മുഖം രക്ഷിക്കാന്‍ സമരവുമായി സിപിഎം നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുന്നു

Friday 10 November 2017 10:32 pm IST

കോട്ടയം: അപ്പര്‍ കുട്ടനാടന്‍ പാടശേഖരത്തിലെ നെല്ലു സംഭരണത്തില്‍ സര്‍ക്കാര്‍ മില്ലുടമകളുടെ ലാഭക്കൊതിക്ക് കൂട്ടുനില്‍ക്കുന്നതായി കര്‍ഷകര്‍. കൊയ്ത നെല്ലു പാടശേഖരത്തില്‍ കിളിര്‍ത്തു തുടങ്ങിയിട്ടും നെല്ലെടുക്കാന്‍ മില്ലുടമകള്‍ തയ്യാറാകാത്തത് സര്‍ക്കാരുമായുള്ള ധാരണ പ്രകാരമാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇതോടെ ചെറുകിട കര്‍ഷകര്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സര്‍ക്കാരും മില്ലുടമകളും തമ്മിലുണ്ടാക്കിയ കരാറിലെ അവ്യക്തയാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. മില്ലുടമകളെ സഹായിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ സര്‍ക്കാരിനുള്ളത്. നെല്ലിലെ ഈര്‍പ്പത്തിന്റെ അളവു സംബന്ധിച്ചു മില്ലുടമകളുടെ പിടിവാശിയാണ് നെല്ലു സംഭരണം തടസപ്പെട്ടത്. നെല്ല് സംഭരണത്തിനായി 24 മില്ലുകളാണ് സര്‍ക്കാരുമായി ധാരണയിലെത്തിയത്. എന്നാല്‍ നെല്ലെടുക്കാന്‍ മില്ലുടമകള്‍ തയ്യാറാകാതിരിന്നിട്ടും പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാരോ സ്ഥലം എംഎല്‍എ സുരേഷ്‌കുറുപ്പോ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് മറ്റു പാടശേഖരങ്ങളില്‍ നിന്ന് മില്ലുടമകള്‍ എടുത്ത നെല്ല് കയറ്റിയ ലോറി തടഞ്ഞിട്ടതോടെ നെല്ലെടുക്കാന്‍ മില്ലുടമകള്‍ നിര്‍ബന്ധിതരായി. എന്നാല്‍ പൂര്‍ണ്ണമായ നിലയില്‍ നെല്ലെടുക്കാന്‍ മല്ലുടമകള്‍ കൂട്ടാക്കിയിട്ടില്ല. നെല്ലിന്റെ ഈര്‍പ്പം തീരുമാനിക്കുന്നതില്‍ കാലാനുസൃതമായ പരിഷ്‌കാരം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.ഈ ആവശ്യത്തോട് പാഡി ഉദ്യോഗസ്ഥരും യോജിക്കുന്നു. വെച്ചൂര്‍ പാടശേഖരത്തെ നെല്ല് സാമ്പിളായി എടുത്താണ് ഈര്‍പ്പം തീരുമാനിച്ചത്. ഇതു അശാസ്ത്രിയമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഓരോ പാടശേഖരത്തിലും നെല്ലിന്റെ ഈര്‍പ്പം വ്യത്യസ്തമായിരിക്കും. ദേശീയതലത്തില്‍ അരിക്ക് 14 ശതമാനം ഈര്‍പ്പവും നെല്ലിന് 17 ശതമാനം ഈര്‍പ്പവുമാണ് നിലവിലുള്ളത്.എന്നാല്‍ ഓയില്‍ പാം നെല്ലെടുത്തത് 11 ശതമാനം ഈര്‍പ്പം കണക്കാക്കിയാണ്.എടുത്ത നെല്ലിന്റെ പണത്തിനായി ഇന്നി എത്ര നാള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് കര്‍ഷകരുടെ ആശങ്ക. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ കര്‍ഷകര്‍ക്കിടയില്‍ അമര്‍ഷം ശക്തമായതോടെ ഇവരുടെ കണ്ണില്‍ പൊടിയിടാന്‍ സമര നാടകവുമായി സിപിഎമ്മിന്റെ കര്‍ഷക വിഭാഗമായ കര്‍ഷക സംഘം രംഗത്തെത്തുകയുണ്ടായി. സര്‍ക്കാരിന്റെ അനാസ്ഥ മൂടിവെക്കാന്‍ ഉദ്യോഗസ്ഥരെ പഴിചാരിയാണ് ഇവര്‍ സമരത്തിനിറങ്ങിയത്. ഇവര്‍ ആര്‍ക്കെതിരെയാണ് സമരം ചെയ്യുന്നതെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. കടങ്ങള്‍ എഴുതി തള്ളണം കോട്ടയം: ജില്ലയില്‍ നെല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് ജല ഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് പറഞ്ഞു. ജില്ലയിലെ പാടശേഖരങ്ങളില്‍ കൊയ്ത നെല്ല് യഥാസമയം കര്‍ഷകരില്‍ നിന്ന് എടുക്കാതെ മില്ലുടമകള്‍ ചൂഷണം ചെയ്യുകയാണ്. കാര്‍ഷിക വികസന കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ആഭ്യന്തര കാര്‍ഷിക വളര്‍ച്ചയില്‍ ഒരുമാറ്റവും വന്നിട്ടില്ല. ദുരിതത്തിലായ നെല്‍ കര്‍ഷകരുടെ കടം എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.