ആ കഴുത്തറുപ്പന്‍ പഠിക്കാത്തത് മനുഷ്യന്റെ പാഠം, പഠിപ്പിക്കാതിരുന്നതും

Friday 10 November 2017 10:15 pm IST

പണ്ട് സ്‌ക്കൂളിലേക്കു വരുന്ന കുട്ടികളില്‍ ചിലര്‍ ഇന്നു സമരമില്ലേയെന്ന് നേതാക്കളോടു ചോദിക്കുമായിരുന്നു. ഏയ് ഇന്നൊരു പ്രശ്‌നവും കാണുന്നില്ലെന്നു അവര്‍ പറഞ്ഞാല്‍ ചോദിച്ച കുട്ടികളില്‍ ചിലര്‍ മ്‌ളാനവദനരാകും. സമരത്തിനായി ഇല്ലാത്ത ചിലത് അപ്പോള്‍ തന്നെ ചില വില്ലന്‍മാരായ കുട്ടികള്‍ ഒപ്പിച്ചെടുക്കും. ബസിലെ കണ്ടക്റ്റര്‍ ചീത്തവിളിച്ചെന്നോ കിളി കൊഞ്ഞനം കുത്തിയെന്നോ ആകും പരാതി. ഒരു വിദ്യാര്‍ഥി സമരത്തിന് അന്ന് അതൊക്കെ മതിയായിരുന്നു. അനാവശ്യ സമരമായിരുന്നു ചിലതെങ്കിലും അതിനു പക്ഷേ,നിഷ്‌ക്കളങ്കതയുടെ ഒരുപരിവേഷമുണ്ടായിരുന്നു. എന്നാല്‍ ദല്‍ഹിയിലെ റയാന്‍ ഇന്റര്‍ നാഷണല്‍ സ്‌ക്കൂളില്‍ പരീക്ഷയും പിടിഎ മീറ്റിംങും മാറ്റിവെക്കാന്‍ പഠനത്തിൽ മോശമായ പതിനൊന്നാം ക്‌ളാസുകാരന്‍ രണ്ടാം ക്‌ളാസുകാരനെ കഴുത്തറുത്തു കൊന്ന ക്രൂരതയ്ക്കു നിഘണ്ടുക്കളില്‍ സമാനമായ പദങ്ങളില്ല. പരീക്ഷയോടും പിടിഎ മീറ്റിംങിനോടും ശത്രുതയുള്ള പതിനാറുകാരന് തന്റെ കുഞ്ഞനിയനാകാന്‍ പ്രായമുള്ള കുട്ടിയെ ആസൂത്രിതമായി കൊല്ലാന്‍മാത്രം എത്രയോ നീചമായ അടുക്കുകള്‍ അവന്റെയുള്ളില്‍ നിറഞ്ഞിട്ടുണ്ടാകണം. ക്രൂരമായ കൊലചെയ്തിട്ടും രണ്ടുമാസത്തോളം ഒന്നും സംഭവിക്കാത്ത മട്ടില്‍ വീട്ടിലും കൂട്ടുകാര്‍ക്കിടയിലും ഇവന്‍ കഴിച്ചുകൂട്ടിയതിന്റെ പിന്നില്‍ അവന്‍ ആര്‍ജിച്ചെടുത്ത മനസിലെ ചെകുത്താന്‍ ശക്തി തന്നെ ബലമെന്നു പറയേണ്ടിവരും. പ്രായംകൊണ്ട് കുട്ടിക്കുറ്റവാളിയെന്നു ആലങ്കാരികമായി പറയാമെങ്കിലും പ്രായത്തെപ്പോലും കവച്ചുവെക്കുന്ന കൊടും കുറ്റവാളിയുടെ തിന്മയുടെ പക്വതയിലായിരുന്നു അവനെന്നുള്ളതില്‍ സംശയമില്ല. കുറ്റത്തിന്റെ ക്രൂരതയനുസരിച്ച് പ്രായത്തിന്റെ മാനദണ്ഡം നോക്കാതെ കടുത്ത ശിക്ഷ തന്നെ വേണം. പക്ഷേ നമ്മുടെ ഷണ്ഡീകരിച്ച നിയമം അവനെ നല്ലപിള്ളയാക്കാന്‍ ജുവനല്‍ ഹോമിലാക്കുകയും കുറഞ്ഞ വര്‍ഷങ്ങള്‍ക്കുശേഷം അവനെ പുറത്തുവിട്ട് കൂടുതല്‍ നല്ലവനാക്കാനുള്ള എല്ലാ സൗജന്യങ്ങളും ചെയ്തുവെന്നും വരാം. ആ ഏഴുവയസുകാരന്‍ കുരുന്നിന്റെ നഷ്ട ജന്മത്തിനും ഭാവിയില്‍ ഉണ്ടാകാനിരുന്ന അവന്റെ ജീവിതത്തിനും അതിലെ സാധ്യതകള്‍ക്കും ഏതു നിയമം ഉത്തരം നല്‍കും. അവന്റെ കുടുംബത്തിനുണ്ടായ തീരാദുഖം അവന്‍ ജീവിച്ചിരുന്നുവെങ്കില്‍ സമൂഹത്തിനുണ്ടായിരിക്കേണ്ട നേട്ടങ്ങള്‍ നഷ്ടപ്പെട്ടതിനും ആര് ഉത്തരവാദിയാകും. ആ പതിനാറു വയസുകാരന്‍ കുറ്റവാളിയായിരിക്കെ തന്നെ, അവന് ആ ക്രൂരമായ കുറ്റത്തിലേക്കു എടുത്തുചാടാന്‍ പാകത്തിലുളള സാഹചര്യം സ്വന്തം വീട്ടുകാരും പാഠ്യ പദ്ധതികളും അധ്യാപകരും സമൂഹവുംകൂടി അറിയാതെ തന്നെ ഒരുക്കിവെച്ചില്ലേ എന്നു കൂടി സംശയിച്ചാല്‍ കുറ്റം പറയാനാകുകയില്ല. കൊപാതകിയാകാന്‍ ജനിച്ചവനേയല്ല താനെന്ന് എഴുത്തുകാരൻ കാമുവിന്റെ ഒരുകഥാപാത്രം പറയുംപോലെ ആ പതിനൊന്നാന്നാം ക്‌ളാസുകാരനും കൊലപാതകിയാകാന്‍ ജനിച്ചവനല്ല. മക്കളുണ്ടാകുന്നത് മറ്റുള്ളവരെ തോല്‍പ്പിച്ച് ഒന്നാം റാങ്കുകാരാകാന്‍ വേണ്ടിയാണെന്നും അതിനായിമാത്രം അവരെ വളര്‍ത്തി പരുവപ്പെടുത്തിയെടുക്കുന്ന മാതാപിതാക്കളും കൂടിയാണ് ഇത്തരം കുട്ടിക്കുറ്റവാളികളെ രൂപപ്പെടുത്തുന്നത്. പാഠ്യേതര വിഷയങ്ങളില്‍ എത്ര മികവുണ്ടായാലും പഠനത്തില്‍ പിന്നിലായാല്‍ മന്ദബുദ്ധിയെന്നു വിലയിരുത്തുന്ന സ്‌ക്കൂള്‍ അധികൃതരും വിദ്യാര്‍ഥികള്‍ക്കു താല്‍പ്പര്യമില്ലെങ്കിലും ആരുടേയൊക്കെ നിര്‍ബന്ധ ബുദ്ധി വിജ്ഞാനമായി പരിശീലിക്കേണ്ടിവരികയും ചെയ്യുന്നത് ഇത്തരക്കാര്‍ രൂപവപ്പെടാനുള്ള കാരണങ്ങളില്‍ ചിലതാണ്. സമൂഹം പാരമ്പര്യമായി തുടര്‍ന്നുപോരുന്ന മികവിനെക്കുറിച്ചുള്ള അബദ്ധങ്ങളും കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയാകുന്നു. മറ്റുള്ളരോടു മത്സരിച്ചു മറ്റുള്ളവരെ തോല്‍പ്പിച്ചു മുന്നിലെത്തുന്ന മക്കളോടാണ് മിക്ക മാതാപിതാക്കള്‍ക്കും കൂടുതല്‍ സ്‌നേഹം. അതാണ് അവര്‍ക്ക് അഭിമാനം.അതുകൊണ്ട് ഒന്നാമനാകാനും മറ്റുള്ളവരെ തോല്‍പ്പിക്കാനുമുള്ള പരിശീലനമാണ് അവര്‍ മക്കള്‍ക്കായി നടത്തുക.അതിനായി എത്ര പണവും ചെലവാക്കും. ഏത് സാഹസത്തിനും ഇറങ്ങിത്തിരിക്കും. തങ്ങള്‍ക്കു കഴിയാത്തതോ തങ്ങളാഗ്രഹിക്കുന്നതോ മക്കളിലൂടെ പൂര്‍ത്തീകരിക്കുകയാണ് മിക്കവാറും മാതാപിതാക്കളുടെ ലക്ഷ്യമെന്നു തോന്നുന്നു.തങ്ങളുടെ മനസോ അഭിരുചികളോ ബലികഴിച്ചുകൊണ്ടാണ് പല കുട്ടികളും പഠിക്കുക.