മണ്ണിന്റെ മനസ്സറിഞ്ഞ യതിവര്യന്‍

Saturday 11 November 2017 5:49 pm IST

പുനരുജ്ജീവനത്തിന് ഭഗവാന്റെ കണക്കുപുസ്തകത്തില്‍ സുവ്യക്തമായ ലക്ഷ്യമുണ്ട്. മണ്ണിന്റെ അന്തഃചോദന സ്വജീവിതത്തോട് ഇഴുകിച്ചേര്‍ത്ത വിദ്യാനന്ദ പുരി സ്വാമിയുടെ ജീവിതം അതാണ് നമുക്കു പറഞ്ഞുതരുന്നത്.

പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയായ ഇദ്ദേഹം ബോംബെയിലും ഗുജറാത്തിലുമായി വിവിധ കമ്പനികളില്‍ ജോലിചെയ്തു. തിരികെ നാട്ടിലെത്തി. എറണാകുളത്തുനിന്നും മൂകാംബികയിലേക്കുള്ള യാത്രയാണ് വഴിത്തിരിവായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ കൊളത്തൂര്‍ അദ്വൈതാശ്രമത്തെപ്പറ്റിയും ആശ്രമാധിപതി ചിദാനന്ദപുരി സ്വാമികളെപ്പറ്റിയും ഉള്ളില്‍നിന്നും ആരോ പറയുന്നതുപോലെ. നീ ഇവിടെ ഇറങ്ങിക്കോ എന്ന ഉള്‍വിളിയുടെ ഫലമായി കോഴിക്കോട്ടു സ്റ്റേഷനില്‍ ഇറങ്ങുകയും അന്വേഷിക്കുകയും ചെയ്തു.

അങ്ങനെയാണ് പതിമൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് കൊളത്തൂരില്‍ യാദൃച്ഛികമായി എത്തിയത്. നാം പണിയെടുക്കാതെ ഭക്ഷണം കഴിക്കരുതെന്നായിരുന്നു ചിദാനന്ദപുരിയുടെ ഉപദേശം.
പതിമൂന്നു വര്‍ഷം മുമ്പ് കൊളത്തൂരിലെത്തിയ സ്വാമിജി ഒന്നര വര്‍ഷക്കാലം അവിടെ താമസിച്ചു. പിന്നീട് ഗുജറാത്തിലേക്കു പോയി. മെഹമ്മദാബാദ് മാധവാനന്ദാശ്രമത്തിലെ വിമലാനന്ദ പുരി സ്വാമികളില്‍ നിന്നും ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചു. ബ്രഹ്മചാരി വിശ്വചൈതന്യയായി അറിയപ്പെട്ടു. ഗുരുവിന്റെ അനുജ്ഞയനുസരിച്ച് ദീക്ഷാമന്ത്ര പുരശ്ചണത്തിനുവേണ്ടി ഹിമാലയത്തിലേക്കു തിരിച്ചു. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ഋഷികേശ് കൈലാസാശ്രമത്തില്‍ നിന്നും സംന്യാസദീക്ഷ ലഭിച്ചശേഷം ഉത്തരകാശിയിലേക്കു പോയി അവിടുത്തെ കൈലാസാശ്രമത്തില്‍ വ്യവസ്ഥാപക് (മാനേജര്‍) എന്ന നിലയില്‍ രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു.

ഇതിനിടയിലാണ് രോഗം പിടിമുറുക്കിയത്. അതില്‍നിന്നും വിജയിക്കുന്നതിനായി വലിയ സര്‍ജറി വേണ്ടിവന്നു. അതിനുശേഷം വീണ്ടും കൊളത്തൂരിലേക്കുതന്നെ തിരിച്ചു. അത്ഭുതാവഹമായ രീതില്‍ ഒരു പുതുജീവന്‍ ലഭിച്ച ശേഷം ശാരീരിക അവശത മറന്ന് വീണ്ടും കാര്‍ഷികവൃത്തിയിലേക്കു തിരിഞ്ഞു.

