കുട്ടച്ചനെ അറിയാമോ?

Monday 13 November 2017 8:00 pm IST

അറിയണം. കുട്ടച്ചന്‍ ഒരിക്കല്‍ മതം മാറി, പിന്നെ മനംമാറി, പൊതുപ്രവര്‍ത്തകരുടെയും അധികാരികളുടെയും മനസുമാറ്റി. മതം മാറിയ സാഹചര്യം അറിഞ്ഞപ്പോള്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെയും തിരുവിതാംകൂര്‍ രാജാവ് ചിത്തിരതിരുനാള്‍ മഹാരാജാവിന്റെയും നിലപാടുകള്‍ മാറി.

കുട്ടച്ചന്‍ അവിടെയും ഒതുങ്ങിയില്ല. കേരള ആത്മീയ നവോത്ഥാന നായകരില്‍ മുഖ്യന്‍ നാരായണ ഗുരുവിനെയും സ്വാധീനിച്ചുവെന്ന് പറഞ്ഞാല്‍ അതിശയിക്കും. പക്ഷേ, അതും സത്യമാണ്. ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയ്ക്കു പിന്നില്‍ കുട്ടച്ചനുണ്ട്. തീര്‍ന്നില്ല, മഹാത്മാഗാന്ധി കുട്ടച്ചനെ കണ്ടിട്ടില്ല, പക്ഷേ കുട്ടച്ചനെ പ്രോത്സാഹിപ്പിച്ച് എത്രയെത്ര കത്തെഴുതിയിട്ടുണ്ടെന്നോ..
കുട്ടച്ചന്റെ ജീവിതം പഠിക്കേണ്ടതുണ്ട്. ആ ജീവിത ലക്ഷ്യം സഫലമായതിന്റെ സാക്ഷ്യങ്ങള്‍ അറിയേണ്ടതുണ്ട്, അറിയിക്കേണ്ടതുണ്ട്…

                            ആരായിരുന്നു കുട്ടച്ചന്‍?

കെ.സി. കുട്ടനും ഭാര്യ നാരായണിയും

കുട്ടച്ചന്‍ അന്തരിച്ചപ്പോള്‍ കേരള കൗമുദി പത്രം മുഖപ്രസംഗ കോളം കറുത്ത ബോര്‍ഡര്‍ വരച്ച് ഒന്നുമെഴുതാതെ കാലിയാക്കി വിട്ടു. അതെ നികത്താനാവാത്ത ശൂന്യതയായിരുന്നു അത്.
കുമാരനാശാന്‍, ടി.കെ.മാധവന്‍, സി. കേശവന്‍, പി.കെ. കുഞ്ഞ്, പി. കേശവദേവ്, ഇ.വി. രാമസ്വാമി നായ്ക്കര്‍, മാസ്റ്റര്‍ താരാ സിങ് മുതലായ പഴയകാല പ്രമുഖര്‍ പലപ്പോഴും കുട്ടച്ചന്റെ വീട്ടില്‍ അതിഥികളായെത്തി.

ശ്രീനാരായണഗുരുവിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് പലതിനും പ്രാവര്‍ത്തിക രൂപംനല്‍കി കുട്ടച്ചന്‍.
കേരളത്തില്‍ കുട്ടച്ചന്റെ വഴികള്‍ സുഗമമായിരുന്നില്ല. പക്ഷേ, പഞ്ചാബിലെ പ്രധാന വീഥികള്‍ കുട്ടച്ചനെ പൂക്കള്‍ വിരിച്ച് എതിരേറ്റ് നഗര സഞ്ചലനം നടത്തി.

കുട്ടച്ചന്റെ ജീവ ചരിത്രം ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെയാണ്: അറിയപ്പെടുന്ന വിഷ ചികിത്സകരായ, ആലപ്പുഴ ചേര്‍ത്തല കുളതൃക്കാട്ട് കുടുംബത്തില്‍ 1894 ല്‍ ജനിച്ച കെ.സി. കുട്ടന്‍, രേഖകളും ലഭ്യമായ വിവരങ്ങളും അനുസരിച്ച് കുഞ്ഞന്‍-ചിരുത ദമ്പതികളുടെ മൂത്തമകനും കുട്ടി വൈദ്യന്റെ അനന്തിരവനുമാണ്. സഹോദരങ്ങളായ കെ.സി. രാമനും കാര്‍ത്യായനിയ്ക്കും ഒപ്പം വീടിനു സമീപത്തെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ നാലാം ക്ലാസ് വരെ പഠിച്ചു. തുടര്‍ന്ന് കോര്യംപള്ളിക്കാരുടെ പ്രസിദ്ധ തറവാട്ടില്‍ സംസ്‌കൃത പഠനം. 50 വര്‍ഷം മുമ്പ് 73-ാം വയസ്സില്‍ അന്തരിച്ചു. അര നൂറ്റാണ്ടിലേറെ ചേര്‍ത്തലയ്ക്കും അധഃസ്ഥിതര്‍ക്കും യഥാര്‍ത്ഥ ഹിന്ദുത്വത്തിനും ആ ധീര നിസ്വാര്‍ത്ഥ വിപ്ലവ പടനായകന്‍ പ്രവര്‍ത്തിച്ചതാണ് ജീവിതത്തിന്റെ മഹത്വം. അര നൂറ്റാണ്ടിനിപ്പുറം, ആ ജീവിതവും ദൗത്യവും ഓര്‍മ്മിക്കേണ്ടവരും മറന്നിരിക്കുന്നുവെന്നതാണ് സങ്കടം.

കുട്ടച്ചന്റെ വിപ്ലവങ്ങള്‍ക്ക് രക്തച്ചൊരിച്ചില്‍ വേണ്ടിവന്നില്ല, അതുകൊണ്ടുതന്നെ അക്കാലത്തെ പതിവായ രക്തസാക്ഷികളും ഉണ്ടായില്ല. പക്ഷേ, പ്രഖ്യാപിച്ച യുദ്ധങ്ങളില്‍ വിജയിച്ചു, ജനസാമാന്യത്തിന് നേട്ടം കിട്ടി. ചേര്‍ത്തല, തിരുവിതാംകൂര്‍ രാജഭണത്തിലായിരുന്നു. ജാതിയും വര്‍ണ്ണവ്യത്യാസങ്ങളും നിലനിന്ന കാലം. ഈഴവ സമുദായത്തിന്റെ ക്ഷേമത്തിനും ഉന്നതിക്കുമായിരുന്നു കുട്ടച്ചന്റെ പ്രവര്‍ത്തനം. ശ്രീനാരായണ ഗുരുവിന്റെ മാര്‍ഗ്ഗദര്‍ശനം കുട്ടച്ചനും തുടര്‍ന്നു. ശിഷ്യനായില്ല, നേരിട്ടു കണ്ടില്ല, പക്ഷേ കുട്ടച്ചന്‍ ഗുരുവിന്റെ നിലപാടുകളെ പിന്തുണച്ചു, ചിലപ്പോള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

                          കുട്ടച്ചന്‍ മതം മാറി

കുട്ടച്ചന്‍ എന്തിനാണ് മതം മാറിയത്? അതും സിഖുമതത്തിലേക്ക്. അന്ന് ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും പലരും മനസ്സു മാറ്റിയിരുന്നു. പ്രലോഭനങ്ങളോ നിര്‍ബന്ധങ്ങളോ ഭീഷണികളോ ഒക്കെ കാരണമായിരുന്നു. പക്ഷേ കുട്ടച്ചന്‍ പോയത് സിഖ് മതത്തിലേക്ക്. എഡി 1512 ല്‍, സിഖ് മത സ്ഥാപകന്‍ ശ്രീ ഗുരുനാനാക്കിന്റെ ആദ്യ ഉദാസി (യാത്ര) സങ്കല ദ്വീപിലേക്കായിരുന്നു (ശ്രീലങ്ക).

മടക്കത്തില്‍ കൊച്ചിയില്‍ ഇറങ്ങിയ അദ്ദേഹം തലസ്ഥാനമായ തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ എത്തി അവിടുത്തെ പൂജാരിയുമായി സംസാരിച്ചുവെന്ന് ചരിത്രം.
വര്‍ണ്ണ വിവേചനം രൂക്ഷമായിരുന്ന അക്കാലത്ത് അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനമോ പൊതുവഴി സഞ്ചാരംപോലുമോ നിഷിദ്ധമായിരുന്നു. അവര്‍ണ്ണര്‍ക്ക് ക്ഷേത്ര പ്രവേശനവും പൊതുവഴിനടക്കലും അവകാശമാക്കാന്‍ സവര്‍ണ്ണര്‍ നടത്തിയ വൈക്കം സത്യഗ്രഹത്തിന്റെ വഴിയാണ് സിഖ് മതത്തിലേക്ക് കുട്ടച്ചന് വഴി തുറന്നത്.

ഗുരുനാനാക്കിന്റെ ചിന്തകളും ശ്രീനാരായണ ഗുരുവിന്റെ ഉദ്‌ബോധനങ്ങളും സമാനമായിരുന്നു. ഇതും കുട്ടച്ചനെ സ്വാധീനിച്ചിട്ടുണ്ടാകാം. എല്ലാവരും തുല്യരാണെന്നും ദൈവം ഒന്നേയുള്ളൂ എന്നും ഗുരുനാനാക്ക് പറഞ്ഞപ്പോള്‍ ഗുരുസ്വാമി ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞു.

1924ല്‍ സഹോദരന്‍ അയ്യപ്പന്‍ ആലുവ അദ്വൈതാശ്രമത്തില്‍ സര്‍വ്വമത സമ്മേളനം വിളിച്ചുകൂട്ടി. അതില്‍ സിഖുകാരുടെ പ്രാതിനിധ്യം ഇല്ലായിരുന്നു.
ഈ കാലത്ത് ‘മിതവാദി’ കൃഷ്ണന്‍ കോഴിക്കോട് ബുദ്ധമതവും കൊച്ചിയില്‍ കെ.പത്മനാഭനാശാന്‍, കെ.പി. തൈയ്യില്‍ എന്നിവര്‍ ഇസ്ലാംമതം സ്വീകരിച്ചു. ആശാന്‍ അമീര്‍ അലി എന്നും, തൈയ്യില്‍, കമാല്‍പാഷ തൈയില്‍ എന്നും പേര് മാറ്റി. ഇതേ വര്‍ഷമായിരുന്നു. ”വൈക്കം സത്യഗ്രഹം.” അന്ന് ഗുരുവിന്റെ വൈക്കം ആശ്രമം സത്യഗ്രഹികളുടെ ഓഫീസിനായി വിട്ടുകൊടുത്തു.

ഡോ.ബി.ആര്‍. അംബേദ്ക്കറുടെ മകന്‍ അന്ന് ശിവഗിരിയില്‍ തളര്‍വാതത്തിന് ചികിത്സയിലായിരുന്നു. അകാലി തക്ക്തിലെ ഒരാളും ചില സിഖുകാരും അദ്ദേഹത്തെ സന്ദര്‍ശിച്ച് വൈക്കം സത്യഗ്രഹത്തെപ്പറ്റി അറിയിച്ചു. ഈ വിവരം അറിഞ്ഞ അമൃതസര്‍ ശിരോമണി അകാലിദളില്‍നിന്നും മാസ്റ്റര്‍ താരാസിങ് അഞ്ച് പ്രമുഖ സിഖുകാരെ അയച്ചു. അവര്‍ സത്യഗ്രഹികള്‍ക്ക് വേണ്ടി ‘ലാങ്കര്‍’ (സൗജന്യ ഭക്ഷണപ്പുര) സ്ഥാപിച്ച് സത്യഗ്രഹം തീരുന്നതുവരെ സേവനം പ്രഖ്യാപിച്ചു. പിന്നീട് മാസ്റ്റര്‍ താരസിങ് നേരിട്ടുവന്നു. അധഃസ്ഥിതര്‍ക്ക് പിന്തുണ അറിയിച്ചു.

മഹാത്മാഗാന്ധി ഇടപെട്ട് വൈക്കം സത്യഗ്രഹത്തിന് പ്രാദേശിക പണപ്പിരിവില്‍ ഭക്ഷണ വിതരണം നടത്തണമെന്ന് ശഠിച്ചു; സിഖുകാര്‍ ‘ലാങ്കര്‍’ പൂട്ടി തിരിച്ചുപോയി.
1932 ലെ ഗുരുവായൂര്‍ സത്യഗ്രഹം പല കാരണങ്ങളാലും ലക്ഷ്യം കണ്ടില്ല. പള്ളുരുത്തിയില്‍ സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിച്ച വിപുലമായ ഈഴവ സമ്മേളനം ഗാന്ധിജിയെ സ്വീകരിക്കാനായിരുന്നു. ഗുരുവായൂര്‍ ”സത്യഗ്രഹ വഞ്ചന” ഓര്‍മ്മപ്പെടുത്തിയ സഹോദരന്‍ അയ്യപ്പന്‍, ‘കന്യാകുമാരിയില്‍ ഗാന്ധിജി വൈശ്യന്റെ ദൂരപരിധി പരിപാലിച്ച് നേടിയ ദര്‍ശന’വും വട്ടമേശ സമ്മേളനത്തിലെ ‘കമ്മ്യൂണല്‍ അവാര്‍ഡ്’ നിരാസവും വിഷയമാക്കി ‘നിശിതമായും മ്ലേച്ഛ ഭാഷയിലും’ പ്രസംഗിച്ചു മംഗളപത്രം സമര്‍പ്പിച്ചതിന് 1934 ജനുവരി 18 ന് പള്ളുരുത്തി സാക്ഷ്യം വഹിച്ചു.

ഗാന്ധിജി നേരേ കല്‍ക്കത്തയില്‍ എത്തി ‘അയിത്തം’ നീക്കുന്നതിന് അനുകൂലമായി സംസാരിച്ചു; ചാതുര്‍വര്‍ണ്ണ്യം നിലനിര്‍ത്തണമെന്ന് വാദിച്ചുകൊണ്ടുതന്നെ. അതും ചരിത്രം.
മാസ്റ്റര്‍ താരാസിങ് 1936 ല്‍ വീണ്ടും ഒരു സംഘവുമായി കേരളത്തിലെത്തി. പള്ളുരുത്തിയിലെ ഈഴവ സമ്മേളനത്തില്‍ പ്രസംഗിച്ചു, ”നിങ്ങള്‍ക്ക് ശ്രീനാരായണന്‍ എന്ന ഗുരുനാനാക്ക് ഉണ്ട്, നിങ്ങള്‍ക്ക് ഇനിവേണ്ടത് ഗുരു ഗോവിന്ദ് സിങ് ആണ്, ഞങ്ങള്‍ നിങ്ങളെ സഹായിക്കാം.” കുട്ടച്ചന്‍, ഇ. മാധവന്റെ ‘സ്വതന്ത്ര സമുദായ’ത്തോട് അനുകൂലമെങ്കിലും അപ്രായോഗികത മുന്‍കൂട്ടിക്കണ്ടു; കരുത്താണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞു. അകാലികളുമായി ബന്ധപ്പെട്ടു. കുട്ടച്ചന്‍ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ഉധംസിങ്ങിനോടൊപ്പം തൃപ്പൂണിത്തുറയില്‍ പോയി. ക്ഷേത്രത്തിന് മുന്‍വശത്തെ തീണ്ടല്‍ പലക (ബോര്‍ഡിന്) സമീപത്തുകൂടി, അവര്‍ണനെ കണ്ടാലുടന്‍ പിടിച്ചു മര്‍ദ്ദിക്കുന്ന ആ റോഡില്‍ ഉധംസിങ് കുട്ടച്ചന്റെ കൈപിടിച്ച് പലവട്ടം നടന്നിട്ടും എതിര്‍ക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.

അധഃസ്ഥിതര്‍ക്കായി സ്വാര്‍ത്ഥതയില്ലാതെ പൊരുതാനുള്ള ധൈര്യം, കുട്ടച്ചനും കൂട്ടരും വിലമതിച്ചു. കൊച്ചിയില്‍ കൂടിയ മീറ്റിങ്ങില്‍ ധാരാളംപേര്‍ മുന്നോട്ടുവന്നെങ്കിലും അഞ്ച് പേരെ മാത്രം അവര്‍ അമൃതസറിലേക്ക് കൂട്ടി. അമൃതസറിലെ പവിത്ര അകാല്‍ തക്ത് സാഹിബില്‍ 1936 ഏപ്രില്‍ 18 ന് കുട്ടച്ചനടക്കം അഞ്ച് പേര്‍ സിഖ് മതം സ്വീകരിച്ചു. കെ. സി. കുട്ടന്‍ ജയ്‌സിങ്ങായി. ഇ. രാഘവന്‍. ബി.എ- ഹര്‍ണാം സിങ്, ശങ്കു രാഘവന്‍-കൃപാല്‍ സിങ്, ചിറയില്‍ കൃഷ്ണന്‍ -രഞ്ജിത്ത്‌സിങ്, കുന്നത്ത് കേശവന്‍ മാസ്റ്റര്‍ -ഉദയ് സിങ്. ഇവര്‍ക്ക് പാട്യാല മഹാരാജാവ് നല്‍കിയ സ്വീകരണത്തില്‍ ഭാവി പരിപാടികള്‍ക്കുള്ള പൂര്‍ണ സഹായങ്ങളും സംരക്ഷണവും ഉറപ്പു നല്‍കി. ദല്‍ഹി ശീഷ് ഗഞ്ച് ഗുരുദ്വാരയിലെ വര്‍ണാഭമായ സ്വീകരണവും റായ് ബഹാദൂര്‍ ഭാന്‍ സഖാ സിങ്ങിന്റെ വീട്ടിലെ വിശിഷ്ടാതിഥിയായുള്ള താമസവും നല്‍കി. ഈ വാര്‍ത്തകള്‍ കേരളത്തിലെ പത്രങ്ങളില്‍ വന്നു. ലേഖകന്‍ ജയ്‌സിങ് ആയ കുട്ടച്ചന്‍ തന്നെയായിരുന്നു.

തിരികെ എത്തിയ ഇവര്‍ ചേര്‍ത്തലയിലും കൊച്ചിയിലും റാന്നിയിലും സിഖ് മിഷനുകള്‍ സ്ഥാപിച്ചു. ആദ്യത്തേത് ചേര്‍ത്തലയില്‍ കുട്ടച്ചന്റെ ‘കുളത്രക്കാട്ട്’ വസതിയില്‍.
രഹസ്യവിവരങ്ങള്‍ ശേഖരിച്ച സി. പി. രാമസ്വാമി അയ്യര്‍, മറ്റു മതംമാറ്റശ്രമങ്ങളും ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഭീതിദമായ ഹിന്ദുമതശോഷണം ഒഴിവാക്കാന്‍ ഉടന്‍തന്നെ ‘ക്ഷേത്രപ്രവേശന വിളംബരം’ മഹാരാജാവിനെക്കൊണ്ട് പ്രഖ്യാപിപ്പിച്ചു. ഹിന്ദു ഇന്ത്യയിലെ ആയിരക്കണക്കിന് വര്‍ഷത്തെ ആദ്യ സംഭവം. ഇത് കൊച്ചിയും മറ്റ് പല സംസ്ഥാനങ്ങളും അനുകരിച്ചു.