അങ്ങനെ അവര്‍ ഭാവിയില്‍ ഉന്നത സ്ഥാനീയരോ സാമ്പത്തീകമായി വലിയവരോ പ്രശസ്തി കൈമുതലായവരോ ആകാന്‍വേണ്ടി ഡോക്ടറോ,എഞ്ചിനിയറോ,ഐഎഎസ്‌കാരോ ആയിത്തീരാന്‍ പഠിക്കുന്നു.ഇതൊന്നും ഒരിക്കലും മോശപ്പെട്ടകാര്യങ്ങളോ ലക്ഷ്യങ്ങളോ അല്ല.നല്ല ബുദ്ധിയും കഴിവും ഉള്ളവര്‍ക്കു മാത്രമേ ഇതൊക്കെ സാധ്യമാവൂ എന്നതും സത്യമാണ്. ആരെങ്കിലും തങ്ങളുടെ മകനെയോ മകളേയോ നല്ലൊരു അധ്യാപകനോ അധ്യാപികയോ ആക്കാന്‍ ആഗ്രഹിക്കാറുണ്ടാ.ഉണ്ടാവാം.അതൊരു ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷം മാത്രം.ലക്ഷങ്ങള്‍ കോഴകൊടുത്ത് അധ്യാപകരാവുന്നവര്‍ക്കിടയില്‍ ശരിയായ അധ്യാപകര്‍ കുറവായിരിക്കാം. എന്നാലും എല്ലാവരും മോശക്കാരല്ലല്ലോ. അധ്യാപകനും ഡോക്ടറും ഐഎഎസുകാരനും എഞ്ചിനിയറുമൊക്കെ ആകാന്‍ ആര്‍ക്കും അവകാശമുണ്ട്.അത് അവനവന്റെ തെരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യമാണ്. പക്ഷേ അതിനെക്കാള്‍ വലുതാണ് നല്ലൊരു മനുഷ്യനാവുകയെന്നത്. ആരാകുന്നതോടൊപ്പം അതിനോട് മനുഷ്യനെന്നതുംകൂടി ചേര്‍ത്തുവെക്കുക. സ്‌നേഹവും കരുണയും ദയയും അനുതാപവുമൊക്കെ കൂടിച്ചേര്‍ന്നാണ് നല്ലൊരു മനുഷ്യന്‍. അതിന്റെ പരിശീലനം ആദ്യംകിട്ടേണ്ടത് സ്വന്തം വീട്ടില്‍ നിന്നുമാണ്. പിന്നെ സ്‌ക്കൂളില്‍ നിന്ന് അങ്ങനെ...അങ്ങനെ. ഇത്തവണ മാന്‍ ബുക്കര്‍ പുരസ്‌ക്കാരം നേടിയ ജോര്‍ജ് സാന്റേഴ്‌സിന്റെ ലിങ്കണ്‍ ഇന്‍ ദ ബാര്‍ദോ നീണ്ട ഇരുപതു വര്‍ഷമാണ് എഴുത്തുകാരന്‍ ആത്മാവിന്റെ ഗര്‍ഭത്തില്‍ ചുമന്നു നടന്നത്.കൂടുതല്‍ അനുതാപമായി വളരാനാണ് ആ ഗര്‍ഭം ഇങ്ങനെ നീണ്ടുപോയത്.എഴുതാന്‍ തുടങ്ങിയപ്പോഴും പലതവണ മാറ്റിയെഴുതി. കൂടുതല്‍ അനുതാപത്തിനായി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍് തന്റെ ഇളംപ്രായത്തില്‍ മരിച്ച പൊന്നോമന മകന്‍ വില്ലിയുടെ ശവകുടീരത്തില്‍ കെട്ടിപ്പിടിച്ചു കരയുന്നതിലെ ആത്മഭാഷണത്തില്‍ നിന്നുമാണ് നോവലിന്റെ പിറവി.അങ്ങനെ നോവല്‍ തികച്ചും മാനവികമാകുന്നു.അനുതാപമാണ് മനുഷ്യനിലെ വലിയ വികാരം. ആ കഴുത്തറുപ്പന്‍ പതിനാറുകാരനില്‍നിന്നും മനുഷ്യനിലേക്കുള്ള ദൂരം ഏറെയാണ്. റാങ്കുകാരനാക്കാനായിമാത്രം പരിശീലിപ്പിക്കുന്ന മക്കളില്‍നിന്നും അനുതാപത്തിലേക്കുള്ളതും ആ ദൂരം തന്നെയാണ്.