വെടിയൊച്ച നിലയ്ക്കാത്ത താഴ്‌വരയില്‍ നിന്ന്

Saturday 11 November 2017 10:34 am IST

വര്‍ക്കല: വെടിയൊച്ച നിലയ്ക്കാത്ത കാശ്മീര്‍ താഴ്‌വരയുടെ യഥാര്‍ഥ മുഖവുമായി കാശ്മീരിലെവിദ്യാര്‍ത്ഥികള്‍. മാര്‍ക്‌സിസ്റ്റ് ഭീകരതയ്‌ക്കെതിരെ എബിവിപി സംഘടിപ്പിക്കുന്ന ചലോകേരള മഹാറാലിയില്‍ പങ്കെടുക്കുന്നതിനാണ് കാശ്മീരില്‍ നിന്ന് വിദ്യാര്‍ഥികള്‍ എത്തിയത്. കാശ്മീരില്‍ തീവ്രവാദികള്‍ രാജ്യദ്രോഹം നടത്തുമ്പോള്‍ കേരളത്തില്‍ സംഘപരിവാര്‍പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനാണ് തീവ്രവാദികളുടെ ഒത്താശയോടെ സിപിഎം ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് കാശ്മീരില്‍ നിന്നെത്തിയ ഷാരൂഖ്, റാഷിദ്, ഫൈസല്‍, അലി എന്നിവര്‍ പറഞ്ഞു. പൂഞ്ച് മേഖലയില്‍ മുപ്പതുശതമാനത്തോളമുണ്ടായിരുന്ന ഹിന്ദുക്കള്‍ ഇന്ന് ഏഴ് ശതമാനത്തിലും താഴെയാണ്. കോളേജുകളില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ രാഷ്ട്ര വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സംഘപരിവാര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ അവരുടെ നോട്ടപ്പുള്ളികളാണെന്നും അവര്‍ പറഞ്ഞു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭാരതമെന്ന സങ്കല്പമാണ് തങ്ങള്‍ക്കുള്ളത്. ദേശസ്‌നേഹത്തിന്റെ പേരിലാണ് എബിവിപിയില്‍ പ്രവര്‍ത്തിക്കുന്നത്. പണത്തിന്റെ അടിസ്ഥാനത്തിലാണ് കാശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനം നടക്കുന്നത്. നോട്ട് നിരോധനം വന്നതോടെ അവിടത്തെ വെടിയൊച്ചകളും രാഷ്ട്രവിരുദ്ധപ്രവര്‍ത്തനങ്ങളും വലിയൊരളവു വരെ ഇല്ലാതായി. പാകിസ്ഥാനില്‍ നിന്ന് കള്ളപ്പണം വരുന്നതില്‍ കൂടുതല്‍ പങ്ക് ഇവര്‍ക്ക് ലഭിക്കുന്നു. കേരളത്തില്‍ നിന്ന് കാശ്മീരിലെ തീവ്രവാദികള്‍ക്ക് പണം എത്തുന്നുണ്ട്. അതിനാലാണ് വീണ്ടും അവിടെ വെടിയൊച്ചകളും മറ്റും ഉണ്ടാകുന്നതെന്നും അവര്‍ വ്യക്തമാക്കി. കാശ്മീരിലെ വിഭാഗീയത തന്നെയാണ് തീവ്രവാദികള്‍ കമ്മ്യൂണിസ്റ്റുകാരുമായി സഹകരിച്ച് കേരളത്തിലും നടപ്പാക്കുന്നത്. ദേശവിരുദ്ധരായ കമ്മ്യൂണിസ്റ്റുകാരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലങ്കില്‍ കേരളം മറ്റൊരു കാശ്മീരായി മാറും. രാജ്യ സ്‌നേഹമുള്ളവരായതിനാലാണ് തങ്ങള്‍ കാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരായി നിലകൊള്ളുന്നത്. എന്നാല്‍ കേരളത്തില്‍ തീവ്രവാദികളുടെ ഒത്താശയോടെ കമ്മ്യൂണിസ്റ്റുകാര്‍ ഭരണം പിടിക്കാനുള്ള ഗൂഢനീക്കങ്ങളാണ് നടത്തുന്നത്. 24 മണിക്കൂറും ഭീകരരുടെ തോക്കിന്റെ ഭീഷണിയില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് കേരളത്തിലെ എബിവിപി പ്രവര്‍ത്തകരുടെ ബുദ്ധിമുട്ടുകള്‍ മനസിലാകും. ഇന്ന് കമ്മ്യൂണിസ്റ്റുകാരുടെ ആക്രമണം കേരളത്തില്‍ മാത്രമാണ് നടക്കുന്നത്. രാജ്യദ്രോഹികളുടെ ഒത്താശയോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ കേരളത്തില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ കാശ്മീരിലെ ഓരോപ്രവര്‍ത്തകരും ശക്തമായി തന്നെ പ്രതികരിക്കുമെന്നും റാഷിദും ഷാരുഖും പറഞ്ഞു. ജമ്മു കാശ്മീര്‍ എബിവിപി സംഘടനാസെക്രട്ടറി അഞ്ചല്‍ സിംഗിനോടൊപ്പമാണ് 140 അംഗ വിദ്യാര്‍ഥി പ്രതിനിധികള്‍ എത്തിയത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.