വിദ്യാനന്ദപുരി സ്വാമി ഗോപരിപാലനത്തില്‍

ചെങ്ങോട്ടുമലയിലും പരിസരപ്രദേശങ്ങളിലും മൂന്നര ഏക്കറിലേറെ സ്ഥലത്ത് സ്വയം കൃഷിയിറക്കി. അതില്‍നിന്നും വിളവെടുത്ത് ആനന്ദം കണ്ടെത്തുകയാണ് ഈ യതിശ്രേഷ്ഠന്‍.
ആശ്രമത്തിലും ആശ്രമത്തിന്റെ തന്നെ ഭാഗമായുള്ള ശ്രീശങ്കര ബാലസദനത്തിലും ശ്രീശങ്കര വിദ്യാമന്ദിരത്തിലുമായി ദിവസേന ഏകദേശം എഴുപത്തഞ്ച് കിലോഗ്രാം പച്ചക്കറികള്‍ വേണ്ടിവരുമെന്ന കണക്കുകൂട്ടലില്‍ നിന്നും, അതു നിര്‍വ്വഹിക്കാനുള്ള അശ്രാന്ത പരിശ്രമത്തിന്റ ഫലമാണ് ഇപ്പോള്‍ ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കൃഷി.

ഉത്തരേന്ത്യന്‍ ഇനമായ ബാജ്ര, ജുവര്‍ എന്നിവ പരീക്ഷിച്ച് നൂറുമേനി വിളയിച്ച നിര്‍വൃതിയിലാണ് ഇപ്പോള്‍. വൈവിദ്ധ്യമാര്‍ന്ന പച്ചക്കറികളാണ് തോട്ടത്തിലെ പ്രത്യേകത. വാഴ, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍, വെണ്ട, കപ്പ, ചീര, മധുരക്കിഴങ്ങ് എന്നിവ വര്‍ദ്ധിച്ചതോതില്‍ കൃഷി ചെയ്തുവരുന്നു. അതുപോലെ നൂറു പപ്പായത്തൈകള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അതും ധാരാളം കായ്ഫലങ്ങള്‍ തരുവാന്‍ പാകത്തിലായിക്കഴിഞ്ഞു.

ദിവസേന മുപ്പതു കിലോ റോബസ്റ്റ വാഴക്കന്നുകള്‍ നടാന്‍ നിലമൊരുക്കിക്കഴിഞ്ഞു. വയനാട് അമ്പലവയല്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍നിന്നും വാഴക്കന്നുകള്‍ ലഭിക്കുന്നതോടെ അതും ആരംഭിക്കും. ഒന്നുരണ്ടു മാസത്തേക്ക് നിത്യേന ശരാശരി പത്തു കിലോ എന്ന കണക്കില്‍ മധുരക്കിഴങ്ങ് ലഭിക്കുന്നതിനു പാകമായിക്കഴിഞ്ഞു.

ഇതിനെല്ലാമുള്ള വളം ശുദ്ധമായ ചാണകവും ഗോമൂത്രവും തന്നെ. അതിനുവേണ്ടി ഒമ്പതു നാടന്‍ പശുക്കളെ വളര്‍ത്തുന്നു. നാലെണ്ണം വെച്ചൂര്‍ ഇനത്തിലും രണ്ടെണ്ണം കാസര്‍കോഡ് കുള്ളന്‍ ഇനത്തിലും രണ്ടെണ്ണം ഗീര്‍ ഇനത്തിലും ഒന്ന് വെങ്ങാനൂര്‍ ഇനത്തിലും പെടുന്നു. ഇവയുടെ തീറ്റയ്ക്കുവേണ്ടി ഒന്നര ഏക്കറില്‍ ചോളം കൃഷിചെയ്യുന്നു. അപ്പോള്‍ കാലിത്തീറ്റയുടെ കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതില്ല. സുഭിക്ഷമായി ലഭിക്കുന്നു. ചോളപ്പുല്ലില്‍നിന്നും നെല്‍വയലില്‍നിന്നും ധാരാളം വൈക്കോല്‍ ലഭിക്കും. വേനലില്‍ പച്ചപ്പുല്ലിന്റെ ലഭ്യത കുറയുമ്പോള്‍ ചോളത്തില്‍ നിന്നും ലഭിക്കുന്ന വൈക്കോല്‍ വലിയൊരാശ്വാസമാകും.

വിഷുക്കാലത്ത് വിളവെടുക്കാന്‍ ഉദ്ദേശിച്ച് വെള്ളരി, മത്തന്‍, എളവന്‍, വെണ്ട, പയര്‍, പാവക്ക തുടങ്ങിയവയുടെ വിപുലമായ കൃഷിക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിത്തുശേഖരണവും മറ്റും നടക്കുന്നു. ഇത്രയൊക്കെ കൃഷിയിറക്കിയിട്ടും കീടനാശിനിയുടെ ഉപയോഗം തീരെ ഇല്ലാതെതന്നെ കീടങ്ങളെ നിയന്ത്രക്കുന്നത് പ്രഗത്ഭരായ കൃഷി ഉദ്യോഗസ്ഥരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിലമൊരുക്കി കൃഷിയിറക്കുന്നതിനുമുമ്പുതന്നെ കൃഷിചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തിന് ചുറ്റും നല്ല സുഗന്ധം പരത്തുന്ന രാമതുളസി വെച്ചുപിടിപ്പിക്കുകയാണ് രീതി. കൂടാതെ, കൃഷിയിടത്തില്‍ ധാരാളം പൂച്ചെടികളും നട്ടുവളര്‍ത്തുന്നു. വാടാമല്ലി, ചെണ്ടുമല്ലിക, സീനിയ തുടങ്ങിയവയെല്ലാം ബഹുവര്‍ണത്തില്‍ പൂത്തുനില്‍ക്കുന്നു.

തന്റെ കൃഷിരീതി പുതുതലമുറയിലേക്കു പകര്‍ന്നുകൊടുക്കാനും അങ്ങനെ അവരെ സ്വയംപര്യാപ്തമാക്കാനും ഇദ്ദേഹം പരിശ്രമിക്കുന്നു. ശ്രീശങ്കര വിദ്യാമന്ദിരത്തിലെ ആറ്-ഏഴ് ക്ലാസ്സുകളിലെ മുതിര്‍ന്ന കുട്ടികള്‍ക്ക് ഇതിന്റെ പരിശീലനം നല്‍കിവരുന്നു. ഇത് അവര്‍ക്ക് കൃഷിയിലുള്ള താല്‍പര്യം വളര്‍ത്തുവാനുതകുന്നു.

കൊളത്തൂരില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജില്‍ പോകുന്നവരില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമില്‍ ഉള്‍പ്പെട്ട നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ ഒഴിവു ദിവസങ്ങളില്‍ ഇവിടെവന്ന് പരിശീലനം നേടുകയും കൃഷിരീതിയുടെ മര്‍മ്മം സ്വായത്തമാക്കുകയും ചെയ്യുന്നു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വേണ്ട സഹായം ലഭിച്ചാല്‍ ധാരാളം പേര്‍ക്ക് തൊഴില്‍ നല്‍കാനുതകുന്ന തരത്തില്‍ കൃഷി വ്യാപിപ്പിക്കാനും സാധിക്കും.

മാതൃഭാഷ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളും വിദ്യാനന്ദ പുരി സ്വാമി അനായാസേന കൈകാര്യം ചെയ്യും. ഈ വര്‍ഷം നന്മണ്ട ഗ്രാമപഞ്ചായത്ത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നല്‍കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ജീവിതത്തില്‍ വിശ്രമത്തിന് പ്രാധാന്യം കൊടുക്കാതെ സ്വാമിജി പ്രകൃതിയുമായുള്ള സ്‌നേഹബന്ധം കൂടുതല്‍ വിളക്കിച്ചേര്‍ക്കുകയാണിപ്പോള്‍. കൃഷിയിലൂടെ സ്വാശ്രയത്വവും അതിലൂടെ ജീവിതത്തെ നെയ്‌തെടുക്കാനും ഉതകുന്ന തരത്തില്‍ പുതുതലമുറയെ പ്രാപ്തമാക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇനിവരുന്ന തലമുറയ്‌ക്കെങ്കിലും വിഷം കലരാത്ത ശുദ്ധമായ ഭക്ഷണം കഴിക്കാനാവട്ടെ എന്ന ഉദ്ദേശ്യമാണ് ഇദ്ദേഹത്തിനുള്ളത്.