കുട്ടച്ചന്‍ മഹാരാജാവിന്റെ ഭക്തനായിരുന്നു. ചേര്‍ത്തലയില്‍ ചിത്തരപ്പിറന്നാള്‍ ആഘോഷം എല്ലാ വര്‍ഷവും നടത്തിവന്നിരുന്നു. ഈഴവ സമുദായത്തിലെ കുട്ടച്ചന്റെ സ്വാധീനം സര്‍ സിപിക്ക് അറിയാമായിരുന്നു. കുട്ടച്ചനെ തലസ്ഥാനത്ത് വരുത്തി സിപി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. രാജാവില്‍നിന്നു കിട്ടിയ ഉറപ്പുകള്‍ പ്രകാരം കുട്ടച്ചന്‍ അവിടെവെച്ചുതന്നെ സ്വമതത്തിലേക്കു മടങ്ങി. തലപ്പാവഴിച്ചു, താടിയും മുടിയും മുറിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന് പല കാരണങ്ങളുണ്ട്. അവകാശികള്‍ പലരുമുണ്ട്. കുട്ടച്ചന്റെ നിലപാടുകളും നടപടികളും അതില്‍ സ്വാധീനിച്ചിരുന്നുവെന്ന് ഉറപ്പ്. കുട്ടച്ചനു കിട്ടിയ ഉറപ്പുകള്‍ക്ക് തെളിവാണ് ഇന്നും ചേര്‍ത്തലയില്‍ ശേഷിക്കുന്ന ചിലത്.

കുട്ടച്ചന് രാജാധികാരത്തില്‍നിന്നു കിട്ടിയ ഉറപ്പുകളില്‍ പൊന്തിവന്നവ ഇന്നും ഉയര്‍ന്നു നില്‍ക്കുന്നു. അവ നേട്ടങ്ങളുടെ അടയാളങ്ങളാണ്. സ്വസമുദായത്തിന്റെ ക്ഷേമത്തിന് അവര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍, വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഭൗതിക-ആത്മീയ സ്ഥാനങ്ങള്‍ കുട്ടച്ചന്‍ നേടിക്കൊടുത്തു. ആദ്യ കോളനി സ്ഥാപിച്ചത് കുറുപ്പംകുളങ്ങരയാണ്. ചേര്‍ത്തല കാര്‍ത്ത്യായനി ദേവിയുടെ ‘മകം ആറാട്ടി’നുള്ള ആറാട്ട് കുളം വെറും 50 മീറ്റര്‍ അകലെ! ‘ആയില്യം പടയണി’ തുടങ്ങുന്ന പ്രസിദ്ധ നായര്‍ തറവാടായ ‘പതിയാവീടി’ന്റെ മുറ്റത്ത് 200 മീറ്റര്‍ അകലെ, സ്ഥാപിച്ച ഈ കോളനിയുടെ ഉദ്ഘാടനത്തിന് പതിയാവീട്ടിലെയും, കട്ടികാട്ടെയും കാരണവന്മാരെയും കുട്ടികളെയും പൊതുജനങ്ങളോടൊപ്പം അണിനിരത്തി. ആറാട്ടുകുളത്തിന്റെ തെക്കെകരയില്‍ സ്ഥാപിച്ച വേദിയില്‍ സമ്മേളനം! സാമൂഹ്യ വിപ്ലവമായിരുന്നു അത്, പോരടിക്കാത്ത, ചോര ചിന്താത്ത വിപ്ലവം.

”അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി’യ ഈശ്വരനെ പ്രാര്‍ത്ഥിച്ച ശേഷം ‘വഞ്ചിഭൂമി’ പരിപാലിക്കുന്ന രാജാവിനെയും സ്തുതിച്ച അഞ്ച് എല്‍പി സ്‌കൂള്‍ ബാലികമാരില്‍ കെ.കെ. ശങ്കരന്‍ വാദ്ധ്യാരുടെ മകള്‍ ജഗദംബയും, പതിയാ വീട്ടിലെ മക്കമ്മ എന്ന കല്യാണിക്കുട്ടിയും മരിച്ചുപോയി. കൊല്ലംപറമ്പ് ലീലയും ഉണ്ടായിരുന്നു. സമ്മേളനശേഷം വൈക്കം വാസുദേവന്‍ നായരുടെ പാട്ടുകച്ചേരിയും നടന്നു. ഈ കോളനിക്ക് ‘ഉള്ളാട കോളനി’യെന്നും ‘ചിത്തിര കോളനി’യെന്നും പറയുന്നു.

