സിപിഎം നേതാവിന്റെ ഭൂമി കയ്യേറ്റം: ബിജെപി നേതാക്കള്‍ക്ക് പോലീസ് മര്‍ദനം

Saturday 11 November 2017 3:47 pm IST

കുണ്ടറ: പേരയം ജങ്ഷനില്‍ റവന്യു പുറമ്പോക്ക് ഭൂമി കയ്യേറി കട സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞ ബിജെപി നേതാക്കള്‍ക്ക് പോലീസ് മര്‍ദനം. ഡിവൈഎഫ്‌ഐ സംസ്ഥാനസമിതി അംഗം ഗോപിലാലാണ് കട സ്ഥാപിക്കാന്‍ നീക്കം നടത്തിയത്. ഇത് തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചു. എന്നാല്‍ വീണ്ടും കട സ്ഥാപിക്കാന്‍ കുണ്ടറ എസ്‌ഐ ശിവപ്രകാശിന്റെ സംരക്ഷണത്തില്‍ ഗോപിലാല്‍ എത്തി. ഇതിനെ ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് വിജയന്‍ സക്കറിയ, പഞ്ചായത്ത് സമിതിഅംഗം സുനില്‍, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം സെക്രട്ടറി പേരയം ജോസൂട്ടി, ഗോപീഷ്, റെജി എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദിച്ചതായാണ് പരാതി. ബിജെപി നിയോജകമണ്ഡലം നേതാക്കളെത്തിയാണ് ഇവരെ പുറത്തിറക്കിയത്. പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ വിജയന്‍ സക്കറിയയെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎമ്മും എസ്‌ഐ ശിവപ്രകാശും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കുണ്ടറ പോലീസ് സ്റ്റേഷന്‍ സിപിഎമ്മിന്റെ ഓഫിസായി മാറിയെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. ദിവസങ്ങള്‍ക്കു മുന്‍പ് പെരുമ്പുഴ റേഡിയോ ജങ്ഷനിലും സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്തതായും ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.