്‌ പഠിപ്പിച്ചത്‌ അമ്മ സുലോചനയാണ്‌. ഭാഗ്യം ചെയ്ത ആത്മാവാണ്‌ താന്‍ എന്ന്‌ വിധു. ഭര്‍ത്താവിന്റെ കുടുംബവും തന്റെ കുടുംബവും ആണ്‌ തന്റെ ശക്തി എന്ന്‌ വിധു അവകാശപ്പെടുന്നു. ലിസ, സര്‍പ്പം എന്നീ സിനിമകളുടെ നിര്‍മാതാവ്‌ മുരളികുമാറാണ്‌ ഭര്‍ത്താവ്‌. 1984ലായിരുന്നു വിവാഹം. മലബാറിലെ പ്രശസ്ത തറാവടായ പുതേരിയിലെ അംഗമായ മുരളി ഏകമകന്‍ അര്‍ജ്ജുനൊപ്പം സ്വന്തം ബിസ്സിനസ്സില്‍ വ്യാപൃതനാണ്‌.
വിവാഹത്തിന്‍ശേഷമാണ്‌ സ്വാമി ചിന്മയാനന്ദനെ പരിചയപ്പെടാനും അദ്ദേഹവുമായി അടുക്കാനും അവസരം ലഭിച്ചത്‌. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്വാമിജിയുടെ വിശ്വാസികള്‍ ആയിരുന്നു. ഗുരുദേവനെ കണ്ടനാള്‍മുതല്‍ തന്റെ വ്യക്തിത്വത്തില്‍ മാറ്റം വന്നതായി വിധുബാല അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ചിന്മയസ്മരണയില്‍ വിധു ആത്മീയാനന്ദത്തില്‍ ആറാടുന്നു. ദൈനംദിനപ്രവൃത്തികളെ ആത്മീയസാധനയായാണ്‌ വിധു കാണുന്നത്‌. നമ്മുടെ കണ്ണും കാതും മനസ്സും എപ്പോഴും തുറന്ന്‌ ഇരിക്കണം. നിസ്സാരനായ മനുഷ്യനില്‍ നിന്നുപോലും നമുക്ക്‌ അറിവ്‌ ശേഖരിക്കാനുണ്ട്‌ എന്ന അച്ഛന്റെ വാക്കുകള്‍ ഇന്നും ഈ മകള്‍ ശിരസ്സാവഹിക്കുന്നു.
മനഃശാസ്ത്രത്തില്‍ ബിരുദധാരിണിയായ ഇവര്‍ ഹൈന്ദവസംസ്ക്കാരങ്ങളുടെ അറിവിലും ഒട്ടും പിന്നിലല്ല. ഹിന്ദുസംസ്കാരം അറിയണമെങ്കില്‍ പുരാണങ്ങള്‍ മാത്രം വായിച്ചാല്‍ പോരാ; ഉപനിഷത്തുക്കളുടെ അഗാധതലങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലണം. 'ഒരു ഹിന്ദുവായി ജനിച്ചാല്‍ തീര്‍ച്ചായായും ഹിമലായസാനുക്കളില്‍ പോയിരിക്കണം'എന്ന്‌ വിധുബാല അഭിപ്രായപ്പെടുന്നു. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ചിരുന്ന വിധുബാല നൃത്തത്തിന്റെ അധിപനായ ശിവനെക്കുറിച്ച്‌ അറിഞ്ഞത്‌ അമ്മയില്‍ നിന്നാണ്‌. അടുത്തിടെ നടത്തിയ കൈലാസ്‌ യാത്ര തന്റെ ജീവിതത്തിലെ അടങ്ങാത്ത മോഹമായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓര്‍മകളെ അക്ഷരങ്ങളിലേക്ക്‌ പകര്‍ത്തുന്നതോടപ്പം കൈലാസയാത്രാവിവരണവും എഴുതുന്ന തിരിക്കിലാണ്‌ ഈ ബഹുമുഖപ്രതിഭ.
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്താണ്‌ വിധുബാല സിനിമാലോകത്തോട്‌ വിട പറഞ്ഞത്‌. മറ്റാരും ചെയ്യാത്ത ഈ പ്രവൃത്തിയാണ്‌ വിധുബാലയെ വെറിട്ടുനിര്‍ത്തുന്നത്‌. ഇനി അഭിനയലോകത്തേക്ക്‌ ഇല്ല എന്ന്‌ തറപ്പിച്ചുപറയുമ്പോഴും അഭിനയത്തെ താന്‍ സ്നേഹിക്കുന്നുണ്ട്‌ എന്ന്‌ വിധുബാല. ഒരഭിനേത്രിക്ക്‌ അപ്പുറം തനിക്ക്‌ ചെയ്യാന്‍ പലതും സമൂഹത്തില്‍ ഉണ്ട്‌. മുപ്പത്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം അമൃത ചാനലിലെ 'കഥയല്ല ഇതു ജീവിതം' പരിപാടിയിലൂടെ സാമൂഹ്യപ്രശ്നങ്ങള്‍ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയും അവക്ക്‌ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.
ശബ്ദവിന്യാസം, സന്നിവേശം എന്നിവയില്‍ തല്‍പ്പരയാണ്‌ വിധുബാല. കലാക്ഷേത്രയിലെ രുഗ്മിണീദേവിയുടെ ഇരുപത്തിയാറ്‌ നൃത്തയിനങ്ങല്‍ ഒരു ഡോക്യുമെന്ററിയായി ചിത്രീകരിച്ചു. ജ്യേഷ്ഠന്‍ ഏറ്റെടുത്ത ആ ദൗത്യം പൂര്‍ണതയിലേത്തിക്കാന്‍ തന്റെ നൃത്തത്തിലും പാട്ടിലും ഉള്ള ജ്ഞാനം ആവശ്യമായിരുന്നു. ജ്യേഷ്ഠന്‍ പഠിപ്പിച്ചുതന്ന സാങ്കേതികവശങ്ങളിലെ പരിജ്ഞാനവും ഈ രംഗത്ത്‌ പൂര്‍ണതനേടുന്നതിന്‌ സഹായിച്ചു. അങ്ങനെ മൂന്ന്‌ വര്‍ഷത്തെ പ്രയത്നത്തിലൂടെ വിജയകരമായി ആ ദൗത്യം നിറവേറ്റി.
സിനിമയും നൃത്തവും തമ്മില്‍ സമാനത ഇല്ല എന്നാണ്‌ വിധുബാലയുടെ പക്ഷം. സിനിമാഭിനയം മറ്റുള്ളവര്‍ക്ക്‌ വേണ്ടിയായിരുന്നുവെങ്കില്‍ നൃത്തമാണ്‌ തന്റെ ജീവബിന്ദു. മാനസികപിരിമുറുക്കങ്ങളെ അതിജീവിക്കാന്‍ വിധുബാല കണ്ടെത്തുന്ന മാര്‍ഗം വാതിലടച്ച്‌,സദസ്യരില്ലാതെ നൃത്തം ചെയ്യുക എന്നതാണ്‌. വികാരത്തിന്റെ മുഖം ഏതായാലും നൃത്തത്തിലൂടെ ആ ഊര്‍ജ്ജം നഷ്ടപ്പെടുമ്പോള്‍ നാം സാധാരണതലത്തിലേക്ക്‌ എത്തുന്നു. അങ്ങനെ മനസ്സ്‌ ശാന്തമാകുമ്പോള്‍ ആണ്‌ ചിന്തിച്ച്‌ തീരുമാനത്തില്‍ എത്താന്‍ കഴിയുക. ഈ പരീക്ഷണത്തില്‍ നൂറുശതമാനം വിധുബാല വിജയംകാണുന്നു. ഏതൊരു കലാകാരനും കലാകാരിക്കും ഇത്‌ പരീക്ഷിക്കാം. പാട്ടുകാര്‍ക്ക്‌ പാട്ടിലൂടെയും ചിത്രകാരന്മാര്‍ക്ക്‌ ചിത്രത്തിലൂടെയും.
'അഭിനയം' എന്ന സിനിമയോടെ സിനിമാഭിനയം ഉപേക്ഷിച്ച ഈ തിരുവോണനക്ഷത്രം പ്രേക്ഷകമനസ്സില്‍ ഇന്നും ഒരു കുളിര്‍മയാണ്‌.
ഷൈലാ മാധവന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.