രണ്ടാമത്തേത് ചേര്‍ത്തല-തെക്ക് പഞ്ചായത്തില്‍. വിവി ഗ്രാം-കോളനി- ”വാല്മീകി-വള്ളുവര്‍ ഗ്രാം-കോളനി!” അര്‍ത്തുങ്കല്‍ ക്രിസ്ത്യന്‍ പള്ളിക്ക് ഇടംനല്‍കിയ ‘പുളിയംകോട്ടു കുറുപ്പന്‍’മാരുടെ സങ്കേതങ്ങളിലാണ്. പുളിയംകോട്ടെ ഒരു കുറുപ്പ് മതംമാറുകയും, തന്റെ വീതത്തില്‍ കിട്ടിയ ‘അര്‍ണിശ്ശേരി’ അമ്പലവും സ്ഥലവും ക്രിസ്ത്യന്‍ പള്ളിയാക്കാന്‍ വിട്ടുകൊടുക്കുകയുമായിരുന്നു. അതിനുള്ള മധുരപ്രതികാരമായിരുന്നു കുട്ടച്ചന്റെ ഈ കോളനി സ്ഥാപനം.

മൂന്നാമത്തെ കോളനി ചേര്‍ത്തല നഗരത്തിന്റെ കിഴക്കരികിനു പുറത്ത് വാരനാട് ദേവീക്ഷേത്രത്തിന് 150 മീറ്റര്‍ തെക്കരികില്‍. ഇത് നായര്‍ സമുദായം നോക്കി നടത്തുന്ന ക്ഷേത്രമാണ്. പ്രസിദ്ധമായ ‘വാത്ത്യാട്ട്’ നായര്‍ കുടുംബക്കാര്‍ അഭിമാനത്തോടെ പറയുന്ന ‘കട്ടച്ചിറ മുതല്‍ മുസാവരി ബംഗ്ലാവ്’വരെ (6 കീ.മീ.) പരന്നുകിടക്കുന്ന കുടുംബവസ്തുക്കളുടെ ഒത്തനടുക്കാണ് ഈ ‘ശ്രീബുദ്ധപുരം’ കോളനി. ഈ സ്ഥലത്തിന്റെ പട്ടയ വിതരണം 1958 ല്‍ നടന്നു, 16 കുടുംബങ്ങള്‍ക്ക്.

ഒരു കുടുംബത്തിന് 10 സെന്റ് സ്ഥലം വീതമാണ് അനുവദിച്ചത്. അതില്‍ കുറുപ്പംകുളങ്ങരയിലെ ആദ്യ കോളനിയില്‍ രണ്ട് മുറിയും അടുക്കളയും നാല് തടിത്തുണുകളുള്ള വരാന്തയും ഉള്‍പ്പെടെ എട്ടര കോല്‍ വീട് ”ഉത്തരംമുട്ടേ കല്ലുകെട്ടി” ഓടു പാകിയത്: 12 വീടുകള്‍. വാരനാട്ടുള്ള ‘ശങ്കരു’ എന്ന കരാറുകാരനെക്കൊണ്ട് നിര്‍മിച്ച് മഹാരാജാവ് ദാനമായിട്ടാണ് ഇവ 12 ഉം നല്‍കിയിരിക്കുന്നത്.

‘അക്ഷരജ്ഞാനം തീരെയില്ലാത്ത ചാത്തന് കുട്ടിയും, പ്രേതവും അവര്‍ക്ക് ദൈവം’ എന്ന സ്ഥാനത്ത് തമ്പുരാന്‍ നിത്യവും ആരാധിക്കുന്ന അനന്തപത്മനാഭന്റെ ചിത്രം തന്നെ പൊന്നുതമ്പുരാനെക്കൊണ്ട് കുട്ടച്ചന്‍ അവര്‍ക്ക് കൊടുപ്പിച്ചു: അഞ്ച് അടി നീളവും നാല് അടി വീതിയുമുള്ള എണ്ണച്ചായ ചിത്രം! അതില്‍ അന്ന് ”വാരിയര്‍” എന്ന് എഴുതി ഒട്ടിച്ചിരുന്നു. ചിത്രം എടുത്തുവച്ചത്, കുട്ടച്ചനും കൃഷ്ണനുണ്ണിയും ചേര്‍ന്നാണ്. അത് സ്ഥാപിച്ചു തൊഴാന്‍, അത് ‘ഭജനമഠം’ എന്ന് വിളിക്കപ്പെട്ടിരുന്ന ചെറിയ ക്ഷേത്രവും അവിടെ ഉപയോഗത്തിന് വലിയ ഒരു നിലവിളക്കും, പൂപ്പാലികയും ചെമ്പുകുടവും ഉള്‍പ്പെടെ ഉള്ള പാത്രങ്ങളും രാജാവ് സ്വന്തം ചെലവില്‍ നല്‍കിയത് ഇന്നും ഉപയോഗത്തിലുണ്ട്.

ഇന്ന് ചേര്‍ത്തല എന്നറിയപ്പെടുന്ന പഴയ ‘കരപ്പുറം’, തെക്ക് ‘തുമ്പോളി’ മുതല്‍ വടക്ക് പള്ളുരുത്തി വരെ നീണ്ടുകിടപ്പുണ്ട്. എന്നാല്‍ കൊച്ചി രാജാവ് ഉടമ്പടിപ്രകാരം നല്‍കിയ ഭൂമിയില്‍ തിരുവിതാംകൂര്‍ ‘ഭരിക്കുന്ന’ മഹാരാജാവിന് കാല്‍കുത്തുവാന്‍ അനുവാദമില്ലായിരുന്നു. രാജഭരണം ഒഴിഞ്ഞ് ‘രാജപ്രമുഖനായ’ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ, ഈ കോളനി ഉദ്ഘാടനത്തിനാണ് ഈ കരപ്പുറം മണ്ണില്‍ ആദ്യമായി കാലുകുത്തുന്നത്.

പ്രധാന കോളനിയിലെ അമ്പലത്തിന്റെ വാതില്‍ തുറന്ന് ഉദ്ഘാടനവും കോളനി വീടിന്റെ താക്കോല്‍ ദാനവും രണ്ടുവിധത്തിലായിരുന്നു. ക്ഷേത്രം, റിബണ്‍ മുറിച്ച് ഉദ്ഘാടനം ചെയ്ത രാജാവ്, വാതില്‍ തുറന്ന് ഒരുപിടി നെല്ല് വീശിയെറിഞ്ഞാണ് ”ഒന്നാംപുര” പ്രവേശനം ചെയ്ത് ദാനം ചെയ്തത്. ആദ്യ താക്കോല്‍ വാങ്ങിയത് ”കുഞ്ഞുണ്ണി”യുടെ കാര്‍ന്നോര്‍ ‘ഉണ്ണര’യായിരുന്നു. കുട്ടച്ചനോടൊപ്പം ഇതിന്റെ ഒരുക്കങ്ങള്‍ക്കായി ഓടി നടന്ന കുഞ്ഞുണ്ണിയുടെ അച്ഛന്‍ ഉണ്ണിയെന്ന് വിളിക്കുന്ന കൃഷ്ണനുണ്ണിക്കാണ് ‘2-ാം പുര’യുടെ താക്കോല്‍ കിട്ടിയത് ഇവരുടെ പിന്‍തലമുറയിലെ തങ്കച്ചനാണ് ഇപ്പോള്‍ ക്ഷേത്രം രാവിലെയും സന്ധ്യക്കും തുറന്ന് വിളക്ക് കത്തിച്ചും പ്രധാന ദിവസങ്ങളിലെ പൂജാ പരിപാടികളുടെയും സംയോജകന്‍.

നവരാത്രിയും മണ്ഡലകാലത്തെ അവസാന 11 ദിനങ്ങളും ആണ് പ്രധാന ആഘോഷങ്ങള്‍. ഈ സമീപകാലത്ത് ‘റാണി ഗൗരീഭായി തമ്പുരാട്ടി’ വന്നപ്പോള്‍ നവീകരണത്തിന് കൈത്താങ്ങ് ഉറപ്പുനല്‍കിയത് കോളനിവാസികള്‍ നന്ദിയോടെ സ്മരിക്കുന്നു. കോളനികള്‍ സ്ഥാപിക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതിന് ഫീല്‍ഡ് ഓഫീസര്‍ ആയിരുന്ന മാവേലിക്കരക്കാരനായ സാമുവല്‍, കുട്ടച്ചന് വളരെയേറെ സഹായം നല്‍കി.

             കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠ

കളവംകോടം ക്ഷേത്രം

കളവംകോടം എന്ന തനിഗ്രാമം ലോക പ്രസിദ്ധമായത്, ശ്രീനാരായണ ഗുരുദേവന്‍ ‘പുതുകാട്ട് കുന്ന’മ്പലത്തില്‍ ഭക്തര്‍ക്കായി ദര്‍ശനത്തിന് ‘കണ്ണാടി’ പ്രതിഷ്ഠിച്ചതോടെയാണ്. ഗുരുവിന്റെ ഗുരു ‘അയ്യാവു’ സ്വാമിക്ക് ശിഷ്യത്വം നല്‍കിയ ‘വൈകുണ്ഠ’ സ്വാമിയുടെ സ്വാമിത്തോപ്പിലെ സമാധിയിലും, ശിഷ്യസഞ്ചയങ്ങളുടെ മനസ്സുകളിലെ വൈവിധ്യമാര്‍ന്ന കണ്ണാടിരൂപങ്ങളിലും ഉള്ളതാണത്രേ ”ഈ കണ്ണാടി!” ആകാം!!

കളവംകോടത്തിന് ഒരു കി.മീ. കിഴക്ക് വയലാര്‍ കോയിക്കല്‍ മനയില്‍നിന്നും പ്രസിദ്ധമായ വാരനാട് അമ്പലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മൂല വിഗ്രഹവും കണ്ണാടിതന്നെ. അറിവുള്ളവര്‍ക്ക് കരിങ്കല്ലിലെ കണ്ണാടിയില്‍ നിന്ന് കിട്ടുന്ന സൗഖ്യവും സംതൃപ്തിയും തന്നെയാണ് അവര്‍ണര്‍ക്ക് കളവംകോടത്തെ കണ്ണാടിയില്‍ നിന്ന് ലഭിക്കുന്നതും.

ഈ കണ്ണാടി പ്രതിഷ്ഠയില്‍ കുട്ടച്ചന്റെ സ്വാധീനമുണ്ടോ. ഉണ്ടെന്നു വേണം കരുതാന്‍. കുട്ടച്ചന്‍ നാരായണ ഗുരുവിന്റെ അനുയായി ആയിരുന്നുവെന്ന് പറഞ്ഞല്ലോ. കളവംകോടത്ത് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഗുരുവെത്തി. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് പ്രഖ്യാപിച്ച അങ്ങ് ഏത് മതത്തിലെ ഏത് ജാതി ഏത് ദൈവത്തെയാണ് മനുഷ്യന് വേണ്ടി പ്രതിഷ്ഠിക്കാന്‍ എത്തിയതെന്നും അങ്ങ് സ്ഥാപിച്ച പല ക്ഷേത്രങ്ങളിലും പല ദൈവങ്ങളെ പ്രതിഷ്ഠിച്ച് ‘ഒരു ദൈവം’ എന്ന അങ്ങയുടെ വാക്ക് വിലയില്ലാതാക്കുന്നു എന്നും ഓര്‍മ്മിപ്പിച്ച്, ചേര്‍ത്തല വടക്കേ അങ്ങാടിയില്‍ ‘പ്രസ് കുട്ടന്റെ’ ശ്രീനാരായണ പ്രസില്‍ അച്ചടിച്ച നോട്ടീസ് രഹസ്യമായി ഗുരുവിന്റെ സമീപമെത്തി. കുട്ടച്ചനായിരുന്നു നോട്ടീസിനു പിന്നില്‍. തുടര്‍ന്ന് രായ്ക്ക് രാമാനം കാട്ടിപ്പറമ്പില്‍ ഗോപാലന്‍ എറണാകുളത്തുനിന്നും രസക്കണ്ണാടി വരുത്തി അതിലെ രസം ചുരണ്ടി ‘ഓം’ എന്നും പിന്നീട് ‘ഓം ശാന്തി’ എന്ന് തിരുത്തിയും അതില്‍ രേഖപ്പെടുത്തി. ഗുരുവിന്റേയും

സഹായികളുടേയും തത്രപ്പാടിനിടെ ‘ഓം’ എന്നത് ‘ഒം’ എന്നേ എഴുതാനായുള്ളു. കണ്ടിട്ടില്ലാത്ത കുട്ടച്ചനെ ഗുരു മനസ്സുകൊണ്ട് പുണര്‍ന്നിരിക്കണം. പിന്നീട് വൈക്കം ഉല്ലലയിലും കണ്ണാടി പ്രതിഷ്ഠ നടത്തി.കുട്ടച്ചന്‍ അന്തരിച്ചിട്ട് 2017 നവംബര്‍ എട്ടിന് അര നൂറ്റാണ്ടു തികഞ്ഞു.
സ്വന്തമായി ചിന്തിച്ചുറപ്പിച്ച് എടുക്കുന്ന തീരുമാനങ്ങളില്‍ ഒറ്റയ്ക്കാണെങ്കിലും കുട്ടച്ചന്‍ നീങ്ങി. വിജയം മാത്രം സമ്മാനിച്ച തീരുമാനങ്ങളുടെ നിര നീണ്ടതായിരുന്നു. സിഖുകാരനായതും അതുപേക്ഷിച്ചതും സ്വന്തം നേട്ടത്തിനായിരുന്നില്ല.

തലസ്ഥാന യാത്രകളും തിരുമനസ്സിനെ മുഖം കാണിക്കലും പാട്യാല മഹാറാണിയെ കവടിയാര്‍ കൊട്ടാരത്തിലെത്തിച്ചതും അധസ്ഥിത ഉന്നമനം ലക്ഷ്യമിട്ടായിരുന്നു. മലയ, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് 15,000 രൂപയുമായെത്തി ഗുരു റാം ദാസ് കയര്‍ ഫാക്ടറി തുടങ്ങി അധഃസ്ഥിതര്‍ക്ക് തൊഴില്‍ കൊടുത്തതും ഇതേ ലക്ഷ്യത്താലാണ്. ഗുരുദേവന്റെ ഉത്‌ബോധനങ്ങള്‍ യഥാര്‍ഥമായും ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥമായും നടത്തിയ കുട്ടച്ചന്‍ എന്ന കെ.സി. കുട്ടന്‍, ഗുരുവിന്റെ യഥാര്‍ത്ഥ ഭക്തനും അനുയായിയുമായ കുട്ടച്ചന്‍ ഓര്‍മ്മിക്കപ്പെടേണ്ടതാണ്, ഇന്നത്തേതിലും വലിയ നിലയില്‍.