കോട്ടയം: മണ്ഡലക്കാലത്ത് കെഎസ്ആര്‍ടിസി ബസ്സുകളുടെ പാര്‍ക്കിങ്ങിനായി വാടകയ്ക്ക് സ്ഥലം അന്വേഷിക്കുന്നു. നിലവിലുള്ള സ്റ്റാന്റിലെ സ്ഥല പരിമതിയാണ് കാരണം. ശബരിമല സീസണ് തുടങ്ങുന്നതോടെ ഇപ്പോഴുള്ള സര്‍വീസിന്റെ അഞ്ചരട്ടി സര്‍വീസുകള്‍ അധികമായി നടത്തേണ്ടി വരും. ഇതിനായി പുതിയ ബസ്സുകളും എത്തും. എന്നാല്‍ ഈ ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ഇപ്പോഴത്തെ സ്റ്റാന്റില്‍ ഇല്ല.
സാധാരണ ദിവസങ്ങളില്‍ അഞ്ച് പമ്പ സര്‍വീസുകള്‍ ഉള്‍പ്പെടെ 50 തോളം സര്‍വീസുകളാണ് ഡിപ്പോയില്‍ നിന്ന് നടത്തുന്നത്. കൂടുതല്‍ ബസ്സുകള്‍ എത്തുന്നതോടെ യാത്രക്കാരും അയ്യപ്പഭക്തരും ബുദ്ധിമുട്ടിലാകും. നിന്ന് തിരിയാനുള്ള സ്ഥലം പോലും ഇപ്പോഴത്തെ സ്റ്റാന്റില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് താത്ക്കാലികമായി കോര്പ്പറേഷന് സ്ഥലം അന്വേഷിക്കുന്നത്.നിലവിലുള്ള സ്റ്റാന്റ് പഞ്ചായത്ത് നല്കിയ അര ഏക്കര്‍ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ ബസ്സുകളുടെ പാര്‍ക്കിങ്ങിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം സ്ഥലം ഏറ്റെടുക്കാനായിട്ടില്ല. മണ്ഡലക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും കെഎസ്ആര്‍ടിസി അധികൃതര്‍ സ്ഥലം കണ്ടെത്താന്‍ നെട്ടോട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: