തൃശൂര്‍: ഗുരുവായൂരിൽ സേവാഭാരതി സേവാസംഗമം 2017 ആര്‍എസ്എസ് സർ കാര്യവാഹ് ഭയ്യാജി ജോഷി ഉദ്ഘാടനം ചെയ്തു. ദരിദ്രജനങ്ങളെ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതാകണം സേവാ പ്രവര്‍ത്തനങ്ങളെന്ന് ഭയ്യാജി ജോഷി പറഞ്ഞു.
ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പന്ത്രണ്ടും പതിനഞ്ചും മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നവരുണ്ട്. ഒരു തരി മണ്ണുപോലും സ്വന്തമായി ഇല്ലാതെ തലമുറകളായി അഭയാര്‍ത്ഥികളായി കഴിയുന്നവരുണ്ട്. ജനസംഖ്യയുടെ ഒമ്പത് ശതമാനം വരുന്ന വനവാസി ജനവിഭാഗങ്ങള്‍ പിന്നോക്കമായ സാഹചര്യത്തില്‍ ജീവിക്കുന്നു. ഇവരെയെല്ലാം സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് സേവാ പ്രവര്‍ത്തനത്തിലൂടെ സംഘം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ ലൈസന്‍സോ സര്‍ട്ടിഫിക്കറ്റോ വാങ്ങി ചെയ്യേണ്ട യാന്ത്രിക പ്രവര്‍ത്തനമല്ല സേവനം. ഓരോ മനുഷ്യന്റെയും ഉള്ളില്‍ നിന്നും ഉറവയെടുക്കുന്ന സഹജീവി സ്നേഹമാണ് സേവനത്തിന് ആധാരം. രാജ്യവ്യാപകമായി ഒന്നര ലക്ഷത്തോളം സേവാ പ്രവര്‍ത്തനങ്ങള്‍ ആര്.എസ്.എസ് നടത്തുന്നുണ്ട്. ഇതിനുള്ള തൊണ്ണൂറ് ശതമാനം പണവും ലഭിക്കുന്നത് സമാജത്തില്‍ നിന്നുമാണ്. പത്ത് ശതമാനം മാത്രമാണ് സര്‍ക്കാര്‍ സഹായം.
പരസ്പര സേവന മനോഭാവം സാമൂഹിക ജീവിതത്തിന്റെ ആദര്‍ശങ്ങളായി മാറണമെന്നും ഭായ്യാജി പറഞ്ഞു. ഗുരുവായൂര്‍ കിഴക്കെനടയില്‍ അയ്യായിരം പേര്‍ക്ക് ഇരിക്കുവാന് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാവിലെ പത്തരമണിയ്ക്കായിരുന്നു ഉദ്ഘാടനം.
സംവിധായകന് പ്രിയദര്ശന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജലം, പ്രകൃതിസംരക്ഷണം, ഗോസേവാ, സ്വച്ഛ്ഭാരത്, ഊര്‍ജ്ജം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രമുഖരെ ആദരിക്കല്‍ എന്നിവയും രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഉണ്ടാകും.
സംഗമത്തില്‍ പങ്കെടുക്കുന്ന മൂവായിരത്തോളം പ്രവര്‍ത്തകര്‍ ഗുരുവായൂരിലെ വിവിധ വീടുകളിലായിരിക്കും താമസിക്കുക. ഇന്നു മുതല്‍ 9 വരെ മുന്‍സിപ്പല്‍ ഓഫീസിനു സമീപത്തായി പ്രത്യേകം സജ്ജമാക്കിയ പുതൂര്‍ ഉണ്ണികൃഷ്ണന് നഗറില്‍ സേവാഭാരതി അഖിലഭാരതീയ, സംസ്ഥാന തലങ്ങളില്‍ നടത്തിവരുന്ന സേവാപ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശിനി, പുസ്തകശാല, പ്രഭാഷണപരമ്പര എന്നിവയും ഒരുക്കുന്നുണ്ട്.
ഇന്ന് വൈകിട്ട് 4ന് പ്രശസ്ത സാഹിത്യകാരന് ആഷാമേനോന് പ്രദര്ശിനിയുടേയും പ്രഭാഷണ പരമ്പരയുടേയും ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ശുചിത്വഭാരതത്തില് ശുചിത്വകേരളം എന്ന വിഷയത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളേജ് അസോ. പ്രൊഫസര്‍ ഡോ. നിര്‍മ്മല പത്മനാഭന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: