ഇങ്ങനെ ഒരാള്‍ ഇവിടെ ജിവിച്ചു

Saturday 11 November 2017 6:03 pm IST

കഴിഞ്ഞ ആഴ്ചയിലൊരു ദിവസം തൃശ്ശിവപേരൂരില്‍നിന്നും വന്ന ഒരു ഫോണ്‍ സന്ദേശത്തില്‍ നിന്ന് ഗുരുവായൂരിലെ അഡ്വക്കേറ്റ് നിവേദിതയുടെ അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചുവെന്നറിയാനിടയായി. അവിടത്തെ ഒരാസ്പത്രിയിലായിരുന്നത്രേ അന്ത്യം. കൂടുതല്‍ വിവരമൊന്നും അദ്ദേഹത്തിനറിയുമായിരുന്നില്ല. അദ്ദേഹത്തിനറിയേണ്ടിയിരുന്നത് നാനാജി ദേശ്മുഖിന്റെ ആഭിമുഖ്യത്തില്‍ ചിത്രകൂടത്തില്‍ നടന്ന ഗ്രാമവികാസ പ്രവര്‍ത്തനങ്ങളുടെ ചില വശങ്ങളെപ്പറ്റി ആയിരുന്നു. അവ നല്‍കാനുള്ള വിവരങ്ങള്‍ എന്റെ കൈവശവുമില്ലായിരുന്നു. ബാലകൃഷ്ണന്‍ നായരുടെ വിയോഗം എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടംകൂടി ആയിരുന്നു. അറുപതുകൊല്ലം മുന്‍പ് ഗുരുവായൂരില്‍ സംഘപ്രചാരകനായി എത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ട ഏതാനും പേരില്‍ ബാലേട്ടനുണ്ടായിരുന്നു. പടിഞ്ഞാറെ നടയില്‍ ക്ഷേത്രത്തോട് ഏറ്റവും അടുത്തു രണ്ടാമത്തെ ചിത്രവില്‍പ്പനക്കടയായിരുന്നു അദ്ദേഹത്തിന്റെത്. പിന്നീട് അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് നവവധു രാധയുമൊത്ത് ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ ഇരുവരെയും കണ്ടിരുന്നു. രാധാ ബാലകൃഷ്ണന്‍ എന്ന പേരില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക രംഗങ്ങളിലെ മുന്‍നിര നേതൃത്വത്തിലേക്ക് രാധ ഉയര്‍ന്നതിന്റെ പിന്നിലെ കരുത്ത് ബാലേട്ടന്റെതായിരുന്നു. അക്കാലത്ത് ഗുരുവായൂരിന് ഇന്നത്തെ സ്ഥിതിയല്ലായിരുന്നു. നടയ്ക്കല്‍ ഏതുവശത്തുനിന്നുവന്നാലും സംഘ സ്വയംസേവകര്‍ നടത്തുന്ന സ്ഥാപനങ്ങളും അവരുടെ വീടുകളുമുണ്ടായിരുന്നു. അന്നു പടിഞ്ഞാറെ നടയിലായിരുന്നു തിരക്കു കൂടുതല്‍. ബസ്സുകളും മറ്റു വാഹനങ്ങളും കിഴക്കേ നടയിലേക്കു വരുമായിരുന്നില്ല. ചുണ്ടല്‍ വഴി തുറന്നിരുന്നില്ല. ചൊവ്വല്ലൂര്‍ പടിയില്‍ പാലമില്ല, കടത്തായിരുന്നു. പടിഞ്ഞാറെ നടയില്‍ ബാലേട്ടന്റെയും കൃഷ്ണന്‍ നായരുടെയും പടങ്ങള്‍ വില്‍ക്കുന്ന കടകള്‍, രാമസ്വാമിയും വാഞ്ചീശ്വരയ്യരും നടത്തിയ പലചരക്കു കട. മുന്‍പ് പ്രചാരകനായിരുന്ന കെ. ബാലകൃഷ്ണന്‍ നായരുടെ കട, എ.എം. കൃഷ്ണന്‍ കുട്ടിയുടെ കച്ചവടം, കേശുവെന്ന കേശവന്‍ നായരുടെ ജയകൃഷ്ണകേഫ്, രാധാകൃഷ്ണ ഹോട്ടല്‍ ഇങ്ങനെ കടകളേറെ. മണത്തല വിശ്വനാഥക്ഷേത്രോത്സവം സംബന്ധിച്ചുണ്ടായ സംഘര്‍ഷാവസ്ഥയില്‍ കേശുവിന്റെയും വാഞ്ചീശ്വരയ്യരുടെയും നടപടികളാണ് നിര്‍ണായകമായത്. അയ്യര്‍ നല്‍കിയ മൗലികാവകാശ സ്ഥാപന ഹര്‍ജിയിലെ ഹൈക്കോടതി വിധി പ്രശ്‌നത്തിനന്തിമ പരിഹാരമായി. കിഴക്കേനടയിലും മഞ്ജുളാലിനടുത്ത് ഒ.പി. കൃഷ്ണന്‍ കുട്ടി, ഒ.പി. ഗോപാലന്‍ എന്നിവരുടെ ജ്യേഷ്ഠന്‍ നടത്തിയ ചായക്കട മുതല്‍ ക്ഷേത്ര നടയ്ക്കലെ കൃഷ്ണയ്യര്‍ വരെ എത്ര കടകള്‍, വി. കെ. സുകുമാരന്റെ കടയുമുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് രാമന്‍ നമ്പൂതിരിയും കൃഷ്ണന്‍ നമ്പൂതിരിയും ഇന്നത്തെ മുന്നൂലം നീലകണ്ഠന്റെ അച്ഛന്‍ മങ്ങാട്ട് വാസുദേവന്‍ നമ്പൂതിരിയുടെ വസതിയും മേലേടത്ത് മഠവുമൊക്കെയായി ഗുരുവായൂരില്‍ ഒന്നു ചുറ്റിക്കറങ്ങിയാല്‍ ഒരുഡസന്‍ സ്വയംസേവകരെയെങ്കിലും കാണാതെ വരില്ലായിരുന്നു. അതിനു പുറമെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്നവര്‍. ബാലേട്ടനെ കാണാതെയും അവിടെ വരവുവെക്കാതെയും സംഘപ്രവര്‍ത്തകരാരും ഗുരുവായൂര്‍ സന്ദര്‍ശനം പൂര്‍ത്തിയായി കരുതിയിരുന്നില്ല. 1967 ല്‍ കോഴിക്കോട്ടു നടന്ന ജനസംഘം അഖില ഭാരത സമ്മേളനത്തിന്റെ ഭാഗമായും തുടര്‍ന്നും മഹിളാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു ശക്തമാക്കണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അതിന് ഏറ്റവും പറ്റിയ ഒരു കേന്ദ്രം ഗുരുവായൂരാണെന്ന് പരമേശ്വര്‍ജിക്കും മറ്റു പ്രമുഖ പ്രവര്‍ത്തകര്‍ക്കും ഉറപ്പായി. അതിന് പല സ്വയംസേവരുടെയും വീടുകളില്‍നിന്നും സ്ത്രീകളെ മുന്നില്‍വരാന്‍ പ്രേരിപ്പിച്ചു. അക്കൂട്ടത്തില്‍ ബാലേട്ടന്‍ തന്റെ ധര്‍മപത്‌നി രാധയെ സര്‍വാത്മനാ പ്രേരിപ്പിച്ചു. പിന്നീട് ടി.പി. വിനോദിനിയമ്മയും എം. ദേവകിയമ്മയും ഡോ. വിമലയും മറ്റും രംഗത്തുവന്നപ്പോള്‍ രാധാ ബാലകൃഷ്ണന്‍ ഗുരുവായൂരിലെ പ്രവര്‍ത്തനത്തിന്റെ നെടുംതൂണായി. അവര്‍ക്ക് എല്ലാവിധത്തിലുള്ള പ്രോത്സാഹനവും പ്രേരണയും നല്‍കാന്‍ ബാലേട്ടന്‍ തയ്യാറായി എന്നതാണദ്ദേഹത്തിന്റെ മഹത്വം. സാധാരണ ഭര്‍ത്താക്കന്മാരെപ്പോലെ അദ്ദേഹം ഒരിക്കലും അതിന് തടസ്സമുണ്ടാക്കിയില്ല. 1972 ലാണെന്നു തോന്നുന്നു ഗുരുവായൂരില്‍ സംസ്ഥാന മഹിളാ സമ്മേളനം നടന്നതിന്റെ തയ്യാറെടുപ്പുകളില്‍ രാധയ്ക്ക് ഗര്‍ഭക്ലേശം മൂലം പങ്കെടുക്കാനായില്ല. സമ്മേളനത്തിലും അസാന്നിദ്ധ്യം കൊണ്ടാണ് ശ്രദ്ധേയ ആയത്. പിന്നീടത്തെ സംസ്ഥാന സമിതിയില്‍ കൈക്കുഞ്ഞായ നിവേദിതയെയുംകൊണ്ടാണ് രാധയും ബാലേട്ടനുമെത്തിയത്. സംഘവും ജനസംഘവും ബിജെപിയും മാത്രമല്ല രാഷ്ട്രസേവികാസമിതിയാകട്ടെ ഏത് ഹിന്ദുത്വാധിഷ്ഠിത പരിപാടി ഗുരുവായൂരില്‍ നടന്നപ്പോഴും ഇരുവരുടെയും സാന്നിധ്യവും ചുമതലാ നിര്‍വഹണവുമുണ്ടായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ രാഷ്ട്രീയവും മറ്റു തരത്തിലുള്ള അനാശാസ്യ കൈകടത്തലുകളും വര്‍ധിച്ചപ്പോള്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ ക്ഷേത്ര വിമോചന സമരത്തിന്റെയും ഊട്ടുപുരയില്‍ എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും ഭക്ഷണം നല്‍കാനായി കല്ലറ സുകുമാരന്റെ ജാഥയ്ക്ക് വരവേല്‍പു നല്‍കുന്നതിനും അവരിരുവരും മുന്നില്‍നിന്നിരുന്നു. ഗുരുവായൂര്‍ ഭണ്ഡാരത്തിലെ തുക നിര്‍ണയിക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്നവരില്‍ രാധ അംഗമായി നിയമിതയായി. വ്യക്തിപരവും കുടുംബപരവുമായി ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നയാളായിരുന്നു ബാലേട്ടന്‍. അവയേല്‍പ്പിച്ച ദുഃഖത്തെ സമചിത്തതയോടെ നേരിടാന്‍ കഴിഞ്ഞു. ഒരു സാധാരണക്കാരനെ തളര്‍ത്തിക്കളയാന്‍ പോന്ന ആ ദുരന്തങ്ങള്‍ ഇവിടെ വിവരിക്കുന്നില്ല. അരനൂറ്റാണ്ടിലേറെക്കാലം കച്ചവടം നടത്തി വന്ന സ്ഥലം ക്ഷേത്രവികസന സൗകര്യങ്ങള്‍ക്കായി ഒഴിയേണ്ടിവന്നപ്പോള്‍ സമ്പര്‍ക്കാവസരമില്ലാതായി. ജന്മഭൂമിയുടെ തുടക്കക്കാലത്ത് മാതൃകാ പ്രചരണാലയത്തിന് ഓഹരി പിരിക്കുന്നതിനും മറ്റും കൂടെ വന്ന് സഹായിക്കാന്‍ ബാലേട്ടനുണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ സാമ്പത്തിക ദാരിദ്ര്യം കൊണ്ടു നട്ടംതിരിഞ്ഞ് വേതനം നല്‍കാന്‍ നിവൃത്തിയില്ലാതെ വന്ന അവസരങ്ങളില്‍ താല്‍ക്കാലിക സഹായം നല്‍കാന്‍ മടികാണിക്കാത്ത ഒരാള്‍ ബാലേട്ടനായിരുന്നുവെന്ന് മറ്റാരും അറിഞ്ഞിട്ടില്ല. അത്തരം പല വ്യക്തികളും അജ്ഞാതരായി മറ്റിടങ്ങളിലുമുണ്ടായിരുന്നു. ആ തുക തിരിച്ചു നല്‍കാന്‍ കഴിവില്ലാതെ വന്നപ്പോള്‍ ഓഹരിയാക്കി മാറ്റിയാല്‍ മതിയെന്ന് പറയാനും അദ്ദേഹം മഹാമനസ്‌കത കാട്ടി. വ്യക്തിപരമായ ഒരു കടപ്പാടുകൂടി എനിക്കുണ്ടായിരുന്നു. എന്റെ അനുജത്തിയുടെ വിവാഹം കോഴിക്കോട്ടു നടത്താന്‍ നിശ്ചയിച്ചപ്പോള്‍ അതിനു തലേ സന്ധ്യയ്ക്ക് തൊടുപുഴ നിന്ന് പുറപ്പെടേണ്ടിയിരുന്നു. എല്ലാവരും ഗുരുവായൂരെത്തി ദര്‍ശനവും അത്താഴവും കഴിഞ്ഞ് വെളുപ്പിന് കോഴിക്കോട്ടെത്താനായിരുന്നു ഉദ്ദേശ്യം. ഗുരുവായൂരില്‍ ഭക്ഷണത്തിനേര്‍പ്പാടു ചെയ്തത് ബാലേട്ടന്‍ മുഖാന്തിരമാണ്. ഒരു സ്വയംസേവകന്റെ കടയില്‍ അത് വ്യവസ്ഥ ചെയ്തു. ഏര്‍പ്പാടു ചെയ്ത ബസ്സിന് അവിചാരിതമായി വന്ന തകരാര്‍ പരിഹരിക്കാന്‍ താമസമെടുത്തതിനാല്‍ പാതിരാത്രിക്കു മാത്രമേ പുറപ്പെടാനായുള്ളൂ. ഇന്നത്തെപ്പോലത്തെ ഫോണ്‍ സൗകര്യമില്ലാത്തതിനാല്‍ വിവരം ബാലേട്ടനെ അറിയിക്കാന്‍ കഴിഞ്ഞില്ല. എന്റെ കുടുംബാംഗങ്ങളെക്കണ്ട് സല്‍ക്കരിക്കാന്‍ കാത്തിരുന്ന അവര്‍ക്ക് വന്‍ ഇച്ഛാഭംഗമായി. വിവാഹസംഘം ഗുരുവായൂര്‍ പോകാതെ നേരെ കോഴിക്കോട്ടേക്ക് പോയി. ചടങ്ങു മുഹൂര്‍ത്തം തെറ്റാതെ നടന്നു. വിവാഹം കഴിഞ്ഞയുടന്‍ ഗുരുവായൂരിലെത്തി ബാലേട്ടനെയും മറ്റും കണ്ട് വിവരം ധരിപ്പിച്ചു. ക്ഷമ ചോദിച്ച്, തയ്യാറാക്കിയ ഭക്ഷണത്തിന്റെ വില വാങ്ങാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും അവര്‍ തയ്യാറായില്ല. കിശോരാവസ്ഥയില്‍ സംഘപഥത്തില്‍ നടക്കാന്‍ ശീലിച്ച ബാലേട്ടനെ അനുസ്മരിക്കാന്‍ ഈയവസരം ഉപയോഗിക്കുകയാണ്. സേവാസംഗമത്തിനായി ആ പഥം സ്വീകരിച്ച ആയിരങ്ങള്‍ ഗുരുവായൂരില്‍ എത്തുമ്പോള്‍ ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് അറിയാനിടയാകട്ടെ.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.