കയ്യേറ്റം: ജോയ്സ് ജോര്‍ജ് എം.പിയുടെ 20 ഏക്കര്‍ പട്ടയം റദ്ദാക്കി

Saturday 11 November 2017 10:26 am IST

മൂന്നാര്‍: ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്റെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കാമ്പൂര്‍ വില്ലേജിലുള്ള ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്. ദേവികുളം സബ്കളക്ടറാണ് നടപടി സ്വീകരിച്ചത്. റവന്യൂ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി 16/12/2015ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടിയുടെ ഭാഗമാണ് സബ് കളക്ടറുടെ നടപടി. സര്‍ക്കാരിന്റെ തരിശുഭൂമിയാണ് ജോയ്‌സ് ജോര്‍ജ് കൈവശം വച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജോയ്സ് ജോര്‍ജിന്റെയും ഭാര്യയുടെയും പേരില്‍ എട്ട് ഏക്കര്‍ ഭൂമിയാണ് കൊട്ടക്കാമ്പൂരിലുള്ളത്. വ്യാജ രേഖകളിലൂടെയാണ് എം.പിയും കുടുംബാംഗങ്ങളും  ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെത്തുടര്‍ന്ന് ഇതേക്കുറിച്ച്‌ പരിശോധിക്കാന്‍ കഴിഞ്ഞ സര്‍ക്കാരാണ് ഉത്തരവിട്ടത്. കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ജോയ്സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കും സബ് കളക്ടര്‍ പ്രേംകുമാര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. നവംബര്‍ ഏഴിന് ഓഫിസില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നുമാണ് അറിയിച്ചിരുന്നത്. 2015 ഡിസംബറില്‍ ഈ വില്ലേജുകളിലെ തണ്ടപ്പേര്‍ കണക്ക് പരിശോധിക്കാന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ഉത്തരവിട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ സബ് കലക്ടറായിരുന്നപ്പോള്‍ തണ്ടപ്പേര്‍ പരിശോധന തുടങ്ങിയെങ്കിലും മുന്നോട്ടുപോയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.