വിഭാഗീയത രൂക്ഷം സിപിഎം ലോക്കല്‍ സമ്മേളനം നിര്‍ത്തിവച്ചു

Friday 10 November 2017 10:06 pm IST

പറവൂര്‍: വിഭാഗീയത രൂക്ഷമായതോടെ സംഘര്‍ഷാവസ്ഥയിലായ സിപിഎം ഏഴിക്കര ലോക്കല്‍ സമ്മേളനം നിര്‍ത്തിവച്ചു. ജില്ലാ കമ്മിറ്റി ഇടപെട്ടാണ് നടപടി. വിഎസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള ലോക്കല്‍ കമ്മിറ്റിയില്‍ ഔദ്യോഗിക പാനലിനെതിരെ പിണറായി പക്ഷക്കാരായ അഞ്ച് പേര്‍ മത്സര രംഗത്തുവന്നതാണ് തര്‍ക്കത്തിലും ഒടുവില്‍ സംഘര്‍ഷത്തിലും എത്തിയത്. നിലവിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ എണ്ണം പതിനഞ്ചായിരുന്നു. പാര്‍ട്ടി അംഗത്വത്തില്‍ ഉണ്ടായകുറവുമൂലം ഇപ്രാവശ്യം അംഗങ്ങളുടെ എണ്ണം പതിമൂന്നായി കുറഞ്ഞു. ഇതില്‍ പിണറായി പക്ഷക്കാരായ പി.പി. ഏലിയാസ്, കെ.എം. മോഹനന്‍ എന്നിവരേയും പ്രായാധിക്യം കൊണ്ട് ശര്‍മ്മ പക്ഷക്കാരായ കെ.എ. പരമേശ്വരന്‍, പി.വി. രവി, ചന്ദ്രമതി പപ്പന്‍ എന്നിവര്‍ക്ക് പകരം എം.ബി. ചന്ദ്രബോസ്, എം. രാഹുല്‍, അനിത തമ്പി എന്നിവരെ ഉള്‍പ്പെടുത്തി ഔദ്യോഗികപക്ഷം പുതിയ പാനല്‍ അവതരിപ്പിച്ചു. ഇതില്‍ ക്ഷുഭിതരായ പിണറായി പക്ഷക്കാരായ കെ.ജി. നിഷാദ്, എ.എസ്. ദിലീഷ്, എ.കെ. രഘു, പി.കെ. ബാബു, പി.ആര്‍. സുരേഷ് എന്നിവര്‍ ഔദ്യോഗിക പാനലിനെതിരെ മത്സരരംഗത്തെത്തി. ഏരിയ, ജില്ലാ നേതാക്കള്‍ നടത്തിയ അനുരഞ്ചന ചര്‍ച്ചയില്‍ പി.കെ. ബാബുവും, പി.ആര്‍. സുരേഷും മത്സരത്തില്‍ നിന്നും പിന്മാറി. മറ്റ് മൂന്നുപേര്‍ ഉറച്ചു നിന്നതോടെയാണ് സമ്മേളനം നിര്‍ത്തിവക്കാന്‍ മേല്‍ഘടകം നിര്‍ദ്ദേശിക്കുകയായിരുന്നു. അവസാനം തെരഞ്ഞെടുപ്പ് നടത്താതെ പ്രകടനവും പൊതുസമ്മേളനവും നടത്തി തടിതപ്പുകയായിരുന്നു നേതൃത്വം. പളളിയാക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിണറായി പക്ഷക്കാരന്‍ ഏലിയാസിനെ നീക്കി പകരം ശര്‍മ്മയുടെ അനുജനെ പ്രസിഡന്റാക്കിയതിലും കടുത്ത എതിര്‍പ്പാണ് പിണറായി പക്ഷത്തിനുണ്ടായിരുന്നത്. ഇതിനിടയിലാണ് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം നടത്തിയത്. ഇതാണ് പിണറായി പക്ഷത്തെ ചൊടിപ്പിച്ചത്. എസ്. ശര്‍മ്മ എംഎല്‍എയുടെ തട്ടകമായ ഏഴിക്കരയില്‍ പിണറായി പക്ഷം കരുത്താര്‍ജ്ജിച്ചതും സമ്മേളനം നിര്‍ത്തിയതിലും കടുത്ത നിരാശയിലാണ് വിഎസ് പക്ഷം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.