മാലിന്യനീക്കം നിലച്ചു; സിവില്‍സ്റ്റേഷന്‍ നാറുന്നു

Saturday 11 November 2017 3:46 pm IST

കൊല്ലം: ദിവസവും ആയിരക്കണക്കിന് ആള്‍ക്കാര്‍ ജോലിക്കും കോടതിയിലേക്കും മറ്റു ആവശ്യങ്ങള്‍ക്കും എത്തിച്ചേരുന്ന കൊല്ലം സിവില്‍ സ്റ്റേഷനില്‍ മാലിന്യനീക്കം നിലച്ചിട്ട് മാസങ്ങളാകുന്നു. ജൈവമാലിന്യവും അജൈവമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വേര്‍തിരിച്ച് ഇടാന്‍ പ്രത്യേക ബാസ്‌ക്കറ്റുകള്‍ ഇതിനുമുമ്പ് വച്ചിരുന്നുവെങ്കിലും ബോധവത്കരണത്തിലെ അഭാവംമൂലം താറുമാറായി. ടി.മിത്ര ജില്ലാ കളക്ടറായിരുന്നപ്പോള്‍ ജീവനക്കാര്‍ ഭക്ഷണം പൊതികളില്‍ കൊണ്ടുവരരുതെന്നും പാത്രങ്ങളില്‍ കൊണ്ടുവരണമെന്നും അവശിഷ്ടങ്ങള്‍ തിരികെ വീട്ടില്‍ കൊണ്ടുപോകണമെന്നും ശുചിത്വമിഷന്‍ മുഖേന സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതോടുകൂടി ഭക്ഷണ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും ജില്ലാ ഭരണകൂടം നിര്‍ത്തിവച്ചു. പൊതുജനങ്ങള്‍ ധാരാളമായെത്തുന്ന ഇവിടെ ഇത് അപ്രായോഗികമായിരുന്നു. രണ്ടാം നിലയിലും കോടതിയുടെ വശങ്ങളിലും ബാര്‍ അസോസിയേഷന്‍ ഹാളിനു മുന്നിലും ട്രഷറി സേവിങ്‌സ് ബാങ്കിനു മുന്നിലും ഭക്ഷണ മാലിന്യം കുന്നുകൂടുകയാണ്. ഇവ ഭക്ഷിക്കാനെത്തുന്ന കാക്കയും നായകളും മറ്റും അവശിഷ്ടങ്ങള്‍ വലിച്ചുകീറി പരിസരം മലീമസമാക്കുകയാണ്.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് ശുചിത്വമിഷന്റെ ചുമതല വഹിക്കുന്ന എഡിസി, ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ട് ആഴ്ചകള്‍ പിന്നിട്ടു. മാലിന്യ സംസ്‌കരണത്തെപറ്റി ദിവസവും ക്ലാസുകള്‍ നടത്തുന്ന ജില്ലാ ഭരണകൂടം നില്‍ക്കുന്ന ആഫീസ് സമുച്ചയത്തില്‍ പോലും സംസ്‌കരണ പ്ലാന്റില്ലാത്തതില്‍ പൊതുജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസിനു മുന്നിലുള്ള സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകിയിട്ടും ഇവിടെ നടപടിയെടുക്കുന്നില്ല. മൂക്കുപൊത്തിയാണ് ഇതിലൂടെ ജനങ്ങള്‍ നടക്കുന്നത്. ടാങ്കിനു ചുറ്റും കൊതുകുശല്യവുമുണ്ട്. പുതിയ ജില്ലാ കളക്ടറെങ്കിലും അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.