വ്യാജ പ്രമാണക്കേസ് അന്വേഷിക്കണമെന്ന് കളക്ടര്‍

Friday 10 November 2017 10:04 pm IST

ഇടുക്കി: ജന്മഭൂമി പുറത്തുകൊണ്ടുവന്ന ഇടുക്കിയിലെ വ്യാജ പ്രമാണക്കേസ് പോലീസ് അന്വേഷിക്കണമെന്ന് ഇടുക്കി ജില്ലാകളക്ടര്‍ ഗോകുല്‍ ഉത്തരവിട്ടു. റവന്യൂവകുപ്പിന്റെ പക്കലുള്ള അന്വേഷണ റിപ്പോര്‍ട്ടും വ്യാജപ്രമാണങ്ങളുടെ പകര്‍പ്പുകളും നെടുങ്കണ്ടം പോലീസിന് കൈമാറണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നടപടികള്‍ക്ക് നെടുങ്കണ്ടം ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നെടുങ്കണ്ടം താലൂക്കിന്റെ പരിധിയില്‍ വരുന്ന കരുണാപുരം വില്ലേജിന്റെ പേരില്‍ നൂറേക്കറോളം വരുന്ന ഭൂമിയുടെ കരംകെട്ടിയ വാജ രസീത് ഉണ്ടാക്കിയ സംഭവം കഴിഞ്ഞ മാസം 27ന് ജന്മഭൂമിയാണ് പുറത്തുവിട്ടത്. കരുണാപുരം വില്ലേജിലേതെന്ന പേരില്‍ കരംകെട്ടിയ വ്യാജ രസീതും ലൊക്കേഷന്‍ സ്‌കെച്ചും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും നെടുങ്കണ്ടത്തെ ബാങ്കില്‍ സമര്‍പ്പിച്ചതായി റവന്യൂവകുപ്പിന് രേഖാമൂലം വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കരുണാപുരം വില്ലേജ് ഓഫീസറായിരുന്ന രാജ്കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 1520, 1640, 1862, 2063, 2130 എന്നീ തണ്ടപ്പേരുകളില്‍ കരംകെട്ടിയ രസീതുകളുടെ പകര്‍പ്പാണ് റവന്യൂവകുപ്പിന് ലഭിച്ചത്. കരുണാപുരം കലവനാല്‍ ബെന്നി ജോസഫ്, കരുണാപുരം തുരുത്തേല്‍ ഗീതാ സുരേഷ്, തുരുത്തേല്‍ സുരേഷ്, ബിന്ദു കലവനാല്‍, ജോസഫ് കലവനാല്‍ എന്നിവരുടെ പേരിലായിരുന്നു രസീതുകള്‍. കളക്ട്രേറ്റില്‍ നിന്ന് പാറത്തോട് വില്ലേജിലേക്ക് അനുവദിച്ച ബുക്കില്‍ കരുണാപുരം വില്ലേജിന്റെ കരം ഇടപാടുകള്‍ നടന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് കരംകെട്ടിയ രസീതുകളുടെ നിജസ്ഥിതി അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ കരം കെട്ടിയ വ്യാജ രസീതിലെ ബുക്ക് നമ്പരില്‍ പാറത്തോട് വില്ലേജില്‍ അഞ്ച് പേര്‍ കരം അടച്ചിട്ടുള്ളതായി വ്യക്തമായി. തട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തി കരുണാപുരം, പാറത്തോട് വില്ലേജ് ഓഫീസര്‍മാര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വൈകാതെ തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കളക്ട്രേറ്റില്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് വ്യാജ പ്രമാണക്കേസ് ജന്മഭൂമി പ്രസിദ്ധീകരിച്ചത്. വാര്‍ത്തയെത്തുടര്‍ന്ന് സംസ്ഥാന-ജില്ല രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ജന്മഭൂമി ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.